പാവറട്ടി: മുല്ലശേരി ,വെങ്കിടങ്ങ് മേഖലകളില്‍ പാടശേഖരങ്ങള്‍ വരുംദിവസങ്ങളിലായി മുണ്ടകന്‍ കൃഷിക്കൊരുങ്ങുമ്പോഴും, ഏനാമാവിലേക്കെത്തുന്ന ചെമ്മീന്ചാലിലും, കടാന്തോട്ടിലും നിറഞ്ഞ കുളവാഴ ചണ്ടികള്‍ നീക്കം ചെയ്യാത്തത് കര്‍ഷകര്‍ക്ക് ദുരിതമാകുന്നു. ജൂണ്‍, ജൂലായ് മാസങ്ങളില്‍ സാധാരണ ചെമ്മീന്‍ ചാലില്‍ നിന്നും, കടാന്തോടില് നിന്നും ചണ്ടികളും, കുളവാഴഖളും നീക്കം ചെയ്യാറുള്ളതാണ്. ഇറിഗേഷന്‍ വകുപ്പ് കഴിഞ്ഞ തവണത്തെ കരാറുകാര്‍ക്ക് ചണ്ടി നീക്കം ചെയ്തതിന്റെ പണം നല്‍കാത്തതു മൂലം ഇത്തവണ കരാറുകാരെ കിട്ടാത്ത അവസ്ഥയായി. പാടശേഖരസമിതികളും ചണ്ടി നീക്കം ചെയ്യുന്ന പ്രവൃത്തി ചെയ്യാറുള്ളതാണ്. ഇറിഗേഷന്‍ വകുപ്പ് പണം നല്കാന് മടികാട്ടുന്നതു മൂലം ഇത്തവണ പാടശേഖര സമിതികളും ചണ്ടി നീക്കാന്‍ തയ്യാറായില്ല.
ഇനി തുലാവര്‍ഷമെത്തുമ്പോള്‍ പാടശേഖരങ്ങളില്‍ നിറയുന്ന അധികജലം ഒഴുക്കി വിടാനാകാത്ത അവസ്ഥയാകും ഉണ്ടാവുക.കുളവാഴ ചമ്ടികള് നീക്കം ചെയ്യാത്തതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് കടാന്തോട്ടിലും, ചെമ്മീന്‍ ചാലിലും തടസ്സപ്പെടുകയും, വെള്ളം കെട്ടി നിന്ന് മുണ്ടകന്‍ കൃഷി നശിക്കുകയും ചെയ്യും. മാത്രമല്ല മധുക്കരയില്‍ കൃഷിയാവശ്യത്തിനായി പണിത കോള്‍ നിലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന താത്ക്കാലികപാലം ചണ്ടി വന്ന് നിറഞ്ഞ് കഴിഞ്ഞ തവണ ഒലിച്ചു പോയിരുന്നു. ഇത്തവണ ചണ്ടി നീക്കം ചെയ്യാത്തതിനാല്‍ മുളപ്പാലങ്ങള്‍ നിര്‍മ്മിക്കേണ്ടെന്നു വെച്ചിരിക്കുകയാണ് കര്‍ഷകര്‍. അനാസ്ഥ മാറ്റി വെച്ച് ചെമ്മീന്‍ ചാലിലും,കടാന്തോട്ടിലും നിറഞ്ഞ ചമ്ടി നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: