ആളുകള്‍ക്ക് അര്‍ബുദത്തെ ഭയമാണ്. പക്ഷെ, രോഗം വരാതെ സൂക്ഷിക്കണമെന്ന വിചാരം തെല്ലുമില്ല. അവരുടെ ഭയമൊക്കെ രോഗം വരുമ്പോള്‍ മാത്രം. അതുവരെ അവര്‍ രാസവസ്തുക്കളും ഘനലോഹവും കലര്‍ന്ന റെഡിമെയ്ഡ് ഭക്ഷണം കഴിക്കും. ആവശ്യത്തിലേറെ പുകവലിക്കും. അതിലേറെ പുകയില ചവച്ചിറക്കും. ചുവന്ന മാംസം പലവിധത്തിലും അകത്താക്കും. മലിനമായ വായുകൊണ്ട് ശ്വാസകോശങ്ങള്‍ നിറയ്ക്കുകയും ചെയ്യും.
അത്തരക്കാരുടെ അറിവിലേക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് കുറെ കണക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്യാന്‍സര്‍ രജിസ്ട്രികള്‍ തയ്യാറാക്കിയ കണക്കുകള്‍! കൃത്യം മൂന്ന് വര്‍ഷം കഴിഞ്ഞ് 2020 ലേക്ക് കാലൂന്നുമ്പോള്‍ രാജ്യത്ത് പുതുതായി 17.3 ക്യാന്‍സര്‍ രോഗികള്‍ ജനിക്കുമെന്നതാണ് ആ മുന്നറിയിപ്പ്. ഇതേ കാലത്ത് 13.2 ലക്ഷം രോഗികള്‍ ജനിക്കുമെന്ന് 2013 ല്‍ മെഡിക്കല്‍ റിസര്‍ച്ച് തയ്യാറാക്കിയ പ്രവചനക്കണക്കുകളാണ് തിരുത്തി എഴുതിയിരിക്കുന്നതെന്നും അറിയുക-രണ്ട് വര്‍ഷം കൊണ്ട് നാല് ലക്ഷത്തിന്റെ വര്‍ധന!
ആദ്യത്തെ കണക്കുകള്‍ കേട്ട് ഞെട്ടിയവര്ക്കായി ഇനിയുമുണ്ട് ആലോചനാമൃതമായ ചില പേടിക്കണക്കുകള്. രാജ്യത്തിന്റെ പലഭാഗത്തും പലരീതിയിലാണ്. അര്‍ബുദത്തിന്റെ ആക്രമണമെന്ന് കണക്കുകള്‍ പറയുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ 60.7 ശതമാനം വര്‍ധനയുണ്ടാകുമത്രെ. അതില്‍ ഒന്നാം സ്ഥാനം ഐസ്വാളിന്. തൊട്ടുപിന്നില്‍ വരുന്ന മഹാനഗരങ്ങള്‍ ഏതൊക്കെയാണെന്നും അറിയുക-കാമരൂപ്, ചെന്നൈ, മിസോറാം, തിരുവനന്തപുരം, കൊല്ലം. ക്യാന്‍സര്‍ രജിസ്റ്ററിന്റെ ആദ്യതാളുകളില്‍ നമ്മുടെ നഗരങ്ങളും സ്ഥാനം പിടിച്ചതെങ്ങനെയെന്ന് ചോദിച്ചേക്കാം. ഭക്ഷണശീലത്തിലെ മാറ്റവും മലിനീകരണവുമൊക്കെയെന്നാവാം ഉത്തരങ്ങള്‍.
രാജ്യത്ത് ആളെ കൊല്ലാനെത്തുന്ന ക്യാന്‍സറുകള്‍ പ്രധാനമായും അഞ്ചെണ്ണമെന്ന് ക്യാന്‍സര്‍ രജിസ്ട്രികള്‍ ചൂണ്ടിക്കാണിക്കുന്നു. അതില്‍ മുഖ്യന് പുകയിലയും പുകവലിയും ചേര്ന്നുണ്ടാക്കുന്നവ. ചുണ്ട്, നാക്ക്, വായ, കണ്ഠനാളം, ഹൈപ്പോ ഫാരിങ്സ്, ഈസോഫാഗസ്, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളെ ബാധിക്കുന്ന രോഗങ്ങളൊക്കെ ഇക്കൂട്ടത്തില്‍പെടും. രാജ്യത്തെ മൊത്തം ക്യാന്‍സര്‍ ബാധയുടെ 30 ശതമാനമാണത്രെ ഇത്. കരുതിയിരുന്നാല്‍ പാടെ ഒഴിവാക്കുന്നവ. പുരുഷന്മാരെ ഏറ്റവുമധികം ബാധിക്കുന്നത് ശ്വാസകോശം, വന്‍കുടലുമായി ബന്ധപ്പെട്ട കോളന്‍, റെക്ടം, പുരുഷഗ്രന്ഥി തുടങ്ങിയവയെ ബാധിക്കുന്ന ക്യാന്‍സറുകളാണ്. ശ്വാസകോശം, സ്തനം, ഗര്‍ഭാശയം തുടങ്ങിയവയെ ബാധിക്കുന്ന ക്യാന്‍സറുകളാണ് സ്ത്രീകളെ കൂടുതല്‍ അലട്ടുക.
ക്യാന്‍സര്‍ പ്രതിരോധത്തില്‍ ജനങ്ങള്‍ക്കുമാത്രമല്ല, സര്‍ക്കാരിനുമുണ്ട് താല്പര്യക്കുറവെന്ന് ദോഷൈകദൃക്കുകള്‍ പറയുന്നു. അതുകൊണ്ടാണല്ലോ 1975 ല്‍ ആരംഭിച്ച ദേശീയ ക്യാന്‍സര്‍ നിയന്ത്രണ പദ്ധതിയെ കൊല്ലാതെ കൊന്നത്. അതിനെ പകര്‍ച്ചവ്യാധി നിയന്ത്രണ പദ്ധതിയില്‍ ലയിപ്പിച്ചുകളയുകയാണുണ്ടായത്. രോഗനിയന്ത്രണകാര്യത്തിലുമുണ്ട് പ്രശ്നങ്ങള്‍. ഇംഗ്ലണ്ടില്‍ 400 രോഗികള്‍ക്ക് ഒരു അര്‍ബുദ വിദഗ്ദ്ധന് വീതമുള്ളപ്പോള്‍ നമ്മുടെ നാട്ടിലുള്ളത് 1600 രോഗിക്ക് ഒരു ഡോക്ടര്‍. പത്തുലക്ഷം ജനങ്ങള്‍ക്ക് ഭാരതത്തില്‍ ലഭ്യമായത് കേവലം 0.41 റേഡിയോതെറാപ്പിയന്ത്രം മാത്രം. മരണനിരക്കാവട്ടെ അമേരിക്കയിലേതിന്റെ ആറിരട്ടിവരെ കൂടുതലും.
രാജ്യത്ത് ആകെയുള്ളത് 27 ക്യാന്‍സര്‍ രജിസ്ട്രികളാണ്. അതില്‍ 19 ഇടങ്ങളിലും കേസുകളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം സ്തനാര്‍ബുദത്തിനാണ്. തൊട്ടുപിറകില്‍ ശ്വാസകോശ അര്‍ബുദവും. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ വിവിധയിനം ക്യാന്‍സറുകളാണ് ബാധിക്കുന്നതെന്ന് കണക്കുകള്‍ കാണിക്കുന്നു. ദല്ഹിമേഖലയില് പൗരുഷഗ്രന്ഥി അഥവാ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍; ബെംഗളൂര്-ചെന്നൈ മേഖലയില്‍ വയറിനുള്ളിലെ ക്യാന്‍സര്‍ എന്നിങ്ങനെ. അതിനൊക്കെ കാരണവും പറയുന്നുണ്ട് വിദഗ്ദ്ധര്‍-വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പുകവലിയും പുകച്ച മാംസം അമിതമായി കഴിക്കുന്നതും; തെക്കെ ഭാരതത്തില്‍ പരമ്പരാഗതമായ അരിയാഹാരത്തില്‍ നിന്ന് പൊടുന്നനേവന്ന മാറ്റവും ഒക്കെ.
നമ്മുടെ കേരളത്തിന്റെ കാര്യമോ?. പ്രധാനം, ഭക്ഷണത്തിലെ മാറ്റം. നാം സസ്യാഹാരം പാടെ ഉപേക്ഷിച്ചു. കഴിക്കുന്നതാവട്ടെ വിഷമയമായ സസ്യഭക്ഷണവും. മാംസവും പിന്നെ എന്തൊക്കെയോ ചേര്‍ത്തുണ്ടാക്കുന്ന രുചികരമായ റെഡിമെയ്ഡ് ഭക്ഷണവും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി. മലിനീകരണം ജീവിതത്തെ നാമറിയാതെ ബാധിച്ചു. വ്യായാമം മറന്നു. മാനസിക പിരിമുറുക്കം മാറാക്കൂട്ടുകാരനായി…ആരോഗ്യമില്ലാത്ത ശരീരത്തില്‍ രോഗങ്ങള്‍ തേരോട്ടം നടത്തിയാല്‍ തടുക്കാനാവുന്നതെങ്ങനെ?.
വാല്‍ക്കഷ്ണം:
രണ്ട് കണക്കുകള്‍ കൂടി- എല്ലാ ദിവസവും ശരാശരി 50 ഗ്രാം വീതം സംസ്കരിച്ച ഇറച്ചി ഭക്ഷിക്കുന്നവര്‍ക്ക് രീഹീൃലരമേഹ ക്യാന്‍സര്‍ വരാനുള്ള സാധ്യത 18 ശതമാനം അധികം; പച്ചക്കറി, പയറുവര്‍ഗം, ധ്യാനങ്ങള്‍ എന്നിങ്ങനെ സസ്യഭക്ഷണം സ്ഥിരമായിക്കഴിക്കുന്നവരില് ക്യാന്സറുണ്ടാവാനുള്ള സാധ്യത 11 ശതമാനം കണ്ട് കുറവ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: