കല്‍പ്പറ്റ : പട്ടികവര്‍ഗ്ഗ വകുപ്പ് ഓണത്തിന് ശമ്പളം നിഷേധിച്ചതിനാല്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കറായ ആദിവാസി യുവാവ് നാടു വിട്ടതായി പിതാവിന്റെ പരാതി. പഴയ വൈത്തിരി ചേരിക്കുന്ന് അനുരഞ്ജിത്തിന്റെ പിതാവ് ബാലകൃഷ്ണനാണ് ഇത് സംബന്ധിച്ച് വൈത്തിരി പോലിസില്‍ പരാതി നല്‍കിയത്.
പഴയ വൈത്തിരി ചേരിക്കുന്ന് അനുരഞ്ജിത് മൂന്നു വര്‍ഷമായി കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്യുകയാണ്. എംഎസ്ഡബ്ല്യു ബിരുദാനന്തര ബിരുദധാരിയായ അനുരഞ്ജിത് നേരത്തെ തിരുനെല്ലി പഞ്ചായത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ഈ വര്‍ഷമാണ് വൈത്തിരിയിലെത്തിയത്.
പട്ടികവര്‍ഗ്ഗ വകുപ്പ് അധികൃതര്‍ യാതൊരു കാരണവും കൂടാതെ ഇയാള്‍ക്ക് ശമ്പളം നിഷേധിച്ചുവെന്നാണ് പിതാവ് വൈത്തിരി പോലിസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. ഇതില്‍ മനോവിഷമത്തിലായിരുന്ന അനുരഞ്ജിത് നാടു വിട്ടുവെന്നും പരാതിയില്‍ പറയുന്നു.
വീടുപണി നടക്കുന്നതിനാല്‍ ഓണത്തിന് തിരിച്ചുനല്‍കാമെന്ന വ്യവസ്ഥയില്‍ പലരില്‍ നിന്നുമായി പണം കടം വാങ്ങിയിരുന്നു. ശമ്പളം ലഭിക്കാതായതോടെ പണം തിരിച്ചു നല്‍കാനും കഴിഞ്ഞില്ല.
പട്ടികവര്‍ഗ്ഗ മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കുമെന്നും പിതാവ് പറഞ്ഞു. അതിനിടെ, മകന് ശമ്പളം നിഷേധിച്ചത് വാര്‍ഡ് മെംബറുടെ നേതൃത്വത്തില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസിലെത്തി ചോദ്യം ചെയ്തപ്പോള്‍ തങ്ങളുടെ പേരില്‍ വനിതാജീവനക്കാരെ ഉപയോഗിച്ച് വ്യാജകേസുകള്‍ നല്‍കിയതായും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍ എന്ന രീതിയില്‍ ചെയ്ത് തീര്‍ക്കേണ്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ അനുരജ്ഞിത് പരാജയമായിരുന്നുവെന്നും അവലോകനയോഗങ്ങളില്‍ പോലും പങ്കെടുക്കാറില്ലെന്നും ഇക്കാരണത്താലാണ് ശമ്പളം നിഷേധിക്കപ്പെട്ടതെന്ന് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ പി.എസ.് ശ്രീനാഥ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: