തിരുനെല്ലി : ദുരിതം പേറുന്ന അരണപ്പാറ വെള്ളിക്കോളനിക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ തിരുനെല്ലി ഗ്രാമ പഞ്ചായത്ത് അധികൃ തരുടെ തീരുമാനം. ഇതുസംബന്ധിച്ച് അധികൃതര്‍ നടപടികള്‍ തുടങ്ങി.
കാലങ്ങളായി ഇവിടെ കിടപ്പാടമോ ശൗചാലയങ്ങളോ കുടിവെള്ളമോ പോലും ഇല്ലാതെ കോളനി നിവാസികള്‍ നരകജീവിതം അനുഭവിക്കുന്ന വാര്‍ത്ത ജന്മഭൂമി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തുടര്‍ന്ന് തിരു നെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാദേവി, വൈസ് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന് എന്നിവര്‍ കോളനി സന്ദര്‍ശിക്കുകയും ഉചിതമായ നടപടികള്‍ കൈകൊള്ളുമെന്ന് അറിയിക്കുകയും ചെയ്തു.
നിലവിലെ പ്ലാസ്റ്റിക് കൂരകള്‍ പൊളിച്ചുമാറ്റുകയും ഭവന നിര്‍മ്മാണം പൂര്‍ത്തിയാകുംവരെ താല്‍ക്കാലിക വാസയോഗ്യമായ ഷെഡ് നിര്‍മ്മിക്കുകയും ചെയ്യും. കോളനിയിലെ അഞ്ച് കുടുംബങ്ങള്‍ക്ക് എത്രയും വേഗം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വീടും കക്കൂസും കുടിവെള്ളസൗകര്യങ്ങളും പരിഹരിച്ചുനല്കുമെന്നും പ്രസിഡന്റ് മായാദേവി പറഞ്ഞു. കോളനിയില്‍ വൈദ്യുതി എത്തിക്കാനുള്ള നടപടി തുടങ്ങിയെന്നും അധികൃതര്‍ അറിയിച്ചു.
ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകരായ കൈപ്പഞ്ചേരി പ്രകാശന്, എട്ടേക്കര്‍ പപ്പന് കോളനിയിലെ കുട്ടികള്‍ക്ക് സ്കൂള്‍ ബാഗ് വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: