ഇടുക്കി: സ്റ്റേഷനില്‍ പരാതിയുമായെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ എസ്‌ഐക്കെതിരെ നടപടി. കരിമണ്ണൂര്‍ എസ്.ഐ സുബ്രഹ്മണ്യനെതിരെയാണ് ജില്ലാ പോലീസ് ചീഫ് നടപടിയെടുത്തിരിക്കുന്നത്.
ക്രിമിനല്‍ കേസില്‍ പ്രതിയായ എസ്.ഐ സുബ്രഹ്മണന്യനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. തന്റെ പണം മറ്റൊരാള്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ടുള്ള പരാതിയുമായാണ് വിധവയായ അദ്ധ്യാപിക ശാന്തന്‍പാറില്‍ സുബ്രഹ്മണന്യന്‍ എസ്.ഐആയിരിക്കെ സ്റ്റേഷനിലെത്തിയത്.
പരാതി സ്വീകരിച്ച എസ്‌ഐ ഇവരോട് താമസസ്ഥലത്തേക്ക് ചെല്ലണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭയന്ന് പോയ പരാതിക്കാരി വീട്ടിലേക്ക് മടങ്ങിയെങ്കിലും എസ്‌ഐ നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ ജില്ലാ പോലീസ് മേധാവിക്ക് രേഖാമൂലം പരാതി നല്‍കുകയായിരുന്നു. കേരള പോലീസ് ആക്ട് 120 പ്രകാരവും അപമാനിക്കാന്‍ ശ്രമിച്ചതിന് 354 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. എസ്.ഐ ജാമ്യത്തിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. തൊടുപുഴയില്‍ എസ്.ഐ ആയിരിക്കെ ബിഎംഎസ് നേതാവിനെ ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ പരാതി നിലനില്‍ക്കുകയാണ്.
















