ഇരിങ്ങാലക്കുട : ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും പരാതി ഒന്നു പോലും സ്വീകരിക്കാനാകാതെ കിടക്കുകയാണ് ആളൂര്‍ പോലീസ് സ്റ്റേഷന്. എസ്.ഐ അടക്കമുള്ള ഉദ്യോഗസ്ഥരും, പോലീസ് സ്റ്റേഷനു വേണ്ട അത്യാവശ്യ സൗകര്യങ്ങളും ഇല്ലാത്തതിനാലാണ് ഇവിടെ പരാതിയുമായെത്തുന്നവരെ മറ്റു പോലീസ് സ്റ്റേഷനുകളിലേയ്ക്ക് പറഞ്ഞയക്കേണ്ടി വരുന്നത്. പോലീസ് സ്റ്റേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഇരിങ്ങാലക്കുട പോലീസ് സര്‍ക്കിളിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള ഒരു പോലീസുകാരനെ രാവിലെ ഏട്ടു മുതല്‍ പിറ്റേ ദിവസം ഏട്ടു വരെ ഇവിടേയ്ക്ക് നിയോഗിക്കുകയാണിപ്പോള്‍. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ഉദ്ഘാടനം ചെയ്ത പോലീസ് സ്റ്റേഷന് ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനടുത്താണ് സ്ഥിതി ചെയ്യുന്നത്. പോലീസ് സ്റ്റേഷനാവശ്യമുള്ള ഉദ്യോഗസ്ഥരെ ഇതുവരെ നിയോഗിച്ചിട്ടില്ല. പ്രിന്‍സിപ്പല്‍ എസ്.ഐ, എ.എസ്.ഐ, അഡീഷണല്‍ എസ്.ഐ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ പോലീസ് ഓഫീസര്‍ തുടങ്ങിയ തസ്തികകളില്‍ 35 മുതല്‍ 40 പേര് പോലീസ് സ്റ്റേഷന്റെ പ്രവര്ത്തനത്തിനാവശ്യമുണ്ട്. കൂടാതെ വയര്‍ലെസ് സെറ്റും ജീപ്പും ടെലിഫോണും ഇല്ല. പഴയൊരു ടെലിവിഷന്‍ കൊണ്ടുവച്ചതല്ലാതെ ഉദ്യോഗസ്ഥരെ ഇതുവരെ നിയമിച്ചിട്ടില്ല.
പരാതിയായി വരുന്ന റെയില്‍വേ പാലത്തിനു കിഴക്കു വശത്തുള്ളവരെ കൊടകര പോലീസ് സ്റ്റേഷനിലേയ്ക്കും, പാലത്തിന് പടിഞ്ഞാറുള്ളവരെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലേയ്ക്കും പറഞ്ഞയക്കുകയാണിപ്പോള്‍ ചെയ്യുന്നത്.
പോലീസ് സ്റ്റേഷനിലേയ്ക്ക് വിവിധ തസ്തിക സൃഷ്ടിച്ച് ഏപ്രിലില്‍ വിജ്ഞാപനം ഇറങ്ങിയെങ്കിലും തുടര്‍നടപടി ഇല്ലാത്തതാണ് സ്റ്റേഷന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുവാന്‍ ഇടയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: