മുളങ്കുന്നത്തുകാവ് : ഗണേശോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഗണേശോത്സവത്തിനുള്ള വിഗ്രഹങ്ങള്‍ വെളപ്പായയിലാണ് ഒരുങ്ങുന്നത്. പാലക്കാട് സ്വദേശി ശങ്കരന്റെയും മക്കളുടേയും കരവിരുതിലാണ് അതിമനോഹരമായ ഗണേശവിഗ്രഹങ്ങള്‍ രൂപംകൊള്ളുന്നത്. മുന്‍കാലങ്ങളില്‍ പാലക്കാട്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് ഗണേശവിഗ്രഹങ്ങള്‍ ഉത്സവത്തിനായി കൊണ്ടുവന്നിരുന്നത്. മെയ്ഡ് ഇന്‍ വെളപ്പായ എന്ന പേരിലുള്ള ഗണേശവിഗ്രഹങ്ങള്‍ക്ക് ഖ്യാതി ലഭിച്ചതോടെ ജില്ലയിലെ പലഭാഗങ്ങളില്‍ നിന്നും ഓര്‍ഡറുകളും ലഭിച്ചു. പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ നിര്‍മ്മിക്കുന്ന വിഗ്രഹങ്ങള്‍ അവസാന മിനുക്കുപണികളിലാണ് ഒരടി മുതല്‍ 15 അടി വരെയുള്ള വിഗ്രഹങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഒരടിയുള്ള ഗണേശവിഗ്രഹത്തിന് 1400 രൂപയാണ് ഈടാക്കുന്നത്. വിഗ്രഹങ്ങള്‍ വില്പന നടത്തുന്നതിലൂടെ ലഭിക്കുന്ന നിശ്ചിതസംഖ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സമിതി ചിലവിടും. നൂറ് ഡയാലിസിസ് കാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായം നൂറുവിദ്യാര്ത്ഥികള്ക്ക് പഠനകിറ്റുകള്‍, 2000 കുടുംബങ്ങള്‍ക്ക് അരിവിതരണം എന്നിങ്ങനെ നീളുന്നു സമിതിയുടെ പ്രവര്‍ത്തനം. 200ഓളം വിഗ്രഹങ്ങളാണ് ശങ്കരന് തയ്യാറാക്കുന്നത്. തമിഴ്നാട്ടില്‍നിന്നും വിഗ്രഹങ്ങള്‍ കൊണ്ടുവരുമ്പോള്‍ അതിനുള്ള ചിലവും ചെക്പോസ്റ്റുകളിലെ പരിശോധനയുമെല്ലാം ബുദ്ധിമുട്ടായപ്പോഴാണ് വിഗ്രഹങ്ങള്‍ സ്വന്തമായി ഉണ്ടാക്കുകയെന്ന ചിന്ത ഉണ്ടായത്. ഇത് ഏറെക്കുറെ വിജയിക്കുകയും ചെയ്തു. കുട്ടപ്പപിഷാരടി, ഉണ്ണികൃഷ്ണമേനോന്‍, ബാലാജി പല്ലിക്കാട്ട് എന്നിവരാണ് സമിതിക്ക് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: