കൊടുങ്ങല്ലൂര്‍: ക്രാഫ്റ്റ് ആശുപത്രിയില്‍ ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധന സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ക്രാഫ്റ്റ് എംഡി ഡോ.മുഹമ്മദ് അഷറഫ് ഉള്‍പ്പെടെ പത്തുഡോക്ടര്മാര് കുറ്റക്കാരാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസില്‍ ഇവര്‍ പ്രതികളാവുമെന്നാണ് സൂചന. കുറ്റങ്ങള്‍ തെളിയിക്കപ്പെടുകയാണെങ്കില്‍ മൂന്നുവര്‍ഷംവരെ തടവുശിക്ഷ ലഭിച്ചേക്കും.
ഗര്‍ഭസ്ഥശിശുക്കളെ സ്കാന്‍ ചെയ്യുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതാണ് ആശുപത്രിഅധികൃതര്ക്കെതിരായ പ്രധാന ആരോപണം. പരിശോധനയെ തുടര്‍ന്ന് ഒന്നരക്കോടി വിലമതിക്കുന്ന ആറ് സ്കാനിങ്ങ് യന്ത്രങ്ങള്‍ അധികൃതര്‍ സീല്‍ ചെയ്തിരുന്നു. പിടിച്ചെടുത്ത രേഖകള്‍ ഏതാനും ദിവസങ്ങള്‍ക്കകം പരിശോധിച്ചു കഴിയുമെന്നാണ് സൂചന. വന്ധ്യത ചികിത്സയുടെ പേരില്‍ ലക്ഷങ്ങള്‍ ഫീസീടാക്കിയിരുന്ന ഈ ആശുപത്രിയെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
ഗര്‍ഭിണികളെ സ്കാനിംഗിനു വിധേയമാക്കുന്നതിന് ലഭിച്ചിട്ടുള്ള ലൈസന്‍സ് റദ്ദാക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പരിശോധനയെതുടര്ന്നുള്ള അന്തിമ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം കൊടുങ്ങല്ലൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: