തൃശൂര്‍:ഐ.ആര്.ഡി.പി/എസ്.ജി.എസ്.വൈ കുടുംബശ്രീ ഓണം ബക്രീദ് വിപണനമേള ജില്ലയില്‍ സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ നടക്കും. എം.ജി റോഡിലെ ശ്രീ. ശങ്കര ഓഡിറ്റോറിയത്തിന് മുന്‍വശത്തെ പുതിയ കെട്ടിടത്തിലാണ് ഇത്തവണ മേളയ്ക്ക് കൊടിയേറുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ചെയര്‍മാനും ജില്ലാകലക്ടര്‍ ഡോ. എ. കൗശിഗന് ജനറല്‍ കണ്‍വീനറും മന്ത്രിമാരായ എ.സി മൊയ്തീന്, വി.എസ് സുനില്കുമര്, സി. രവീന്ദ്രനാഥ് എന്നിവര്‍ രക്ഷാധികാരികളുമായി മേളയുടെ സംഘാടകസമിതി രൂപീകരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബി.ഡി.ഒ മാര്‍, ഗ്രാമവികസന വകുപ്പിലെ ജില്ലാതല ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ച ആലോചന യോഗത്തിലാണ് സംഘാടകസമിതി തീരുമാനമായത്. പ്ലാസ്റ്റിക് പരിപൂര്‍ണ്ണമായും ഒഴിവാക്കി കൊണ്ടാവും ഇത്തവണ മേള നടത്തുക. ഫ്ളെക്സ് ബോര്‍ഡുകള്‍ക്ക് പകരം തുണി ബാനറുകള്‍ ഉപയോഗിക്കും. പ്ലാസ്റ്റിക് പൂക്കള്‍, പ്ലാസ്റ്റിക് അലങ്കാരങ്ങള്‍, ക്യാരിബാഗുകള്‍ എന്നിവയും ഒഴിവാക്കും. പകരം കടലാസും തുണിയും ഉപയോഗിച്ചുള്ള പൂക്കളും, അലങ്കാരങ്ങളും, സഞ്ചികളും ഉപയോഗിക്കും. ശുചിത്വമിഷന്റെ സഹകരണത്തോടെയാണ് തുണി സഞ്ചികള്‍ നല്‍കുക.
മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും മേളയുടെ നടത്തിപ്പ്. അതുകൊണ്ട് മേളയിലെ പാചകവും ഒഴിവാക്കിയിട്ടുണ്ട്. ക്യാന്റീന് സംവിധാനം ഉണ്ടെങ്കിലും നേരത്തെ പാകം ചെയ്ത ഭക്ഷ്യവസ്തുക്കളാവും വിതരണം ചെയ്യുക. അഞ്ഞൂറ് രൂപയ്ക്ക് മേല്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സമ്മാന കൂപ്പണുകള്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: