ക്ഷേത്രങ്ങളോടനുബന്ധിച്ചും അല്ലാതെയും ധാരാളം നാരായണീയ സമിതികള്‍ നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അംഗങ്ങള്‍ മിക്കവരും മധ്യവയസ്സ് പിന്നിട്ട അമ്മമാരാവും. അവര്‍ വീടുകളിലും ക്ഷേത്രങ്ങളിലും സപ്താഹ മധ്യത്തിലുമെല്ലാം മത്സരബുദ്ധിയോടെ നാരായണീയ പാരായണം നടത്തുന്നതു കാണാം. ഭട്ടതിരിയുടെ പുണ്യം!
നല്ലതുതന്നെ. പക്ഷേ, മേല്‍പ്പത്തൂര്‍ ഭട്ടതിരിയുടെ കാലത്തു ജീവിച്ച മറ്റൊരു സാധു ബ്രാഹ്മണന് ഭക്തിയോടെ ഒരു ചെറുഗ്രന്ഥം ഭഗവാനു നിവേദിച്ചിരുന്നു. ‘പൂന്താനം’ എന്നാണ് ആ ഭക്തന് അറിയപ്പെടുന്നത്; ഗ്രന്ഥം ‘ജ്ഞാനപ്പാന’. എന്നാല്‍ നാരായണീയത്തിനു നല്കുന്ന ആദരം ജ്ഞാനപ്പാനയ്ക്ക് നല്കിക്കാണുന്നില്ല. എന്തുകൊണ്ടാണത്?
‘ജ്ഞാനപ്പാന’ മലയാളത്തില്‍ ആയതുകൊണ്ടാണോ? കടിച്ചാല്‍ പൊട്ടാത്ത സംസ്കൃത ശ്ലോകം ചൊല്ലിക്കേട്ടാലേ ഭഗവാനു തൃപ്തിയാകൂ എന്നതുകൊണ്ടാണോ? അതോ, അന്ന് ഭട്ടതിരി, പൂന്താനത്തോട് കാണിച്ച അവജ്ഞ, ഇന്നത്തെ ഗുരുവായൂരപ്പ ഭക്തരും കാണിക്കുകയാണോ? അറിയില്ല.
ഭഗവാന് തന്നെ അന്ന് ഭട്ടതിരിയുടെ അഹങ്കാരവും അവജ്ഞയും ഇല്ലാതാക്കി എന്നാണല്ലോ കഥ! വിനയവും ലാളിത്യവും നിറഞ്ഞ പൂന്താനത്തിന്റെ ഭക്തിയാണ് തനിക്ക് പ്രിയംകരം എന്ന് അരുളപ്പാടും ഉണ്ടായില്ലേ? രണ്ടുപേരെയും ഭഗവാന് ഒരുപോലെകണ്ട് അനുഗ്രഹിക്കുകയും ചെയ്തു. എങ്കില്‍ ഇന്നത്തെ ഭക്തന്മാരും അങ്ങനെ ചെയ്യുന്നതല്ലേ ഉചിതം? അതുകൊണ്ട് നാരായണീയ വായനയുടെ സമാപനത്തിലെങ്കിലും ജ്ഞാനപ്പാനയും ഭക്തിപൂര്‍വം വായിക്കുന്നതാവും ഭഗവാന് കൂടുതല്‍ ഇഷ്ടം.
വിഭക്തിനോക്കിയും നിര്‍ത്തേണ്ടിടത്തു നിര്‍ത്തിയും, പദം മുറിച്ചും അര്‍ത്ഥമറിഞ്ഞും ഒന്നുമല്ല പലരും നാരായണീയം വായിക്കുന്നത്. എങ്കിലും വായനയുടെ പുണ്യം അവര്‍ക്ക് ഉണ്ടാകാതിരിക്കില്ല എന്നു കരുതാം. ഭഗവാന്റെ അവതാരമഹിമകളാണല്ലോ അതില്‍ നിറയെ!
ആയിരം ശ്ലോകങ്ങള്‍ അങ്ങനെ ചൊല്ലാമെങ്കില്‍, 366 വരി മാത്രമുള്ള ‘ജ്ഞാനപ്പാന’ കൂടി, ഒരു സമാപന സമര്‍പ്പണമെന്ന നിലയില്‍ ചൊല്ലാന്‍ എന്താണ് വിഷമം? ആ വരികള്‍ വായിക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും മനസ്സിലാകുന്നവിധം ലളിതമാണ്; ആത്മശുദ്ധീകരണം നല്കുന്നതുമാണ്. പല വരികളും ആവര്‍ത്തിച്ചു വായിക്കുമ്പോള്‍ നമ്മുടെ സന്താപങ്ങള്‍ അകലുകയും സ്വഭാവഗുണം വര്‍ധിക്കുകയും ചെയ്യുമെന്നതാണ് സത്യം.
”ഇന്നലെയോളമെന്തെന്നറിഞ്ഞീല….” എന്നുതുടങ്ങുന്ന ആദ്യത്തെ പത്തുവരികള്‍ മാത്രം മതി ഒരാളെ സകല പാപകര്മങ്ങളില്നിന്ന പിന്തിരിപ്പിക്കാന്. ”സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ച്”, ”അര്ത്ഥമെത്രെ വളരെയുണ്ടായാലും”, ”ചത്തുപോകുന്നു പാവം, ശിവ ശിവ!”, ”ഒത്തിടാ കൊണ്ടുപോകാനൊരുത്തര്‍ക്കും”, ”മത്സരിക്കുന്നതെന്തിനു നാം വ്യഥാ?”, ”ഈശ്വരന്റെ വിലാസങ്ങളിങ്ങനെ …..” എന്നിങ്ങനെ ഹൃദയസ്പര്‍ശിയായ എത്രയെത്ര വരികളാണ് ജ്ഞാനപ്പാനയിലുള്ളതെന്നോ!
പണ്ടുപുസ്തകങ്ങളിലൂടെ കുട്ടികളുടെ മനസ്സില്‍ ഇത്തരം ജ്ഞാനമുത്തുകള്‍ നിക്ഷേപിക്കപ്പെട്ടിരുന്നു; അവരില്‍ ജീവിതാവബോധം വളര്‍ത്തിയിരുന്നു. ഇന്ന് അത്തരം മൂല്യാധിഷ്ഠിതമായ പാഠ്യപദ്ധതിയല്ല ഉള്ളത്. തന്മൂലം സമൂഹം വളരെ കാലുഷ്യമുള്ളതായി മാറിയിരിക്കുന്നു. ആ മാറ്റം പരമാവധി തടഞ്ഞേ പറ്റൂ. അറിവും കഴിവുമുള്ളവര്‍ അതിനു ശ്രദ്ധിച്ചേ പറ്റൂ.
അതെ. അതിനുവേണ്ടിയാണ് നാരായണീയ യജ്ഞങ്ങളില്‍ ജ്ഞാനപ്പാനയ്ക്കും മുഖ്യമായ ഒരു സ്ഥാനം നല്‍കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ഭാഗവതാദി മറ്റ് സപ്താഹങ്ങളിലും അങ്ങനെ ചെയ്യാവുന്നതാണ്. വ്യക്തികള്‍ക്കും സമൂഹത്തിനും അത് ശ്രേയസ്കരമായി ഭവിക്കും. തീര്‍ച്ച.
”എന്തിനിത്ര പറഞ്ഞു വിശേഷിച്ചും
ചിന്തിച്ചീടുവിനാവോളമേവരും”
പ്രതികരിക്കാൻ ഇവിടെ എഴുതുക: