ഇരിങ്ങാലക്കുട : ഇക്കുറി ഓണത്തിന് ഉപ്പേരി വാങ്ങണോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ഉപ്പേരിയ്ക്ക് പൊള്ളുന്ന വിലയാണ് കടകളില്‍. കിലോക്ക് 330, 350 ആണ്. കടകളില്‍ നിന്നു വാങ്ങാതെ ഉപ്പേരി വീട്ടില്‍ വറുക്കാമെന്നു വിചാരിക്കുന്നവര്‍ക്കും ഉപ്പേരി വറുക്കണോ എന്ന സംശയം ഉടലെടുക്കും. കാരണം, ഓണമായതോടെ നേന്ത്രക്കായയുടെയും വെളിച്ചെണ്ണയുടെയും വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഓണത്തിനൊരിക്കലും ഒഴിച്ചു കൂടാനാവാത്ത ഒന്നായതുകൊണ്ട് എത്ര വിലയാണെങ്കിലും മലയാളികള്ക്കതു വാങ്ങാതെയും വയ്യ. കാലവര്‍ഷക്കെടുതി മൂലം കേരളത്തില്‍ വാഴക്കൃഷി വന്‍നാശം നേരിട്ടിരുന്നു. ഇതിനോടൊപ്പം തമിഴ് നാട്ടില്‍ നിന്നുള്ള നേന്ത്രക്കായയുടെ വരവും കുറഞ്ഞതോടെയാണ് വില മേലോട്ടുയര്‍ന്നത്. നേന്ത്രക്കായയില്ലാതെ ഓണത്തിന്റെ പ്രധാന ഇനങ്ങളായ ചിപ്സ്, നാലുമുറി, ശര്‍ക്കര ഉപ്പേരി, പഴം ചിപ്സ് എന്നിവ എങ്ങിനെ ഉണ്ടാക്കും എന്നതാണ് മലയാളിയുടെ ചിന്ത. ഓണം എന്നു പറയുമ്പോള്‍ തന്നെ മനസ്സില്‍ വരുന്നത് ഓണസദ്യയാണ്. സദ്യയ്ക്ക് ഉപ്പേരിയില്ലെങ്കില്പ്പിന്നെ എന്തോണം മലയാളികള്‍ക്ക്. അതുകൊണ്ടുതന്നെ ഇത്തവണ ഓണസദ്യയില്‍ വിഐപി കായവറുത്തതു തന്നെയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: