നാളെ അധ്യാപകദിനം. ഗുരുഭൂതന്മാരെ പ്രണമിക്കാനും അവര്‍ കാണിച്ചുതന്ന വഴിയിലൂടെ നടക്കാനും പ്രാപ്തമായതിന് അവര്‍ക്ക് മനസ്സുകൊണ്ടൊരു ദക്ഷിണ നല്കാന് കഴിയുന്നദിനം. ഇത്തവണത്തെ ആ ദിനത്തിന് പ്രത്യേകതകള്‍ ഏറെ. കേരളരാജ്യത്തെ ശരിയായ പാതയിലൂടെ നടത്തിക്കാന്‍ ആളും അര്‍ത്ഥവുമായി ഒരു സംഘം തയ്യാറെടുത്തു കഴിഞ്ഞിരിക്കുകയാണല്ലോ. അതിന്റെ രീതികളും വിന്യാസങ്ങളും എങ്ങനെയൊക്കെ ആയിരിക്കണമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളൊക്കെ കഴിഞ്ഞു. ചീഫ് സെക്രട്ടറി ഇണ്ടാസും ഇറക്കി. അതിനൂതനമായ തരത്തില്‍ ആഘോഷിക്കുന്ന അധ്യാപകദിനത്തില്‍ എന്തൊക്കെയുണ്ടാവുമെന്നതിനെക്കുറിച്ച് വലിയ നിശ്ചയമൊന്നുമില്ല. വിദ്യാഭ്യാസം ഓരോ ഭരണകാലത്തും ഓരോ തരത്തിലുള്ള അഭ്യാസമാവുന്നത് നാമെത്ര കാലമായി കണ്ടുകൊണ്ടിരിക്കുന്നു. അതിന്റെ അകത്തളത്തിലും പുറത്തളത്തിലും ഇല്ലാത്തത് വിദ്യയാണെന്നു മാത്രം. പിന്നെ വീണതത്രയും വിദ്യയാക്കുന്ന അഭ്യാസം അറിയാവുന്നതിനാല്‍ വലിയ പ്രശ്നമൊന്നും ഉണ്ടാവുന്നില്ല. അല്ലെങ്കിലും വിദ്യകൊണ്ടൊന്നുമല്ലല്ലോ വിദ്യയെ നിയന്ത്രിക്കുന്ന അവസ്ഥ സംജാതമാവുന്നത്.
മന്ത്രിമാര്‍ക്ക് എന്താണ് പണിയെന്ന് അറിഞ്ഞുകൂടാത്തത് അവര്‍ക്ക് മാത്രമാണ്. നേരെ ചൊവ്വെ കാര്യങ്ങള്‍ നടന്നുപോകുന്നത് മന്ത്രിമാരുടെ കഴിവുകൊണ്ടൊന്നും അല്ല. സമയാസമയത്ത് പള്ളിക്കൂടങ്ങളിലും മറ്റും പോയി നാലക്ഷരം പഠിച്ചവര്‍ ഭരണയന്ത്രത്തിന്റെ വിവിധ തലങ്ങളില്‍ ഉള്ളതുകൊണ്ടാണ്. ചിലപ്പോള്‍ ഇവരെ നിയന്ത്രിക്കാന്‍ മന്ത്രിമാര്‍ക്കാവാത്തതിനാല്‍ വിവാദങ്ങള്‍ ഉണ്ടാകാറുണ്ട്. നമ്മുടെ ശശീന്ദ്രന് മന്ത്രി ഇടക്കാലത്ത് പുലിവാല് പിടിച്ചത് ഓര്‍മ്മയില്ലേ? ഇനി ആരൊക്കെ മേപ്പടി വാല് പിടിക്കാന്‍ പോവുന്നു എന്നറിയില്ല. ഏതായാലും നമ്മള് പറഞ്ഞുവന്നത് അധ്യാപകദിനത്തെക്കുറിച്ചാണല്ലോ. ഇത്തവണ കുറെ സ്കൂളിലെങ്കിലും വ്യത്യസ്തരായ അധ്യാപകരെ അഭിമുഖീകരിക്കാനുള്ള (തിരിച്ചാണോ എന്ന സംശയം തല്ക്കാലം അവിടെ നില്ക്കട്ടെ) അവസരം കുട്ടികള്‍ക്ക് തരപ്പെടുകയാണ്. എല്ലാം ശരിയാക്കാനുള്ള ക്വട്ടേഷന്‍ ഫോറത്തില്‍ ഒപ്പിട്ടുകൊടുത്ത മഹാന് ഉള്‍പ്പെടെയുള്ളവര്‍ സ്കൂളുകളില്‍ എത്തി പഠിപ്പിക്കമത്രെ! അധ്യാപകദിനത്തിലാണ് അത്തരമൊരു പഠനം നടക്കുക.
ഒരു കാര്യത്തില്‍ കുട്ടികള്‍ക്ക് അഭിമാനിക്കാന്‍ വകയുണ്ട്. അനുഭവപാഠത്തിന്റെ തീക്ഷ്ണമായ ആവേശം നിറഞ്ഞതായിരിക്കും അവരുടെ ക്ലാസുകള്‍. എങ്ങനെയൊക്കെയാണ് ഓരോ സംഗതിയും ചെയ്യേണ്ടതെന്നും അതിന് എന്തൊക്കെ വകകളാണ് കരുതേണ്ടതെന്നും വിവരിച്ചു തരും. അതായത് പണംകൊടുത്തുപോലും പഠിക്കാന്‍ കഴിയാത്ത വിഷയവൈപുല്യമാവും ഉണ്ടാവുക. ഉദാഹരണത്തിന്, ക്ലാസ് മുറിയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഗുരുനാഥനെ എങ്ങനെയാണ് തുണ്ടം തുണ്ടമാക്കുക, ഗുരുനാഥന്റെ വീട് എങ്ങനെയാണ് കുളംതോണ്ടുക, സമൂഹത്തില്‍ അദ്ദേഹത്തെ എങ്ങനെയാണ് ഒറ്റപ്പെടുത്തുക, എത്ര ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിയാലാണ് അധ്യാപകന് ക്ലാസ് എടുക്കാതിരിക്കാനാവുക. ഇങ്ങനെ പരശ്ശതം പാഠങ്ങളാവും അന്നേ ദിനത്തില്‍ ക്ലാസുകളില്‍ വിവരിക്കുക. ആ വിശദീകരണത്തില്‍ നിന്ന് ലഭിക്കുന്ന അറിവുകള്‍ അടുത്ത തലമുറയ്ക്ക് വെളിച്ചമാവുമെന്നതില്‍ തര്‍ക്കമൊന്നുമില്ല.
ഇനി സിഡി ഉള്‍പ്പെടെയുള്ള സഹായസാമഗ്രികളുടെ പിന്‍ബലത്തോടെയാണെങ്കില്‍ കഥയെന്തിന് കൂടുതല്‍ പറയേണ്ടൂ എന്ന സ്ഥിതിയിലേക്കെത്തും. ഒരധ്യാപകനും വിവരിച്ചു കൊടുക്കാന്‍ കഴിയാത്തത്ര തന്മയത്വത്തോടെ വിശദീകരിക്കാന്‍ പാകത്തിലുള്ള ഒരു പാഠം മൊകേരി സ്കൂളില്‍ നിന്നുതന്നെ എടുത്തുകാണിക്കാമല്ലോ. ഗുണനപട്ടികയെക്കുറിച്ച് ശിഷ്യര്‍ക്ക് അതിമനോഹരമായി പറഞ്ഞുകൊടുക്കുന്നതിനിടയിലല്ലേ ജയകൃഷ്ണന് എന്ന അധ്യാപകന് തുണ്ടം തുണ്ടമായി വെട്ടേറ്റു വീണത്. അന്ന് ചിതറിത്തെറിച്ച ചോരത്തുള്ളികളുടെ ദയനീയമുഖം ഇന്നും ചില ശിഷ്യരുടെ ഹൃദയത്തില്‍ പതിഞ്ഞുകിടപ്പുണ്ടല്ലോ. ഇത്രയും നല്ല രീതിയിലുള്ള ഒരു പാഠം വിശദീകരിച്ചുകൊടുക്കാന്‍ സാധിക്കുന്ന മന്ത്രിമാര്‍ അധ്യാപകദിനവേളയില്‍ ക്ലാസ് എടുക്കാന്‍ സ്കൂളില്‍ എത്തുമ്പോള്‍ വാസ്തവത്തില്‍ ചരിത്രം മാറുകയല്ലേ.
വാടിക്കല്‍ രാമകൃഷ്ണന് എന്ന തൊഴിലാളിയെ ഇരുട്ടില്‍ വെട്ടിക്കൊന്ന പ്രതിയടക്കമുള്ളവര്‍ ക്ലാസ് എടുത്തു കഴിയുന്നതോടെ നമ്മുടെ അടുത്ത തലമുറയില്‍ എന്തെന്തൊക്കെ മാനവികതാസങ്കല്‍പ്പങ്ങളാവും പൂത്തുലയുക. നമ്മുടെ കണാരേട്ടന് ചോദിക്കുന്നത് ഇങ്ങനെയാണ്. എന്തിനാണ് അധ്യാപകദിനത്തില്‍ മാത്രമായി മന്ത്രിമാരുടെ പഠിപ്പിക്കല്‍ പരിമിതപ്പെടുത്തണം. എന്തിനെക്കുറിച്ചു പറയാനും വിവരിക്കാനും കഴിയുന്ന മന്ത്രിമാര്‍ക്ക് എന്തുകൊണ്ട് ഇടയ്ക്കിടെ ഇങ്ങനെ ക്ലാസുകള്‍ എടുത്തുകൂടാ? ചുരുങ്ങിയത് മാസത്തില്‍ അഞ്ച് ക്ലാസെങ്കിലും ആവാമല്ലോ. അക്കാദമിക അറിവുകളേക്കാള്‍ മഹത്തായ അറിവുകളല്ലേ അനുഭവപാഠശാലകളില്‍ നിന്നു ലഭിക്കുക. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമല്ലേ ക്ലാസ് മുറിയിലെ ഗുരുനാഥവധം. അത് ടിപി വഴി അസ്ലമില്‍ ചെന്നെത്തി നില്ക്കുമ്പോള് പാഠങ്ങള്‍ക്ക് എന്തൊരു കരുത്താണ്! തുടരണ്ടേ ഈ പൈതൃകം?
ഓണം, വിഷു തുടങ്ങിയ ഉത്സവങ്ങള്‍ ഉത്സവങ്ങളായി തന്നെ ആഘോഷിക്കണം എന്നതില്‍ ശരിയാക്കല്‍ സര്‍ക്കാറിന് തര്‍ക്കമൊന്നുമില്ല. ഓണത്തിന് പൂവിടാം, വിഷുവിന് പടക്കം പൊട്ടിക്കാം, എല്ലാം ചെയ്യാം. എന്നാല്‍ അതൊന്നും ഓഫീസ് സമയത്ത് വേണ്ട. ഓഫീസില്‍ വന്നാല്‍ പണിയെടുക്കുക. എല്ലുമുറിയെ പണിയെടുത്താല്‍ പല്ലുമുറിയെ തിന്നാനുള്ള വക സര്‍ക്കാര്‍ നല്‍കും. ആഘോഷങ്ങള്‍ക്കുവേണ്ടി മനുഷ്യവിഭവശേഷി കളയാന്‍ പാടില്ല. ഇനി വല്ല സംശയവും ആര്‍ക്കെങ്കിലും ഇതിനോടകം വന്നുവെങ്കില്‍ ഫോണല്ലേ കൈയില്‍, വിളിച്ചു ചോദിച്ചാല്‍ മതി. ഇനി ഓഫീസില്‍ എത്തിയാല്‍ കൊച്ചുവര്‍ത്തമാനം പറയാമോ, തലേന്നു കണ്ട സീരിയലിലെ ചേച്ചിയുടെ സാരിയെക്കുറിച്ച് വര്‍ണിക്കാമോ, യൂണിയന് കാര്യത്തെക്കുറിച്ച് മിണ്ടാമോ എന്നൊന്നും ചോദിച്ചു വന്നേക്കരുത്. ഒരേ ഒരു കാര്യം: ഓണം, വിഷു തുടങ്ങിയ ഉത്സവങ്ങള്‍ ആഘോഷിക്കുന്നത് ഓഫീസ് സമയത്തു വേണ്ട. എന്താ എല്ലാം ശരിയാവുമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?
ഓഫീസ് സമയത്ത് വിളക്കുകൊളുത്തല്‍, പ്രാര്‍ത്ഥന ചൊല്ലല്‍ തുടങ്ങിയവ ആവാമോ എന്ന കാര്യത്തെക്കുറിച്ച് ദേവസ്വംബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ ശാന്തിമാര്‍ക്കും തന്ത്രിമാര്‍ക്കും സംശയത്തോട് സംശയം. ദേവസ്വം മന്ത്രിയല്ല അതു പറഞ്ഞതെന്നതു കൊണ്ടുമാത്രം പാവങ്ങള്‍ ആശ്വസിച്ചിരിക്കുകയാണ്. ഓഫീസ് സമയക്രമമനുസരിച്ച് അമ്പലത്തിലെ മൂര്‍ത്തിയുടെ മുമ്പില്‍ എങ്ങനെ വിളക്കുവെക്കും? എങ്ങനെ പ്രാര്‍ത്ഥന ചൊല്ലും? മതേതര സര്‍ക്കാറിന് ഇമ്മാതിരി ഏര്‍പ്പാടൊന്നും അനുവദിച്ചുകൊടുക്കാനാവില്ല എന്നാണല്ലോ ഒരു മന്ത്രി കല്പ്പിച്ചിരിക്കുന്നത്. കലികാലത്ത് കണ്ണീരിന് ചോരയുടെ രുചിയായിരിക്കുമത്രേ. ഗോഡ്സ് ഓണ്കണ്ട്രി ഇപ്പോള്‍ ഡോഗ്സ് ഓണ്‍ കണ്ട്രിയായത് കലികാലത്തിന്റെ ശക്തികൊണ്ടുതന്നെ. ആയതിനാല്‍ ഇനിയങ്ങോട്ട് കാര്യങ്ങളെല്ലാം ഇങ്ങനെ തലതിരിഞ്ഞു തന്നെയാവും. ഒടുവില്‍ എല്ലാം ശരിയാവുമെന്ന് കരുതി മാര്‍ക്സോ, മാര്‍ക്സോ എന്ന് ചൊല്ലിയിരിക്കാം. ഒരു മാറ്റം ആരാണിഷ്ടപ്പെടാത്തത്, അല്ലേ?
നേര്‍മുറി
കപ്പലണ്ടി കമ്മ്യൂണിസ്റ്റ്
കള്ളനാണയം: സിപിഐ-
സ്വരാജ് പോരുമുറുകുന്നു- വാര്‍ത്ത
അധ്യാപകദിന ക്ലാസിന്റെ റിഹേഴ്സല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: