കല്‍പ്പറ്റ: ചുരം ബദല്‍ റോഡുകള്‍ യാഥര്ത്ഥ്യമാക്കണമെന്ന് ബി.ജെപി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.താമരശ്ശേരി ചുരം യാത്ര വയനാട്ടുകാര്‍ക്ക് പേടിസ്വപ്നമായി മാറിയിരിക്കുന്നു.മനന്തവടിയില് നിന്ന് കോഴിക്കൊടേക്ക് പലപ്പോഴും അഞ്ചു മുതല്‍ ആറ് മണിക്കൂര്‍ വരെ യാണ് യാത്ര. ബ്ലോക്ക് വന്നാല്‍ മണിക്കൂറുകള്‍ കിടക്കേണ്ടി വരുന്നു.
വയനാട് ചുരത്തിന് ബദലായി പ്രഖ്യാപിച്ച രണ്ടു ബദല്‍ റോഡുകളും ഫയലിലാണ്. 2012ലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ചിപ്പിലിത്തോട് മരുതിലാവ് തളിപ്പുഴ പാതയാണ് ആദ്യ ബദല്‍.പിന്നീട് പ്രഖ്യാപിച്ച മേപ്പാടി കള്ളാടി ആനക്കാംപൊയില്‍ റോഡാണ് രണ്ടാമത്തേത്. ആദ്യ ബദല്‍ റോഡിന്റെ പ്രാരംഭ ചെലവുകള്‍ക്കായി ബജറ്റില്‍ അഞ്ചുകോടി രൂപ വകയിരുത്തിയിരുന്നു.എന്നാല്‍, പ്രഖ്യാപനം കഴിഞ്ഞ് രണ്ടര വര്‍ഷത്തോളമായ ചിപ്പിലിത്തോട ്മരുതിലാവ് തളിപ്പുഴ പാതയുടെ ഒരു നടപടികളും ഇതുവരെ തുടങ്ങിയില്ല. ഈ പാത നടക്കില്ലെന്ന കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് സംശയമില്ല. രണ്ടാം ബദല്‍പാതയായ മേപ്പാടി ആനക്കാംപൊയിലിന്റെ കാര്യത്തിലും സ്ഥിതി ഏതാണ്ട് ഇതുതന്നെയാണ്.
ചുരത്തില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗത തടസ്സം പതിവായ സാഹചര്യത്തിലാണ് ബദല്‍ റോഡിന് വേണ്ടിയുള്ള മുറവിളിയുയര്‍ന്നത്. ദേശീയപാത 212ല്‍ ചിപ്പിലിത്തോട് ആരംഭിച്ച് തളിപ്പുഴയില്‍ എത്തുന്ന ചിപ്പിലിത്തോട്മരുതിലാവ്തളിപ്പുഴ ബദല്‍ റോഡാണ് സംസ്ഥാന സര്‍ക്കാര്‍
2012 13ലെ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതില്‍ കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ മരുതിലാവ് വരെയുള്ള 5.4 കിലോമീറ്റര്‍ സ്വകാര്യ ഭൂമിയാണ്. അവിടെ നിന്നു 3.340 കിലോമീറ്റര്‍ കോഴിക്കോട് ഡിവിഷനില്‍ ഉള്‍പ്പെടുന്ന റിസര്‍വ് വനവും.
വയനാട് അതിര്‍ത്തിയില്‍ വരുന്ന ഭാഗത്തും 5.6 കിലോമീറ്റര്‍ വനമാണ്. മൂന്നു കിലോമീറ്റര്‍ റിസര്‍വ് വനവും 2.6 കിലോമീറ്റര്‍ ഇ.എഫ്.എല്‍. ഭൂമിയും. മൊത്തം 14.44 കിലോമീറ്റര്‍ റോഡില്‍ 8.940 കിലോമീറ്ററും വനഭൂമിയാണ്. ഇതിലൂടെ റോഡ് നിര്‍മിക്കാനുള്ള അനുമതി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഇതുവരെ നല്‍കിയിട്ടില്ല.
പ്രഫ. മാധവ് ഗാഡ്ഗില്‍ റിപോര്‍ട്ട് നടപ്പാക്കുന്നതിന് മാനദണ്ഡം നിശ്ചയിക്കാന്‍ കേന്ദ്രം നിയോഗിച്ച ഡോ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍, ബദല്‍പാത കടന്നുപോവുന്ന രണ്ടു വില്ലേജുകളും അതീവ പരിസ്ഥിതി ലോല പ്രദേശത്തിലാണ് ഉള്‍പ്പെടുക. വയനാട്ടിലെ കുന്നത്തിടവക വില്ലേജും കോഴിക്കോട് ജില്ലയിലെ പുതുപ്പാടി വില്ലേജും. അതുകൊണ്ടുതന്നെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഈ ബദല്‍പാതയ്ക്ക് ലഭിക്കില്ലെന്നും ആശങ്കയുണ്ട്.
നിലവില്‍ ചുരം റോഡ് രണ്ടുവരിപ്പാതയാണ്. ഇതു മൂന്നുവരിപ്പാതയാക്കാന് വനഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, കേന്ദ്രാനുമതി ലഭിച്ചില്ല. നിലവില്‍ ചുരത്തിന്റെ ആറ്, ഏഴ് വളവുകള്‍ വീതികൂട്ടാന്‍ രണ്ടര ഹെക്റ്റര്‍ ഭൂമിക്കായി അപേക്ഷിച്ചിട്ടു പോലും നടന്നില്ല. ഒടുക്കം നിലവിലുള്ള ചാലുകള്‍ മാറ്റിസ്ഥാപിച്ച് പേരിനെങ്കിലും വീതികൂട്ടാനുള്ള ശ്രമവും ഉപേക്ഷിക്കേണ്ടിവന്നു. വനഭൂമിക്ക് കോട്ടംതട്ടുന്ന ഒരുപ്രവൃത്തിയും അനുവദിക്കില്ലെന്ന കര്‍ശന നിലപാട് വനംപരിസ്ഥിതി മന്ത്രാലയം ആവര്‍ത്തിച്ചു. 2013-14ലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ബദല്‍ റോഡായ മേപ്പാടികള്ളാടിആനക്കാംപൊയില് റോഡും പ്രായോഗികമല്ലെന്നാണ് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായം. ചുരം ബദല്‍റോഡിനായി പൊതുമരാമത്ത് വകുപ്പ് നേരത്തെ തയ്യാറാക്കിയ അഞ്ചു പാതകളില്‍ ഏറ്റവും പ്രയാസമുള്ളതും ചെലവേറിയതുമായ പാതയാണിത്.ഈ പാതയില്‍ അപകടസാധ്യത ഏറെയാണെന്നും കോഴിക്കോടുമായി ബന്ധപ്പെടാന്‍ കാര്യമായ ദൂരക്കുറവില്ലെന്നുമാണ് പൊതുമരാത്ത് വകുപ്പിന്റെ റിപോര്‍ട്ട്. മാത്രമല്ല, കസ്തൂരിരംഗന്‍ ശുപാര്‍ശയില്‍ അതീവ പരിസ്ഥിതി ലോല പ്രദേശമായ കോട്ടപ്പടി, വെള്ളാര്‍മല, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി വില്ലേജുകളിലൂടെ കടന്നുപോവുന്ന ഈ പാതയില്‍ വനഭൂമിയുടെ അളവും കുടുതലാണ്.ഫലത്തില്‍ വയനാട് ചുരത്തിന് ബദല്‍ പാതയെന്ന നിര്‍ദേശം അടുത്ത കാലത്തൊന്നും സാധ്യമാവില്ലെന്നാണ് ഇതുവരെയുള്ള റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വയനാടിന് ഏറെ ഗുണം ചെയ്യുന്ന പാത മേപ്പാടി ചൂരല്‍മല നിലമ്പൂര്‍ റോഡാണെന്നായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോര്‍ട്ട്. കല്‍പ്പറ്റയില്‍ നിന്നു 41 കിലോമീറ്റര്‍ കൊണ്ട് നിലമ്പൂരിലെത്താം. മാത്രമല്ല, നിലമ്പൂര്‍ വരെ എത്തിനില്‍ക്കുന്ന റെയില്‍വേ സൗകര്യം വയനാടിന് പ്രയോജനപ്പെടുത്താനും കഴിയും. നിര്‍ദ്ദിഷ്ട മലയോര ഹൈവേയുമായി വയനാടിനെ ബന്ധിപ്പിക്കുന്ന പാത കൂടിയാവും ഇതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. മോഹന്‍ ദാസ്, പി.ജി. ആനന്ദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: