കൊടകര: ജില്ലയിലെ ഏറ്റവും വലിയ തൊഴില്‍ സ്ഥാപനമായ പേരാമ്പ്ര അപ്പോളോ ടയേഴ്സിലെ നൂറു കണക്കിന് ബി.എം.എസ് തൊഴിലാളികള്‍ പണിമുടക്ക് തള്ളിക്കളഞ്ഞു കൊണ്ട് ഇന്നലെ ജോലിക്ക് കയറി.പണി മുടക്കാനുള്ള അവകാശം പോലെത്തന്നെ തങ്ങള്‍ക്ക് ജോലി ചെയ്യാനുള്ള അവകാശവും സംരക്ഷിക്കണമെന്ന ബി.എം.എസ്.നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് കൊടകര സി.ഐ. സുമേഷിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം വെളുപ്പിന് തന്നെ കമ്പനിപ്പടിക്കല്‍ നിലയുറപ്പിച്ചിരുന്നു.രാവിലെ അഞ്ചു മണിക്കുള്ള ഷിഫ്റ്റില്‍ ജോലിക്കെത്തിയ ബി.എം.എസ്. തൊഴിലാളികളെ തടയാനും സംഘര്‍ഷമുണ്ടാക്കാനും ഇടതു വലതു മുന്നണികള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.ബി.എം.എസ്.തൊഴിലാളികള്‍ ഒന്നടങ്കം ജോലിക്കു കയറി.
തുടര്‍ന്ന് ജാള്യത മറയ്ക്കാന്‍ ഇവര്‍ പോലീസുമായി വാക്കേറ്റം നടത്തുകയും ഉന്തും തള്ളുമുണ്ടാവുകയും ചെയ്തെങ്കിലും സംഘര്‍ഷമുണ്ടാവാതെ നിയന്ത്രിക്കാന്‍ പൊലീസിന് സാധിച്ചു. അപ്പോളോ ടയേഴ്സ് മസ്ദൂര്‍ സംഘം നേതാക്കളായ ടി.സി.സേതുമാധവന്,സി.രവികുമാര്‍, കെ.വി.വിനോദ്,വി.ബി.അരുണ്‍, എം.ആര് .ശ്രീനാഥ്, ബിജു,ഗിരീഷ് തുടങ്ങിയവര്‍ ജോലിക്കെത്തിയ തൊഴിലാളികള്‍ക്ക് നേതൃത്വം നല്കി. കേന്ദ്ര സര്‍ക്കാരുമായി സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തിയ ചര്‍ച്ചയില്‍ യൂണിയനുകള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടും രാഷ്ട്രീയപ്രേരിതമായി സമരവുമായി മുന്നോട്ടു പോകുന്നതില്‍ യോജിപ്പില്ലാത്തതിനാലാണ് ബി.എം.എസ്.യൂണിയന് സമരത്തില്‍ നിന്നും പിന്മാറിയതെന്ന് നേതാക്കള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: