മഥുര: തെരഞ്ഞെടുപ്പ് അടുത്തതോടെ സവര്‍ണ പ്രീണനത്തിന്റെ പരകോടിയിലാണ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസുകാര്‍. പ്രത്യേകിച്ച് ക്ഷേത്രനഗരിയായ മഥുരയില്‍. ബ്രാഹ്മണര്‍ കൂടുതലുള്ള മഥുരയില്‍ രാഹുല്‍ ഗാന്ധിയുടെ പേരില്‍ കോണ്‍ഗ്രസ് ചെറിയൊരു മാറ്റം വരുത്തി, പണ്ഡിറ്റ് രാഹുല്‍ ഗാന്ധി.
മഥുരയിലെങ്ങും കാണാം ‘പണ്ഡിറ്റ് രാഹുലി’നെ വാഴ്‌ത്തിയ പോസ്റ്ററുകള്‍. മൃദു ഹിന്ദുത്വ സമീപനത്തില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും ‘പുതിയ നമ്പര്‍’.
അതെന്തേ അങ്ങനെയെന്നു ചോദിച്ചാല്‍ പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമേഷ് പണ്ഡിറ്റിന്റെ മറുപടി ഇതാണ്. ‘രണ്ടു വര്‍ഷം മുന്‍പ് രാഹുല്‍ജി തന്നെ പറഞ്ഞിരുന്നല്ലോ അദ്ദേഹം ബ്രാഹ്മണനാണെന്ന്. മാത്രവുമല്ല പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അദ്ദേഹത്തിന്റെ മുതുമുത്തച്ഛനാണ്. അപ്പോള്‍പ്പിന്നെ പണ്ഡിറ്റ് എന്ന് പേരിനൊപ്പം ചേര്‍ക്കുന്നത് സ്വാഭാവികം.
‘വോട്ട് ജാതിക്ക് വേണ്ട, കോണ്‍ഗ്രസിന് മതി’യെന്ന പഴയ മുദ്രാവാക്യം മാറ്റി ബ്രാഹ്മണ പ്രീണനത്തിന് ഇറങ്ങുകയാണ് പാര്‍ട്ടിയെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. തെരഞ്ഞെടുപ്പു തന്ത്രങ്ങളുടെ ‘ശില്‍പ്പി’ പ്രശാന്ത് കിഷോറിന്റേതാണ് ബുദ്ധിയും പുതിയ തന്ത്രങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: