ഒരു ദേശത്തിന്റെ സംസ്കാരം നിര്‍ണയിക്കുന്നത് അതിലധിവസിക്കുന്ന ജനതയുടെ ചിന്തയെ ആശ്രയിച്ചാണ്. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഭാരതീയ സംസ്കാരത്തിന് ഈടും പാവും നെയ്ത് അന്നത്തെ ജനതയുടെ കലര്‍പ്പില്ലാത്ത ഭക്തിവിശ്വാസങ്ങളും വിദ്യാസമ്പന്നതയും വേദപാരമ്പര്യവുമായിരുന്നു. ഇന്നത്തെ ഇന്ത്യയും അന്നത്തെ ഭാരതവും തമ്മിലുള്ള പ്രധാനവ്യത്യാസമാണിത്.
ഇന്നിപ്പോള്‍ ദേശീയത എന്നത് അനാദരിക്കപ്പെടേണ്ട ഒന്നാണെന്ന ധാരണയാണ്. ഭാരതീയവും കേരളീയവുമായ എന്തിനേയും കടന്നാക്രമിച്ചും അവഹേളിച്ചും ചിന്താസരണികളെ വഴിതിരിച്ചുവിട്ടും ഇവിടെ വൈദേശിക ചിന്താപദ്ധതി നടപ്പാക്കാനുള്ള ഇടതുബുദ്ധി ജീവികളുടെ പ്രവര്‍ത്തനം മലയാളി ഏറെക്കാലമായി അനുഭവിക്കുന്ന സാംസ്കാരിക ദുരിതമാണ്.
ഇതിനിടയിലും ഒറ്റത്തിരിനാളം പോലെ ‘തെളിഞ്ഞുകത്തലുകള്’ ഉണ്ടാകുന്നത് ആഹ്ലാദകരമാണ്. ഒറ്റത്തിരി പല പല തിരികളായി മാറുവാന്‍ അധികം സമയമെടുക്കില്ല എന്നതിന്റെ സൂചനയാണ് പ്രൊഫ.കെ.വി. ശശിധരന്റെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍ എന്ന പുസ്തകം. തപസ്യകലാ സാഹിത്യവേദിയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രകാശനം ചെയ്ത ഈ പുസ്തകം വെറുമൊരു വായനയല്ല ആവശ്യപ്പെടുന്നത്. മറിച്ച് ഭൂത-വര്‍ത്തമാന-ഭാവികളെ ഇഴപിരിച്ച് പരിശോധിക്കാനും കൊള്ളേണ്ടതിനെ കൊള്ളാനും തള്ളേണ്ടതിനെ തള്ളാനുമുള്ള ഉള്‍ക്കരുത്ത് നല്‍കുകയാണ് ലേഖകന്‍. തപസ്യയുടെ മുഖപത്രമായ വാര്‍ത്തികത്തില്‍ രണ്ടര ദശാബ്ദത്തിലേറെയായി പ്രസിദ്ധീകരിക്കപ്പെട്ട മുഖപ്രസംഗങ്ങളുടെ സമാഹാരമാണ് കുരുക്ഷേത്ര ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം.
ആക്ഷേപഹാസ്യം നുരയിടുന്ന ലേഖനം മുതല്‍ തീക്ഷ്ണമായ ജീവിത യാഥാര്‍ത്ഥ്യം നിഴലിക്കുന്ന, കയ്ക്കുന്ന സത്യങ്ങളെ വിളിച്ചുപറയുക വഴി ലേഖകന്‍ സത്യംവദ, ധര്‍മം ചര എന്ന സത്യവാക്ക് അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിച്ചിരിക്കുകയാണ്. അത്യഗാധമായ ജീവിതസാഹചര്യങ്ങളെ വെള്ളക്കടലാസില്‍ അക്ഷരങ്ങളില്‍ വരച്ചുകാട്ടുമ്പോള്‍ വാക്കിന്റെ പ്രഹരശേഷി വെളിപ്പെടുകയും സമകാലിക സാഹചര്യങ്ങളില്‍ ദിശാബോധമേകുകയാണ്.
കാല്‍പ്പനിക ഭംഗിയല്ല പുസ്തകത്തിന്റെ മുഖമുദ്ര. മനുഷ്യന് മനുഷ്യനെ തിരിച്ചറിയുന്ന, വ്യക്തി, സമൂഹത്തെ തിരിച്ചറിയുന്ന സമ്മോഹനകാലമാണ് ഇതിന്റെ ലക്ഷ്യം.
കുരുക്ഷേത്ര
ബുക്സ്, കൊച്ചി
വില 180, പേജ്.232
പ്രതികരിക്കാൻ ഇവിടെ എഴുതുക: