മുംബൈ: മഹാരാഷ്‌ട്രയിലെ ഉറാന്‍ നാവിക കേന്ദ്രത്തില്‍ ആയുധധാരികളായ സംഘത്തെ കണ്ടതിനെ തുടര്‍ന്ന് മുംബൈയില്‍ സുരക്ഷ കര്‍ശനമാക്കി. സംഘത്തിലെ ഒരാളുടെ രേഖാചിത്രം പുറത്ത് വിട്ടിട്ടുണ്ട്. ഒന്‍പതാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന കുട്ടികളാണ് ആയുധധാരികളെ കണ്ടകാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്ര പുറത്ത് വിട്ടത്.
സംഭവത്തെ തുടര്‍ന്ന് സിആര്‍പിഎഫിനും നേവിക്കും വ്യോമസേനയ്‌ക്കും പുറമെ ഭീകരരെ നേരിടാന്‍ പരിശീലനം ലഭിച്ചിട്ടുള്ള എന്‍ എസ് ജി കമാന്‍ഡര്‍മാരെ മുംബൈയില്‍ വിന്യസിച്ചിട്ടുണ്ട്. മുംബൈയുടെ തീരപ്രദേശങ്ങളിലും സമീപപ്രദേശങ്ങളിലും വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഗേറ്റ് വേ ഓഫ് ഇന്ത്യ, നാവിക വ്യോമ കേന്ദ്രങ്ങള്‍ വിമാത്താവളം റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളെല്ലാം സുരക്ഷാ വലയത്തിലാണ്.
കുട്ടികളോട് മുംബൈ പോലീസ് കമ്മീഷണര്‍ ഹെമന്ദ് നഗ്‌റാലെ കാര്യങ്ങള്‍ വിശദമായി ചോദിച്ചു മനസിലാക്കി. പത്താന്‍ വസ്ത്രമിട്ട് വ്യത്യസ്തമായ ഭാഷ സംസാരിക്കുന്ന രണ്ടുപേരെ കണ്ടതെന്ന് ഒരു കുട്ടി പറഞ്ഞപ്പോള്‍ അഞ്ചു പേരെ കണ്ടെന്നാണ് മറ്റൊരു പെണ്‍കുട്ടി പറഞ്ഞത്. ഒന്‍എജിസി, സ്‌കൂള്‍ എന്ന് ഇവരിലൊരാള്‍ പറഞ്ഞിരുന്നതായും കുട്ടികള്‍ പറഞ്ഞു.
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസും സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നുണ്ട്. ഉറാന്‍ നാവികതാവളത്തിലേക്ക് കടന്നെന്നു സംശയിക്കുന്ന ആക്രമികളെക്കുറിച്ചുള്ള ഒരു വിവരവും ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.
2008ല്‍ മുംബൈ അക്രമിക്കാന്‍ അജ്മല്‍ അമീര്‍ കസബ് ഉള്‍പെടെയുള്ള ഒന്‍പത് ഭീകരര്‍ എത്തിയത് കടല്‍ വഴിയായിരുന്നു. ഗുജറാത്ത് തീരത്തുനിന്നും മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്ത് മുംബൈയിലേക്ക് സംഘം എത്തിയത് തീരസുരക്ഷാസേനയുടെ കണ്ണ് വെട്ടിച്ചായിരുന്നു. അന്ന് രാജ്യത്തിന് നഷ്ടമായത് 166 ജീവനുകള്‍. കടലിനാല്‍ ചുറ്റപ്പെട്ട മുംബൈയുടെ സുരക്ഷാ ദൗത്യം ഏറെ ശ്രമകരമാണ്.
നാവികസേനയും തീരസംരക്ഷണസേനയും സ്ഥിരം പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും 3000ത്തോളം വരുന്ന മത്സ്യബന്ധന ബോട്ടുകളെ ദിവസേനയെന്നോണം പരിശോധിക്കുക പ്രായോഗികമല്ല. ഏറെ തന്ത്രപ്രധാനമാ ഉറന്‍ നാവികകേന്ദ്രത്തിനുസമീപം ആയുധധാരികളായ നാലുപേരെ കണ്ടതായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വിവരം നല്‍കിയ പശ്ചാത്തലത്തില്‍ കടലിലെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: