കൊടുങ്ങല്ലൂര്‍ : തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികളടക്കം ആറുപേര്‍ക്ക് പരിക്ക്. പൊയ്യ പഞ്ചായത്തിലെ കഴിഞ്ചിത്തറയിലുള്ള നാല് പേര്‍ക്കും കൃഷ്ണന്‍കോട്ടയിലുള്ള രണ്ടുപേര്‍ക്കുമാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കഴിഞ്ചിത്തറ കുര്യാപ്പിള്ളി ബിജുവിന്റെ മകന് ജെഫിന് (6 ), അരക്കപ്പറമ്പില്‍ സജിമോന്റെ മകന് ആയുസ്(5 ), ചാക്കത്തറ ഗോപിയുടെ മകന് അതുല്‍ (12 ) (മൂവരും വിദ്യാര്‍ത്ഥികള്‍), ചെന്തുരുത്തി ചിങ്ങാട്ടുപുറം ഗൗരി (53 ), കൃഷ്ണന്‍കോട്ട സ്വദേശികളായ ചേരമാന്തുരുത്തി ജോണിന്റെ മകള്‍ അന്ന (10 ), ചേരമാന്തുരുത്തി പി സി തോമസ് (57 ) എന്നിവര്‍ക്കാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ജെഫിനും ആയുസും അതുലും സ്കൂള്‍ വിട്ട ശേഷം വീട്ടിലേക്ക് വരുന്ന വഴിയാണ് കൂട്ടമായെത്തിയ നായ്ക്കളുടെ ആക്രമണമുണ്ടായത്. ഇവരുടെ മുഖത്തും കൈക്കും മറ്റുമാണ് കടിയേറ്റത്. ഗൗരിയുടെയും അന്നയുടേയും തുടയിലാണ് കടിയേറ്റത്. തോമസിന്റെ കാലിനാണ് പരിക്ക്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്. ഇവരെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.ഈ സംഭവത്തോടെ മേഖലയിലെ ജനങ്ങള്‍ കൂടുതല്‍ ഭീതിയിലായിരിക്കയാണ്. ആക്രമണകാരികളായ തെരുവ് നായ്ക്കള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ജനങ്ങളുടെ ഭീതി അകറ്റണമെന്ന ആവശ്യം കൂടുതല്‍ ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: