സംഗീതം അഭ്യസിപ്പിക്കാന്‍ നാട്ടില്‍ വിവിധ സ്ഥാപനങ്ങള്‍ പൊട്ടിമുളയ്ക്കും. മുമ്പ് വീടുകളായിരുന്നു സംഗീത കളരി. അവിടെ ഭാഗവതര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന സംഗീതാധ്യാപകന്. അദ്ദേഹത്തിന്റെ പക്കല്‍ മരപ്പെട്ടിയില്‍ സൂക്ഷിച്ചിരുന്ന ഒരു സംഗീതോപകരണം: ഹാര്‍മോണിയം. മരപ്പെട്ടിയില്‍ നിന്ന് ഹാര്‍മോണിയം സൂക്ഷ്മതയോടെ പുറത്തെടുത്ത് അതിന്റെ ബെല്ലോസ് പതിയെ ചലിപ്പിച്ച്, വെളുത്ത കട്ടകളില്‍ വിരലോടിച്ച് അദ്ദേഹം ശ്രുതിചേര്‍ക്കും. പിന്നെ സപ്തസ്വരധാരയായി. ഈ ഹാര്‍മോണിയത്തിന്റെ പിറവിക്ക് പിന്നില്‍ ഒരു കഥയുണ്ട്.
ജനനവും മരണവും പുനര്‍ജന്മവും ജീവികുലത്തിന് മാത്രമുള്ള ഒന്നല്ല. ചില സംഗീതോപകരണങ്ങളുടെ കാര്യത്തിലും ഇത് ഏറെക്കുറെ ശരിയാണ്. അത്തരത്തിലൊരു കഥയാണ് ഹാര്മോണിയത്തിന്റേത്. ജനിച്ചത് അങ്ങ് പടിഞ്ഞാറന്‍ രാജ്യത്ത്. വളര്‍ച്ചയുടെ ഘട്ടം താണ്ടിയത് കിഴക്കന്‍ രാജ്യങ്ങളില്‍. ഭാരതീയര്‍ നമ്മുടേതെന്ന് കരുതി നെഞ്ചോടു ചേര്‍ത്ത ഹാര്‍മോണിയം നമ്മുടെ ദത്ത് സന്താനമാണ്. യൂറോപ്പിലാണ് ജനനം. അവിടെനിന്ന് ഇവിടെയെത്തി ഭാരതീയരുടെ ഹൃദയം കീഴടക്കുകയായിരുന്നു ഈ സംഗീതോപകരണം.
സംഗീതത്തിന്റെ കാര്യത്തില്‍ ശരീരം വേറെ, ശാരീരം വേറെ. ഹാര്‍മോണിയത്തിന്റെ അസല്‍ രൂപപ്പെടുത്തിയെടുത്തത് കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ ജീവശാസ്ത്ര വിഭാഗം പ്രൊഫസര്‍ ക്രിസ്റ്റ്യന്‍ ഗോട്ട്ലേബ് ക്രാറ്റ്സെന്സ്റ്റൈന്. സംഗീതവും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. സംഗീതത്തെ തന്റെ തൊഴിലുമായി ബന്ധിപ്പിക്കാന്‍ ക്രിസ്റ്റ്യന്‍ ശ്രമിച്ചിരുന്നു.
ചൈനീസ് വാദ്യോപകരണമായ ഷെങ് കടല്‍ കടന്ന് യൂറോപ്പിലെത്തുന്നത് 1700 കളിലാണ്. ആ ഉപകരണത്തില്‍ നിന്ന് തെളിഞ്ഞ സ്വരങ്ങള്‍ പ്രവഹിക്കുന്നതിനു പിന്നിലെ കാരണം കണ്ടെത്താനായി പിന്നീടുള്ള ശ്രമം. സംഗീതോപകരണത്തില്‍ നിന്ന് സ്വരാക്ഷര ശബ്ദം എങ്ങനെ രൂപപ്പെടുന്നു എന്ന് കണ്ടെത്താന്‍ 1779 ല്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ സയന്‍സ് അക്കാദമി മത്സരം സംഘടിപ്പിച്ചു. ക്രിസ്റ്റ്യന്‍ വാദ്യക്കമ്പികള് ഘടിപ്പിച്ച വായുമര്‍ദ്ദം കൊണ്ട് പ്രവര്‍ത്തിക്കുന്ന സംഗീതോപകരണം നിര്‍മിച്ചുകൊണ്ടായിരുന്നു അതില്‍ പങ്കെടുത്തത്. അന്ന് അവാര്‍ഡും കിട്ടി.
തുടര്‍ന്ന് നിരവധി പേര് സമാനമായ സംഗീതോപകരണങ്ങള്‍ ഉണ്ടാക്കി. യഥാര്‍ത്ഥത്തില്‍ ഹാര്‍മോണിയത്തിന്റെ രൂപകല്പനയിലേക്ക് നയിക്കുകയായിരുന്നു ക്രിസ്റ്റ്യന്‍ ചെയ്തത്.
ഗബ്രിയേല്‍ ജോസഫ് ഗ്രെനെയാണ് സ്വരാരോഹണവും അവരോഹണവും സാധ്യമാക്കുന്ന സംഗീതോപകരണം കണ്ടുപിടിക്കുന്നത്. പിന്നീട് ഫ്രാന്‍സുകാരനായ അലക്സാന്‍ഡ്രെ ദെബൈന് ഈ ഉപകരണത്തെ കൂടുതല്‍ വിപുലപ്പെടുത്തി. 1840 ഓഗസ്റ്റ് ഒമ്പതിന് പേറ്റന്റും സ്വന്തമാക്കി. ആ ഉപകരണത്തിനൊരു പേരും നല്കി, ഹാര്‍മോണിയം! ഹാര്‍മണി എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. രൂപഘടന പിയാനോയെ ഓര്‍മപ്പെടുത്തുന്നു. യൂറോപ്പില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിപ്പാര്ത്തവര് സ്വത്വമായി കരുതിയ ഹാര്‍മോണിയവും കൂടെക്കൂട്ടി. അമേരിക്കക്കാര്‍ക്ക് ഹാര്‍മോണിയം പുതിയ അനുഭവമായിരുന്നു. അവര്‍ അതേറ്റെടുത്തു. സംഗീതോപകരണ നിര്‍മാതാക്കളായ മാസന് ആന്‍ഡ് ഹാമ്ലിനും, എസ്റ്റി ഓര്‍ഗന്‍ കമ്പനിയും ഹാര്‍മോണിയം നിര്‍മിക്കാന്‍ തുടങ്ങി. 19-ാംനൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഹാര്‍മോണിയം പ്രശസ്തിയുടെ കൊടുമുടിയിലെത്തി. പള്ളികളിലെ സംഗീതാരാധനയില്‍ ഒഴിവാക്കാന്‍ പറ്റാത്തതായി ഹാര്‍മോണിയം.
അനായാസം കൊണ്ടുനടക്കാന്‍ സാധിക്കുമെന്നത് ഹാര്‍മോണിയത്തെ മറ്റ് സംഗീതോപകരണങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കി. പരിപാലനവും എളുപ്പം. വീട്ടില്‍ ഹാര്‍മോണിയം സൂക്ഷിക്കുന്നത് അഭിമാനമായും കരുതി. അമേരിക്കയില്‍ നിന്ന് കപ്പല്‍ കയറി ഹാര്‍മോണിയം ഏഷ്യയിലും ആഫ്രിക്കയിലും എത്തി. സംഗീതജ്ഞര്‍ ഹാര്മോണിയത്തിന് അനുസൃതമായി സംഗീതം ചിട്ടപ്പെടുത്താന്‍ തുടങ്ങി. വരേണ്യവര്‍ഗത്തിന്റെ പ്രതിച്ഛായ ചിഹ്നങ്ങളായ ഗൗണും വൈരവും ഷാംപെയിനും പോലൊന്നായി ഹാര്‍മോണിയവും. പതിയെപ്പതിയെ എല്ലാ ജനവിഭാഗങ്ങള്‍ക്കിടയിലേക്കും ഹാര്‍മോണിയം എത്തി. മറ്റ് രാജ്യങ്ങളില്‍ ഈ സംഗീതോപകരണം സ്വീകാര്യത നേടുമ്പോള്‍ മാതൃരാജ്യമായ യൂറോപ്പില്‍ നിന്ന് ഹാര്‍മോണിയം അപ്രത്യക്ഷമായിത്തുടങ്ങിയിരുന്നു.
20-ാം നൂറ്റാണ്ടിന്റെ തുടക്കമായപ്പോഴേക്കും ഹാര്‍മോണിയത്തിന്റെ പ്രൗഢിക്ക് മങ്ങലേറ്റു. സംഗീതാഭിരുചികളില്‍ വന്ന മാറ്റമായിരുന്നു കാരണം. 1930 ല്‍ ഇലക്ട്രോണിക് സംഗീതോപകരണത്തിന്റെ കടന്നുവരവ് കടുത്ത വെല്ലുവിളിയായി. മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റ് ഡിജിറ്റല്‍ ഇന്റര്‍ഫേസോടുകൂടിയ ആധുനിക ഇലക്ട്രോണിക് കീബോഡുകള്‍ നിലവില്‍ വന്നതോടെ ഹാര്‍മോണിയത്തിന്റെ ചരമഗീതവും കുറിക്കപ്പെട്ടു.
പുനര്ജന്മം ഭാരതത്തില്‍
കലകളുടെ നാടായ ഭാരതത്തില്‍ സംഗീതത്തിന് കല്പിക്കുന്ന പ്രാധാന്യം വലുതാണ്. ഏത് കലയാണെങ്കിലും അതെല്ലാം സംഗീതവുമായി ബന്ധപ്പെട്ടുനില്ക്കുന്നു. ശ്രുതിയും താളവും ഒന്നായ് ചേര്‍ന്നൊഴുകുന്ന പുഴപോലെയാണ് ഭാരതീയ സംഗീതം. ഹാര്‍മോണിയവും അതിന്റെ കൈവഴികളിലൊന്നായി ചേരുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. പശ്ചിമ ബംഗാളിലെ സംഗീതജ്ഞരാണ് ഭാരതീയ സംഗീതധാരയിലേക്ക് ഹാര്‍മോണിയത്തെ ചേര്‍ത്തുവയ്ക്കുന്നത്.
ബ്രിട്ടീഷുകാരാണ് തങ്ങളുടെ കോളനികളില്‍ ഒന്നായ ഭാരതത്തിലെ പള്ളികളില്‍ ഉപയോഗിക്കാന്‍ വയലിന് പോലെ ഹാര്‍മോണിയം കയറ്റി അയയ്ക്കുന്നത്. കൈകൊണ്ടോ കാലുകൊണ്ടോ കാറ്റ് അടിച്ചുകൊടുത്തുകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന സംഗീതോപകരണമാണ് ഹാര്‍മോണിയം. ഭാരതത്തില്‍ ഇന്ന് കാണുന്ന രൂപത്തിലേക്ക് ഹാര്‍മോണിയത്തെ പരുവപ്പെടുത്തിയെടുത്തത് സംഗീതജ്ഞനായ ദ്വാരകാനാഥ് ഘോഷാണ്, 1875 ല്‍. അദ്ദേഹത്തിന്റെ തന്നെ സംഗീതോപകരണ നിര്‍മാണ കമ്പനിയായ ദ്വാര്കിന് ആന്‍ഡ് സണ്‍സാണ് ഹാര്മോണിയത്തിന് പുതുരൂപം നല്‍കിയത്. ശാസ്ത്രീയ സംഗീതത്തിന് അനുയോജ്യമായ വിധത്തിലായിരുന്നു രൂപകല്പന. 1915 ലാണ് ഭാരതത്തില്‍ ഹാര്‍മോണിയം നിര്‍മിക്കാന്‍ തുടങ്ങിയത്.
ഭാരതീയ സംഗീതത്തില്‍ ഹാര്‍മോണിയം
ഹാര്‍മോണിയത്തില്‍ ഒരു സ്ഥായിയുടെ അടിസ്ഥാന ഘടന ആദ്യം മൂന്ന് വെളുത്ത കട്ടകള്‍ അവയ്ക്കിടയില്‍ ഒരോ കറുത്ത കട്ടകള്‍ എന്ന നിലയ്ക്കാണ്. അതിനു ശേഷം നാല് വെളുത്ത കട്ടകള്‍, അവക്കിടയില്‍ ഓരോ കറുത്ത കട്ടകള്‍. അതായത് 3+2+4+3=12 സ്വരസ്ഥാനങ്ങള്‍. ഇതു പോലെ മൂന്ന് സെറ്റ് ചേരുമ്പോള്‍ മൂന്ന് സ്ഥായി. ഹാര്‍മോണിയത്തില്‍ മൂന്ന് സ്ഥായിയിലുള്ള സ്വരസ്ഥാനങ്ങളുണ്ട്.
ആദ്യത്തെ വെള്ളക്കട്ട സ മുതല്‍ ഏഴാമത്തെ വെള്ളക്കട്ട നി വരെ മന്ദ്രസ്ഥായി. എട്ടാമത്തെ വെള്ളക്കട്ട സ മുതല്‍ പതിനാലാമത്തെ വെള്ളക്കട്ട നി വരെ മദ്ധ്യസ്ഥായി. പതിനഞ്ചാമത്തെ വെള്ളക്കട്ട സ മുതല്‍ ഇരുപത്തി ഒന്നാമത്തെ വെള്ളക്കട്ട നി വരെ താരസ്ഥായി ഭാരതീയസംഗീതത്തില്‍ 12 സ്വരസ്ഥാനങ്ങളാണുള്ളത്. 12 ശ്രുതികള്‍ ഒരു സ്വരസ്ഥായിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ശ്രുതിസ്ഥാനങ്ങള്‍ മാറ്റമില്ലാത്ത ഹര്‍മോണിയ ശ്രുതിപ്പെട്ടി തന്നെയാണ് ശ്രുതിചേര്‍ക്കാന്‍ ഉത്തമമെന്നാണ് അഭിപ്രായം. 12 ശ്രുതികളില്‍ ഏത് ശ്രുതിയും ഹാര്‍മോണിയത്തില്‍ വായിക്കാന്‍ കഴിയും.
ഹാര്‍മോണിയത്തെ പ്രണയിച്ചവര്‍
രവീന്ദ്രനാഥ ടഗോറിന് ഇഷ്ടപ്പെട്ട സംഗീതോപകരണങ്ങളില്‍ ഒന്നയിരുന്നു ഹാര്‍മോണിയം. ഒട്ടനവധി പാട്ടുകള്‍ അദ്ദേഹം ഹാര്മോണിയത്തിന് അനുസൃതമായി ചിട്ടപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ ആ ഇഷ്ടം അദ്ദേഹത്തിന് ഇടക്കെപ്പോഴോ നഷ്ടമായി എന്നതും ശാന്തിനികേതനില്‍ ഹാര്‍മോണിയം നിഷിദ്ധമായി എന്നതും പില്ക്കാല ചരിത്രം. അദ്ദേഹത്തിന് അതില്‍ എന്തോ പരിമിതി തോന്നി.
ഭാരതീയ ക്ലാസിക്കല്‍ സംഗീതലോകത്തെ ചക്രവര്‍ത്തിമാരായ പണ്ഡിറ്റ് ഭീംസെന്‍ ജോഷി, ഉസ്താദ് ബഡെ ഗുലാം അലിഖാന്, ബീഗം അക്തര്‍ എന്നിവര്‍ ഹാര്‍മോണിയത്തിന്റെ ശ്രുതിക്കൊപ്പം അലിഞ്ഞുപാടിയവരാണ്. പാക് സംഗീതജ്ഞനായ ഉസ്താദ് നസ്രത് ഫത്തേ അലിഖാന്, സംഗീത സംവിധായകന് ഇളയരാജ, എം.കെ. അര്ജുനന്, ഗസല്‍ ഗായകന് ഉമ്പായി തുടങ്ങി പ്രഗല്ഭരുടെ നിരതന്നെയുണ്ട് ഹാര്‍മോണിയത്തിന്റെ പ്രണയിതാക്കളായി. പേരൂര്‍ സുബ്രഹ്മണ്യ ദീക്ഷിതര്‍, പല്ലടം വെങ്കിട്ടരമണ റാവു, പണ്ഡിറ്റ് പി. മധുകര്‍, പണ്ഡിറ്റ് മനോഹര്‍ ചിമോത്, പണ്ഡിറ്റ് തുളസിദാസ് ബോര്‍കര്‍, ഡോ.സുധാന്‍ശു കുല്‍കര്‍ണി, ഡോ. രവീന്ദ്ര കട്ടോടി, അജയ് ജോഗ്ലേകര്‍, വ്യാസ്മൂര്ത്തി കട്ടി തുടങ്ങിയവര്‍ ഹാര്‍മോണിയം വാദനത്തിലെ അഗ്രഗണ്യരാണ്. ഭജന്‍, നാടോടി സംഗീതം, ഗസല്‍, ഗീത്, ഖവാലി, കീര്‍ത്തനം, ഖയാല്‍, കര്‍ണാടക സംഗീതം, ഹിന്ദുസ്ഥാനി തുടങ്ങിയവയെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട് ഹാര്‍മോണിയത്തിന്റെ നാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: