വെട്ടത്തൂര്‍: പെരിന്തല്‍മണ്ണക്കടുത്ത് വെട്ടത്തൂരില്‍ വീടിനകത്ത് അധ്യാപികയും രണ്ട് മക്കളും മരിച്ച സംഭവത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രന്, സിഐ യൂസഫും സംഗവും പരിശോധന നടത്തി. വെട്ടത്തൂര്‍ കവലയില്‍ തോട്ടമറ്റത്തില്‍ ലിജോയുടെ ഭാര്യയും മേലാറ്റൂര്‍ ആര്‍എം ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപികയുമായ ജിഷമോള്‍(35), മക്കളായ അന്ന ലിജോ(12), ആല്‍ബര്‍ട്ട്(പത്ത്മാസം) എന്നിവരെയാണ് വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടത്. ഉടനെ തന്നെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ ജിഷ മോള് ആശുപത്രിയില്‍ നിന്നാണ് മരിച്ചത്. ആല്‍ബര്‍ട്ടിനെ കഴുത്തില്‍ കയറു പോലുള്ളവ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും മറ്റു രണ്ടുപേരും മണ്ണെണ്ണ ഉപയോഗിച്ചുള്ള തീയിലകപ്പെട്ടാണ് മരിച്ചതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നാലുമാസം മുമ്പാണ് ലിജോയും കുടുംബവും വെട്ടത്തൂര്‍ കവലയിലെ പുതിയ വീട്ടില്‍ താമസമാക്കിയത്. പ്രവാസിയായിരുന്ന ലിജോ ഒരു വര്‍ഷത്തോളമായി നാട്ടിലുണ്ട്. ഞായറാഴ്ചയാകട്ടെ, ജിഷമോളും രണ്ടു മക്കളും ഒരുമുറിയിലും ഭര്‍ത്താവും മകന് അലനും മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്. രാവിലെ നേരത്തെ എണീറ്റ് ലിജോ വീട്ടുജോലിക്കിടെ മക്കളുടെ കരച്ചില് കേട്ടാണ് വിവരമറിയുന്നത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രന്, സിഐ യൂസഫ് എന്നിവരുടെ നേത്യത്വത്തില്‍ സ്ഥലത്ത് പൊലിസ് പരിശോധന നടത്തി. വൈകീട്ട് വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധനാ സംഘവും സ്ഥലത്തെത്തിയിരുന്നു. ജിഷമോള്‍ അഞ്ചുവര്‍ഷമായി ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ അധ്യാപകയാണ്. സഹപ്രവര്‍ത്തകയുടെ മരണമറിഞ്ഞ് ഞെട്ടലിലാണ് സ്കൂള്‍ അധ്യാപകരും. സ്കൂളിന് ഇന്നലെ അവധിയായിരുന്നു. അന്നലിജോ പഠിക്കുന്ന തേലക്കാട് ഗ്രേസ് ഇംഗ്ലീഷ് സ്കൂളിലാണ് അനുജന് അലനും പഠിക്കുന്നത്. കോഴിക്കോട് നിന്നും പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വൈകീട്ടോടെ വീട്ടിലെത്തിയ മ്യതദേഹങ്ങള്‍ കാണാന്‍ രണ്ടു സ്കൂളുകളിലേയും അധ്യാപകരും വിദ്യാര്‍ത്ഥികളും ഗ്രാമവാസികളും ഉള്‍പ്പെടെ വന്‍ജനാവലിയാണ് തടിച്ചുകൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: