അന്തിക്കാട്: പെണ്കുരുന്നു മുതല്‍ മദ്ധ്യവയസ്ക വരെയുള്ള ഇടവക വനിതകള്‍ തങ്ങളുടെ അഴകാര്‍ന്ന മുടി കാന്‍സര്‍ രോഗികള്‍ക്ക് പകുത്തു നല്‍കിക്കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പുതിയ ഒരദ്ധ്യായത്തിന് തുടക്കമിട്ടു. മുടിയ്ക്ക് മുററും, നീളവും കൂട്ടുവാനും ,ചന്തം വര്‍ദ്ധിപ്പിക്കുവാനും ഒന്നോ രണ്ടോ ഇഞ്ച് മുടി മുറിച്ചു മാറ്റുന്നതു തന്നെ സ്ത്രീകള്‍ ഏറെ ആശങ്കയോടേയും പ്രാര്‍ത്ഥനയോ ടേയും മാത്രം ചെയ്യുന്ന പ്രക്രിയ ആണെന്നിരിക്കെ, പന്ത്രണ്ട് ഇഞ്ച് (ഒരടി ) നീളത്തില്‍ കേശദാനം നടത്തിയത് പെണ് മനസ്സിന്റെ അനുകമ്പയുടേയും ത്യാഗസന്നദ്ധതയുടേയും ആഴം കൊണ്ട് മാത്രമാണ്.
അരിമ്പൂര്‍ കപ്പല്‍ പള്ളിയിലാണ് അമ്പത് വനിതകള്‍ ഒന്നിച്ച് ഒരേ വേദിയില്‍ മുടി മുറിച്ചു ദാനം ചെയ്യുന്ന അത്യപൂര്‍വ്വ ചരിത്ര സംഭവം അരങ്ങേറിയത്. പത്തു വയസ്സുകാരിയായ റൂത്ത്റോസും അമ്പത്തിമൂന്നുകാരിയായ റോസിലോനപ്പനുമാണ് ആദ്യമായി മുടി പകുത്ത് നല്‍കിയത്. പന്ത്രണ്ട് ഇഞ്ച് നീളത്തില്‍ മുറിച്ചെടുത്ത മുടി, അമല ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടര്‍ ഫാ: ജെയ്സന് മുണ്ടന്‍ മാണി ഏറ്റുവാങ്ങിക്കൊണ്ട്, അരിമ്പൂര്‍ സെന്റ് തെരാസസ് കപ്പല്‍ പള്ളി രജത ജൂബിലി കമ്മിറ്റി സംഘടിപ്പിച്ച ജീവകാരുണ്യ പരിപാടി ഉദ്ഘാടനം ചെയ്തു.
എറവ് സെന്റ് തെരാസസ് കപ്പല്‍ പള്ളിയുടെ രജത ജൂബിലി വര്‍ഷത്തില്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ അരിമ്പൂര്‍ ചാലിശ്ശേരി ഇയ്യുണ്ണിയുടെ മകളും സെന്റ് തെരേസസ് അക്കാദമിയിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുമായ പത്ത് വയസ്സുകാരി റൂത്ത് റോസും അമ്പത്തിമൂന്നുകാരി റോസിലോനപ്പനുമാണ് മുടി പകുത്തു നല്കുവാന് ആദ്യമെത്തിയത്.
കപ്പല്‍ പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അസി.വികാരി ഫാദര്‍ ജിയോ മോന് കല്ലേരി അധ്യക്ഷനായി. പള്ളി വികാരി ഫാ: ഫ്രാങ്കോ കവലക്കാട്ട്, കൈക്കാരന് ജെയ്സണ്‍ കുന്നന് തുടങ്ങിയവര്‍ സംസാരിച്ചു. പെണ്ണഴകിന്റെ പ്രതീകമായ അഴകാര്‍ന്ന കാര്‍കൂന്തല്‍ കാന്‍സര്‍ രോഗികള്‍ക്ക് പകുത്തു നല്കിയ അമ്പത് പേരില്‍ ഏറെയും കൗമാരപ്രായക്കാരും യുവതികളും ആയിരുന്നു. മുറിച്ചെടുത്ത മുടി കൊണ്ട് വിഗ്ഗ് നിര്‍മ്മിച്ച് നിര്‍ദ്ധനരായ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി നല്‍കും. മുടി പകുത്തു നല്കുന്ന വേളയില്‍ പള്ളി അങ്കണം നിറഞ്ഞു നിന്ന വിശ്വാസികളത്രയും പ്രാര്‍ത്ഥനാ നിരതരായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: