ഇരിങ്ങാലക്കുട : ശ്രേഷ്ഠഭാഷാ പദവി ലഭിച്ചെങ്കിലും മലയാളം പഠിച്ചാല്‍ കുട്ടികള്‍ അന്യം നിന്നുപോകുമെന്ന് ഭയക്കുന്ന ചിന്താഗതിക്കാരായ ഒരുവിഭാഗം ആളുകള്‍ ഉള്ള ഈ കാലഘട്ടത്തില്‍ അനേകം പദ്യകൃതികളാലും ഗദ്യകൃതികളാലും സമ്പുഷ്ടമായ മലയാള സാഹിത്യത്തെയും സാഹിത്യ കാരന്മാരെയും ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ബാബു കോടശ്ശേരി മാഷ്.
ഇരിങ്ങാലക്കുട മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ മലയാള വിഭാഗം അദ്ധ്യാപകനായ ഇദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ചെറിയ ക്ലാസ് മുറിയില്‍ മലയാള സാഹിത്യത്തിലെ നൂറിലധികം സാഹിത്യ കാരന്മാരുടെ ചിത്രങ്ങളും ഇവരെ പരിചയപ്പെടുത്തുന്നതിനായി ചെറു കുറിപ്പുകളും ഒരുക്കിയിരിക്കുകയാണ്. കൂടാതെ ഒഴിവ് സമയങ്ങളില്‍ വായിക്കുന്നതിനായി ഹ്രസ്വ സമയ വായനാവേദിയും ഒരുക്കിയിട്ടുണ്ട്.
സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ തന്റെ സ്വപ്നത്തിനും സങ്കല്പത്തിനും അനുസൃതമായി മലയാളം സാഹിത്യ ക്ലബ് ആയി ഒരുക്കിയിരിക്കുന്ന ഈ കൊച്ചു മുറിയ്ക്ക്, വിദ്യാലയത്തില്‍ ഒരുപാടു കാലം പ്രധാന അദ്ധ്യാപകനായി സേവനം അനുഷ്ടിച്ച പ്രശസ്ത സാഹിത്യകാരന് വൈലോപ്പിള്ളി ശ്രീധര മേനോനോടുള്ള ആദരസൂചകമായി വൈലോപ്പിള്ളി ഹാള്‍ എന്ന പേരാണ് നല്‍കിയിട്ടുള്ളത്. പാഠപുസ്തകങ്ങളില്‍ നിന്ന് വിഭിന്നമായി കുട്ടികള്‍ക്ക് പുതിയ അറിവുകള്‍ നല്‍കുന്നതിനും, വായനാശീലം വിദ്യാര്‍ത്ഥികളില്‍ പരിപോഷിപ്പിക്കുന്നതിനും ഈ ഉദ്യമത്തിലൂടെ സാധ്യമാകുന്നുണ്ടെന്ന് ബാബു കോടശ്ശേരി മാഷ് പറയുന്നു.
സ്കൂളില്‍ കെട്ടിട നിര്‍മ്മാണം നടക്കുന്നതിനാലാണ് ഇത്രയും ചെറിയ മുറിയില്‍ സാഹിത്യ ക്ലബ് ഒരുക്കിയിരിക്കുന്നതെന്നും , കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മലയാള സാഹിത്യ ക്ലബ് വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: