കല്‍പ്പറ്റ : വയനാട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റില്‍നിന്നു 3,71,424 രൂപ തിരിച്ചുപിടിക്കാന്‍ ഓഡിറ്റ് ശുപാര്‍ശ. ജില്ലാ ബാങ്കിന്റെ 2015-’16ലെ സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകള്‍ ഓഡിറ്റ് ചെയ്ത് കണ്‍കറന്റ് ഓഡിറ്റര്‍ ജനറല്‍ മാനേജര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിലാണിത്. പണയ ഉരുപ്പടികള്‍ ലേലത്തില്‍ വിറ്റയിനത്തില്‍ ബാങ്കിനു കഴിഞ്ഞ സാമ്പത്തികവര്‍ഷം സംഭവിച്ച 5,12,579 രൂപയുടെ നഷ്ടം ബ്രാഞ്ചുകളില്‍നിന്നു ഈടാക്കണമെന്നതാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ മറ്റൊന്ന്. അനുവദിച്ചതിലും കൂടുതല്‍ തസ്തികകള്‍ സൃഷ്ടിച്ചും ഒഴിവുകള്‍ പി.എസ്.സിയെ അറിയിക്കാതെ പ്രമോഷനിലൂടെയും ബ്രാഞ്ച് മാനേജര്‍മാരെ നിയമിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കെ.പി.സി.സി നിര്‍വാഹക സമിതിയംഗവും ഡി.സി.സി മുന്‍ അദ്ധ്യക്ഷനുമാണ് ജില്ലാ ബാങ്ക് പ്രസിഡന്റ് .കണക്ക് കൃത്യമായി സൂക്ഷിക്കാതെയുള്ള കാര്‍ ഉപയോഗം, ടെലഫോണ്‍ അമിതോപയോഗം, ഉദ്ദേശ്യം വ്യക്തമാക്കാതെ നടത്തിയ യാത്രകള്‍ എന്നീ ഇനങ്ങളില്‍ യഥാക്രമം 2,66,462-ഉം 5,968-ഉം 98,994-ഉം രൂപ ഇദ്ദേഹത്തില്‍നിന്നു ഈടാക്കണമെന്നാണ് ഓഡിറ്റ് ശൂപാര്‍ശ. 2015 ജൂലൈ എട്ട്, ഒക്ടോബര്‍ 14, 2016 ജനുവരി 14 തീയതികളിലാണ് പ്രസിഡന്റ് ലക്ഷ്യം വ്യക്തമാക്കാതെ യാത്ര നടത്തി പണം കൈപ്പറ്റിയത്. പ്രസിഡന്റ് ടെലിഫോണ്‍ ചാര്‍ജ് ഇനത്തില്‍ 5,968 രൂപ അധികം കൈപ്പറ്റിയത് സഹകരണ സംഘം രജിസ്ട്രാറുടെ നിര്‍ദേശത്തിനു വിരുദ്ധമായാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്ക് ദിവസവേതന ഇനത്തിലും കരാര്‍ വ്യവസ്ഥയിലും നല്കിയ 57,85,473 രൂപ ഓഡിറ്റില്‍ തടഞ്ഞ് കരുതല്‍ വെച്ചിട്ടുണ്ട്.
ഓഡിറ്റില്‍ കണ്ടെത്തിയ മറ്റു ക്രമക്കേടുകള്‍: പലിശ നല്കി സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ പലിശരഹിത വായ്പയായി കരണി, വൈത്തിരി, കേണിച്ചിറ ഉള്‍പ്പെടെ ബ്രാഞ്ചുകള്‍ക്ക് നല്കി. പരിധിയില്‍ വരാത്ത കാര്യങ്ങളില്‍ എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനങ്ങളെടുക്കുന്നു. നിക്ഷേപങ്ങള്‍ക്ക് അധിക പലിശയും ജീവനക്കാര്‍ക്ക് പലിശരഹിത അഡ്വാന്‍സുകളും നല്കുന്നു. രണ്ട് ലക്ഷം രൂപയില്‍ കൂടുതലുള്ള എസ്.എച്ച്.ജി വായ്പകള്‍ക്കും പ്രാഥമിക സംഘങ്ങള്‍ക്ക് നല്കിയ കാര്‍ഷിക പുനര്‍വായ്പകളിലും 2011-’12 മുതല്‍ അധിക പലിശ ഈടാക്കുന്നു. ബ്രാഞ്ചുകളുടെ ഉപയോഗത്തിനു കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതില്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നില്ല. കംപ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും പരിപാലനച്ചെലവ് ക്രമാതീതമായി വര്‍ധിച്ചു. സ്റ്റേഷനറി സാമഗ്രികള്‍ വാങ്ങുന്നതില്‍ പര്‍ച്ചേസ് റൂള്‍ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നില്ല. നഷ്ടത്തിലുള്ള ബ്രാഞ്ചുകള്‍ ലാഭത്തിലാക്കാനും നിക്ഷേപം വര്‍ധിപ്പിക്കാനും നടപടിയില്ല. പുതിയ ബ്രാഞ്ചുകളില്‍ പലതും നഷ്ടത്തിലാണ്.
അനുവദിച്ചതിലും കൂടുതല്‍ തുക ബ്രാഞ്ചുകളില്‍ നീക്കിയിരിപ്പായി സൂക്ഷിക്കുന്നുണ്ട്. മുന്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ തടഞ്ഞ് വസൂല്‍ ചെയ്യാന്‍ നിര്‍ദേശിച്ച തുകകള്‍ ഈടാക്കാന്‍ നടപടിയില്ല. വയനാട് പാക്കേജ് പ്രകാരം സംയുക്ത ബാധ്യതാസംഘങ്ങള്‍ക്ക് നല്കുന്നതിനു അനുവദിച്ച റിവോള്‍വിംഗ് ഫണ്ട് പൂര്‍ണമായി വിനിയോഗിച്ചില്ല. ഒരേ വ്യക്തികള്‍ക്കുതന്നെ നൂറിലധികം അക്കൗണ്ടുകളിലായി പരിധി ലംഘിച്ച് സ്വര്‍ണപ്പണയ വായ്പ നല്‍കിയിട്ടുണ്ട്. ബ്രാഞ്ചുകളില്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി വായ്പകള്‍ക്ക് ഈടായി ചെക് ലീഫുകള്‍ വാങ്ങുന്നു.
വ്യാപാര്‍ സുലഭ് സുരക്ഷിത വായ്പയല്ലാത്തതിനാലും രജിസ്ട്രാറുടെ അംഗീകാരം വാങ്ങാത്തതിനാലും നിര്‍ത്തലാക്കണമെന്ന ശുപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്. അനുവദിച്ചതിലും അധികം തസ്തികകളില്‍ ജീവനക്കാരെ നിയമിച്ച് ശമ്പളം നല്കിയ വകയില്‍ ചെലവായ തുക ബന്ധപ്പെട്ടവരില്‍നിന്നു ഈടാക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. ജില്ലാ ബാങ്ക് ഭരണം പിടിക്കാന്‍ ഇടതുപക്ഷം കരുക്കള്‍ നീക്കുന്നതിനിടെയാണ് ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തി കണ്‍കറന്റ് ഓഡിറ്ററുടെ റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: