ഇരിങ്ങാലക്കുട : ആധുനിക സൗകര്യങ്ങളോടെ ഇരിങ്ങാലക്കുടയ്ക്ക് അനുവദിച്ച സ്പെഷ്യല്‍ സബ്ജയില്‍ സമുച്ചയനിര്മ്മാണ പുരോഗതി വിലയിരുത്താന്‍ സംസ്ഥാന ജയില്‍ മേധാവി എച്ച് ഗോപകുമാര്‍ ഐ. ജി. എത്തി. സിവില്‍ സ്റ്റേഷന് കൊമ്പൗണ്ടിനോട് ചേര്‍ന്നുള്ള 2 ഏക്കര്‍ 14 സെന്റ് സ്ഥലത്ത് 15000 സ്ക്വയര്‍ഫീറ്റ്, 3 നിലകളോട് കൂടി 300 പ്രതികള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിനായി 10 കോടി 60 ലക്ഷം രൂപ എസ്റ്റിമേറ്റ് എടുക്കുകയും അനുവദിക്കുകയും ചെയ്തിരുന്നു. നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി വരുന്നതിനിടയ്ക്കാണ് അനുവദിച്ച തുകയില്‍ നിന്ന് പഴയ സര്‍ക്കാര്‍ 8 കോടി വകമാറ്റി തിരിച്ചെടുത്തത്. ഈ 8 കോടി മറ്റൊരു ജയിലിന് വേണ്ടി നല്‍കുകയും ചെയതായി വാര്‍ത്ത വന്നിരുന്നു. ഇതോടെ ലഭിച്ച 2 കോടിയില്‍ 1.8 കോടിയുടെ നിമ്മാണം ഇപ്പോള്‍ പൂര്‍ത്തിയായി. ബാക്കി 20 ലക്ഷം ഇലക്ട്രിഫിക്കേഷന് ജോലിക്കായി വകയിരിത്തിയിട്ടുണ്ട് . പക്ഷെ ഇപ്പോള്‍ മാസങ്ങളായി ബാക്കി പണം ലഭിക്കാത്തതു കൊണ്ട് ജയില്‍ സമുച്ചയ നിര്‍മ്മാണം സ്തംഭനാവസ്ഥയിലാണ്. ഇതിനെ തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് ഇരിങ്ങാലക്കുട എംഎല്‍എ പ്രൊഫ കെ യു അരുണന് മാസ്റ്റര്‍ക്ക് നിവേദനം നല്‍കുകയും, അതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നിര്‍മ്മാണം സ്തംഭനാവസ്ഥയിലായ ഇരിങ്ങാലക്കുട സ്പെഷ്യല്‍ സബ്ജയില്‍ ഐ ജി ഗോപകുമാര്‍ സന്ദര്‍ശിച്ചത്. തൃശൂര്‍ ജില്ല ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് എം വി തോമസ്, ഇരിങ്ങാലക്കുട ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരായ കെ ജെ ജോണ്സണ്, കെ പി രാജേഷ്, അസിസ്റ്റന്റ് പ്രീസണ്‍ ഓഫീസര്‍ പി.ജി ബിനോയ് എന്നി ഉദ്യോഗസ്ഥന്മാരും സംസ്ഥാന ജയില്‍ മേധാവിയെ അനുഗമിച്ചിരുന്നു. ഇരിങ്ങാലക്കുടയില്‍ ജയിലിനായി അനുവദിച്ച ഭൂമി 6 മീറ്റര്‍ താഴ്ചയില്‍ ആയതിനാല്‍ ആദ്യഘട്ട നിര്‍മ്മാണങ്ങള്‍ ബുദ്ധിമുട്ട് ഏറിയതും പതുക്കെയും ആയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടക്കുന്നില്ലെന്ന ധാരണയിലാണ് തുക വകമാറ്റിയത്. എന്നാല്‍ പ്രതീക്ഷിച്ചതിലും വേഗം നിര്‍മ്മാണം പുരോഗമിക്കുകയും ആദ്യ നില പൂര്‍ണ്ണമായി വാര്‍ക്കുകയും, ഭിത്തി കെട്ടുകയും ചെയ്തു. 10 കോടിയില്‍ ഫലത്തിലിപ്പോള്‍ രണ്ടര കോടിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുകയും തുടര്‍ നിര്‍മ്മാണത്തിന് ഫണ്ട് ഇല്ലാത്ത അവസ്ഥ നിലനില്‍ക്കുന്നതുകൊണ്ട് ജനുവരിയോടെ പകുതിയോടെ നിര്‍മ്മാണം നിലച്ചു. പതിമൂന്നാം ധനകാര്യ കമ്മീഷന് ശുപാര്‍ശയില്‍ ഉള്‍പ്പെടുത്തി വിവിധ ജയിലുകള്‍ക്കായി അനുവദിച്ച 154 കോടിയില്‍ നിന്നാണ് ഇരിങ്ങാലക്കുട സബ് ജയിലിന് 10 കോടി 60 ലക്ഷം ആദ്യം അനുവദിച്ചത്. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിന് അടിയന്തിരമായി അഞ്ചര കോടിയെങ്കിലും പുതിയ സര്‍ക്കാര്‍ ഉടന്‍ അനുവദിച്ചില്ലെങ്കില്‍ രണ്ടാം നിലയുടെ നിര്‍മ്മാണവും നടക്കില്ലെന്ന അവസ്ഥയിലാണ്. 12 പ്രതികള്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള നിലവിലെ സബ് ജയിലിലിപ്പോള്‍ 70 പ്രതികളാണ് ഇപ്പോഴുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: