കെ.ഉണ്ണികൃഷ്ണന്
ഇരിങ്ങാലക്കുട : മുരിയാട് കായല്‍ മേഖലയിലും ജില്ലയിലെ ഇതര ഭാഗങ്ങളിലും ഒരു കാലത്ത് സമൃദ്ധമായിരുന്ന വിരിപ്പൂ കൃഷി പുനഃ സ്ഥാപിക്കുവാനുള്ള കര്‍ഷകരുടെ ശ്രമങ്ങള്‍ സര്‍ക്കാര്‍ നയം മൂലം തകരുന്നു. വിരിപ്പൂ കൃഷിയുടെ നെല്ല് സംഭരിയ്ക്കാന്‍ നിര്‍വ്വാഹമില്ലെന്ന ഉദ്യോഗസ്ഥരുടെ നിലപാടുമൂലം കര്‍ഷകര്‍ ദുരിതത്തില്‍ ആയിരിക്കുകയാണ്. മുരിയാട് മേഖലയിലെ കോട്ടൂച്ചിറ പാടത്ത് കൊയ്ത്തിന് പാകമായ നെല്ല് എന്തുചെയ്യണമെന്നറിയാത്ത ആശങ്കയിലാണ് കര്‍ഷകര്‍. ഇതുപോലെ പാലക്കാട് ജില്ലയിലും കേരളത്തിലെ വിവിധ പാടശേഖരങ്ങളില്‍ സര്‍ക്കാര്‍ നല്കിയ വാക്ക് പാലിക്കാത്തതിനാല്‍ കോടികണക്കിന് വിലവരുന്ന കൊയ്തെടുത്ത നെല്ല് കെട്ടികിടന്ന് നശിക്കുന്നു. കേരളസര്‍ക്കാരിന്റെ കീഴില്‍ സിവില്‍സപ്ലൈസ് വകുപ്പും കര്‍ഷരും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരമാണ് ലക്ഷകണക്കിന് രൂപ ചിലവിട്ട് കര്‍ഷകര്‍ വിരപ്പൂ കൃഷിയിറക്കിയത്. മഴയെ മാത്രം ആശ്രയിച്ചാണ് കര്‍ഷകര്‍ വിരിപ്പൂ കൃഷിയിറക്കുന്നത്. കോര്പ്പറേഷന് സംഭരണ സംസ്കരണ വിപണന പദ്ധതിപ്രകാരം നെല്ല് കിലോവിന് 21.50 രൂപ പ്രകാരം സംഭരിക്കുമെന്നായിരുന്നു കര്‍ഷകരുമായിട്ടുള്ള കരാര്‍.
ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്കാണ് സര്‍ക്കാര്‍ ഈ സൗകര്യം വാഗ്ദാനം ചെയ്ത് കരാറിലേര്‍പ്പെട്ടത്. എന്നാല്‍ ഓണത്തിനു മുമ്പു നെല്ല് കൊയ്ത് ചാക്കിലാക്കി പാടത്തും വാടകക്ക് സ്വകാര്യവ്യക്തികളുടെ പറമ്പെടുത്തും നെല്ല് ചാക്കിലാക്കി സൂക്ഷിച്ചിരിക്കുകയാണ് കര്‍ഷകര്‍. ഇത്രയും ദിവസമായിട്ടും സിവില്‍സപ്ലൈസ് അധികൃതര്‍ സംഭരണത്തിന്റെ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ കര്‍ഷകര്‍ നേരിട്ട് ഓഫിസില്‍ ചെന്ന് അന്വേഷിച്ചപ്പോഴാണ് ചതി മനസിലായത്. വിരിപ്പൂകൃഷിയുടെ സംഭരണം ഒക്ടോബര്‍ മാസത്തിനുശേഷമേ നടക്കൂവെന്നാണ് സിവില്‍ സപ്ലൈസ് അധികൃതര്‍ പറയുന്നുത്.
ഇത്രയും കാലം നെല്ല് സൂക്ഷിച്ചുവെക്കുവാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍. മഴയും വെയിലും കൊള്ളാതെ ടാര്‍പ്പായ ഷീറ്റിട്ട് മൂടിവെച്ചിരിക്കുകയാണ് ഇപ്പോള്‍. ഇത് അധികകാലം തുടരാന്‍ സാധിക്കില്ലെന്ന് കര്‍ഷകര്‍ പറയുന്നു. നിന്നുപോയ നെല്‍കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍വേണ്ടിയാണ് സര്‍ക്കാര്‍ നെല്ല് കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കുന്നത്. കഴിഞ്ഞവര്‍ഷം നെല്ല് സര്‍ക്കാര്‍ കൃത്യസമയത്തുതന്നെ സംഭരിച്ചിരുന്നു. ഇത് കര്‍ഷകരെ കൂടുതല്‍ സ്ഥലത്ത് കൃഷിചെയ്യാന്‍ പ്രേരിപ്പിച്ചു. ഇത്തവണ നെല്ല് സംഭരിക്കാന്‍ സര്‍ക്കാര്‍ വൈകിപ്പിച്ചതുമൂലം വലിയ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്.
നെല്ല് സൂക്ഷിച്ചിരിക്കുന്ന പറമ്പിന്റെ വാടക, നെല്ലിന് രാത്രി കാവല്‍ കിടക്കേണ്ടിവരുന്നതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, കൃഷിയിറക്കാന്‍ വാങ്ങിയ വായ്പകള്‍ തുടങ്ങീ ഒരുപാട് പ്രശ്നങ്ങള്‍ കര്‍ഷകര്‍ നേരിടുകയാണ്. സര്‍ക്കാരിന്റെ വാക്കുവിശ്വസിച്ച് കൃഷി ചെയ്ത് വിളവെടുത്ത നെല്ല് എന്തു ചെയ്യണമെന്നറിയാതെ സിവില്‍സപ്ലൈസ് ഓഫീസ് കയറിയിറങ്ങുകയാണ് കര്‍ഷകര്‍. സര്‍ക്കാരിന്റെ അനാസ്ഥമൂലം വലിയ ധനനഷ്ടത്തിലും കടകെണിയിലുമായിരിക്കുകയാണ് കര്‍ഷകര്‍. മുരിയാട്, നടവരമ്പ്, പൊറിത്തിശ്ശേരി കോട്ടുപ്പാടം, താണിശേരി തുടങ്ങി തൃശ്ശൂര്‍ ജില്ലയുടെ പാടശേഖരങ്ങളിലാണ് നെല്ല് സര്‍ക്കാരിന്റെ അനാസ്ഥമൂലം നശിച്ചുകൊണ്ടിരിക്കുന്നത്. പാലക്കാട് ജില്ലയിലെ പാടശേഖരങ്ങളിലെ കൊയ്ത്ത് ആരംഭിച്ചുകഴിഞ്ഞു. ഇതിന് എത്രയും വേഗം സര്‍ക്കാര്‍ ഇതിനു പരിഹാരം കണ്ടില്ലെങ്കില്‍ ആയിരകണക്കിന് ടണ്‍ നെല്ല് പാടശേഖരങ്ങളില്‍ കിടന്ന് നശിക്കുമെന്ന് കര്‍ഷകര്‍ ആശങ്കപ്പെടുന്നു. നെല്‍കര്‍ഷകരേയും നെല്‍കൃഷിയേയും പുനസ്ഥാപിച്ച് അരിയുടെ കാര്യത്തില്‍ സ്വയംപര്യാപതയിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി വന്ന പുതിയ സര്‍ക്കാരിന്റെയും കൃഷിമന്ത്രിയുടെയും ഇടപെടലുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നെല്‍കര്‍ഷകര്‍. അനുകൂല നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ സമര പരിപാടികളിലേക്ക് നീങ്ങുവാന്‍ കര്‍ഷകമുന്നേറ്റം ജില്ലാ സമിതിയോഗം നിശ്ചയിച്ചു. മുഖ്യ സംഘാടകന്‍ തൊടുപറമ്പില്‍ വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പി.സി.ആന്റണി, കെ.എ.കുഞ്ഞന്‍, പി.സി.കൃഷ്ണന്‍കുട്ടി, ഷാജു താഴേക്കാടന്‍, നാരായണി വേലായുധന്, അമ്മിണി കുഞ്ഞന്‍, കെ.ശാന്ത തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജില്ലയിലെ വിവിധ പാടശേഖരങ്ങളില്‍ വിരിപ്പു കൃഷി ചെയ്ത് കൊയ്തെടുത്ത നെല്ല് സിവില്‍ സപ്ലൈസ് കോര്പ്പറേഷന് എത്രയും വേഗം സംഭരിച്ച് കര്‍ഷകരെ വന്‍കടകെണിയില്‍ നിന്ന് രക്ഷിക്കണമെന്ന് കര്‍ഷകമോര്‍ച്ച ജില്ല കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കര്‍ഷകരുടെ നെല്ല് ഉടന്‍ സംഭരിക്കണമെന്ന് കൃഷിമന്ത്രിയോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും കര്‍ഷകമോര്‍ച്ച ആവശ്യപ്പെട്ടു. മുരിയാട് കായല്‍ മേഖലയില്‍ മാത്രം ആദ്യ കാലങ്ങളില്‍ 2000 ഏക്കറോളം വിരിപ്പൂ നിലങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ ഭൂരിഭാഗവും സ്വന്തമാക്കി തരിശിട്ടിരിക്കുന്ന ഭൂമാഫിയയും കളിമണ്‍ ഖനന മാഫിയയും ഇവിടെ യാതൊരു കാരണവശാലും കൃഷി തിരികെ വരാതിരിയ്ക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഉദ്യോഗസ്ഥവൃന്ദം ഒത്താശ ചെയ്തുകൊടുക്കുകയാണ്. ഇത്തരം പ്രവണതകള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ലപ്രസിഡണ്ട് സുനില്‍.ജി.മാക്കന്, യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.ആര്.അജിഘോഷ്, ജില്ല കമ്മിറ്റി അംഗം ഷാജുട്ടന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: