ഇരിങ്ങാലക്കുട: പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്കു വാങ്ങാന്‍ ഓര്‍മ്മശക്തി ലഭിക്കുമെന്ന് വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച് കഞ്ചാവ് വിറ്റിരുന്ന പ്രതികളെ ഇരിങ്ങാലക്കുട പോലിസ് അറസ്റ്റ് ചെയ്തു. കൊടകര കോടാലി സ്വദേശി കളപുരക്കല്‍ വീട്ടില്‍ രാജേഷ് (34), മുരിയാട് കൊച്ചുപറമ്പത്ത് കൊപ്ര പ്രശാന്ത് എന്നുവിളിക്കുന്ന പ്രശാന്ത്(30) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എസ്.ടി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയത്. പുല്ലൂര്‍ ഐ.ടി.സിക്ക് സമീപം നടത്തിയ പരിശോധനയിലാണ് ഒരു കിലോ കഞ്ചാവുമായി ഇവര്‍ പിടിയിലായത്.
സ്കൂള്‍ പരിസരങ്ങളിലും മറ്റും മയക്കമരുന്ന് ഉപയോഗം കൂടിയതിനെ തുടര്‍ന്ന് ജില്ലാ പോലിസ് സൂപ്രണ്ട് ആര്. നിശാന്തിനിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ഓര്‍മ്മശക്തി വര്‍ദ്ധിക്കുമെന്നും, ഫുട്ബോള്‍ കളിക്കുന്ന കുട്ടികള്‍ക്ക് കുടുതല്‍ ശക്തികിട്ടുമെന്നും പറഞ്ഞ് സൗജന്യമായിട്ടായിരുന്നു ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നല്‍കിയിരുന്നതെന്ന് പോലിസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ പറഞ്ഞ് പറ്റിച്ച് കഞ്ചാവ് നല്‍കുന്നതോടൊപ്പം വീര്യം കൂടിയ ലഹരിഗുളികകളും, കഞ്ചാവ് പുക വെള്ളത്തിലൂടെ ആവികൊള്ളിക്കുന്ന രീതിയും ഇവര്‍ വിദ്യാര്‍ത്ഥികളില്‍ പരീക്ഷിച്ചുവന്നിരുന്നതായി പോലിസ് പറഞ്ഞു.
ഇരിങ്ങാലക്കുട പരിസരത്തെ ഒരു പ്രധാന സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന പിതാവ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിക്ക് നല്കിയ രഹസ്യ പരാതിയെ തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. വിദ്യാര്‍ത്ഥിയെ രഹസ്യമായി നിരീക്ഷിച്ചുവന്ന പോലിസ് സംഘം നിരവധി പേരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇരിങ്ങാലക്കുട, മുരിയാട്, ആളൂര്‍, കൊടകര ഭാഗങ്ങളില്‍ കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുന്നത് പ്രശാന്ത് ആണെന്ന് പോലിസിന് വ്യക്തമായത്. തുടര്‍ന്ന് പ്രശാന്തിനെ ദിവസങ്ങളോളം പിന്തുടര്ന്നാണ് കഞ്ചാവ് സഹിതം പ്രശാന്തിനേയും, രാജേഷിനേയും അറസ്റ്റ് ചെയ്തത്.
സ്ഥിരമായി തമിഴ്നാട്ടില്‍ പോയി വരുന്ന രാജേഷ് കിലോ കണക്കിന് കഞ്ചാവ് കൊണ്ടുവന്ന് ഇടനിലക്കാര്‍ക്ക് വില്‍പ്പനക്കായി നല്‍കുകയാണ് ചെയ്യുന്നതെന്ന് പോലിസ് പറഞ്ഞു. തൃശ്ശൂര്‍, ഒല്ലൂര്‍, പുത്തൂര്‍, കൊടകര ഭാഗങ്ങളില്‍ ഇത്തരം ഇടനിലക്കാര്‍ ഉള്ളതായി അറിവായിട്ടുണ്ട്. മൊത്തമായി കൊണ്ടുവരുന്ന കഞ്ചാവ് ഒരു കിലോ വിതം ഇടനിലക്കാരെ ഏല്‍പ്പിച്ച് വില്‍പ്പന നടത്തിയശേഷം പണം നല്കിയാല് മതിയെന്നതിനാല്‍ രാജേഷിന്റെ കൈയ്യില്‍ നിന്നും കഞ്ചാവു വാങ്ങി വില്‍പ്പന നടത്താന്‍ ആളുകള്‍ കൂടുതലാണ്.
പിടിയിലായ പ്രശാന്ത് നിരവധി കൊലപാതകശ്രമ കേസുകളിലേയും, കളവുകേസുകളിലും പ്രതിയാണെന്ന് പോലിസ് പറഞ്ഞു. ഇരിങ്ങാലക്കുട പോലിസ് സ്റ്റേഷന് റൗഡിയായ പ്രശാന്ത് നിറുത്തിയിട്ടിരിക്കുന്ന ടോറസ് ലോറിയുടെ ടയറുകളും ബാറ്ററികളും മോഷ്ടിച്ച് വില്‍പ്പന നടത്തിയതോടെയാണ് ടോറസ് പ്രശാന്ത് എന്നറിയപ്പെടാന്‍ തുടങ്ങിയത്.
ഈ കേസില്‍ ജയില്‍വാസം കഴിഞ്ഞ് അടുത്തിടെയാണ് ഇയാള്‍ പുറത്തിറങ്ങിയത്. ആര്‍ഭാട ജീവിതത്തിന് പണം കണ്ടെത്തുന്നതിനുള്ള മാര്‍ഗമായതിനാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് വില്‍പ്പനയ്ക്ക് തയ്യാറാകുന്നതായും അറിവായിട്ടുണ്ട്. പെട്ടെന്ന് തിരിച്ചറിയാത്തതിനാലും ലഹരിക്ക് അടിമപ്പെടുന്നതിനാലും കഞ്ചാവ് പോലുള്ള മയക്കമരുന്നുകളുടെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നതായി പോലിസ് പറഞ്ഞു.
ഒരു കിലോയ്ക്ക് പുറമെ അഞ്ചൂറ്, ആയിരം രൂപക്ക് വില്‍പ്പന നടത്താവുന്ന 25ഓളം ചെറുപ്ലാസ്റ്റിക് പാക്കറ്റുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. സി.ഐ മനോജ് കുമാര്‍, എസ്.ഐ വി.പി സുബീഷ്, നിഴല്‍ പോലിസ് അംഗങ്ങളായ സീനിയര്‍ സി.പി.ഒ കെ.എ ഹബീബ്, മുരുകേഷ് കടവത്ത്, മുഹമ്മദ് അഷറഫ്, എം.കെ ഗോപി എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: