തൃശൂര്‍: അഴീക്കോട്മുനമ്പം ജങ്കാര്‍ അറ്റകുറ്റപ്പണികളില്‍ ക്രമക്കേട് കണ്ടെത്തിയ കേസില്‍ അന്വേഷണം തുടരാന്‍ ഹൈകോടതി നിര്‍ദ്ദേശം. അന്വേഷണ പുരോഗതി യഥാസമയം കോടതിയെ അറിയിക്കണം, അവസാന കുറ്റപത്രം ഹൈക്കോടതിയില്‍ ഹാജരാക്കിയതിന് ശേഷം മാത്രം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കാനും ജസ്റ്റിസ് ബി.കെമാല്‍പാഷ ഉത്തരവിട്ടു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമാരായ കെ.വി.ദാസന്, സി.സി. ശ്രീകുമാര്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 18നായിരുന്നു തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജായിരുന്ന എസ്.എസ്. വാസന് ഉത്തരവിട്ടത്. ഏപ്രില്‍ 28ന് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതായി കേസ് അന്വേഷിക്കുന്ന എറണാകുളം വിജിലന്‍സ് എസ്.പി കോടതിയെ അറിയിച്ചു. എഫ്.ഐ.ആര് സ്വീകരിച്ച ജഡ്ജ് സി.ജയചന്ദ്രന് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ഇതിനിടയില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുന്നതിനെതിരെ ദാസന് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നു. ചൊവ്വാഴ്ച കേസ് പരിഗണിച്ച കോടതി സ്റ്റേ ഹര്‍ജി നല്‍കും മുമ്പ് തന്നെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം അംഗീകരിച്ച് സ്റ്റേ അനുവദിച്ചിരുന്നത് നീക്കിയാണ് അന്വേഷണം തുടരാന്‍ ഉത്തരവിട്ടത്.
അന്വേഷണ ഉദ്യോഗസ്ഥന് പൂര്‍ണാധികാരം നല്കിയ കോടതി, അന്വേഷണത്തിന്റെ ഘട്ടങ്ങളെല്ലാം അതത് സമയത്ത് ബോധിപ്പിക്കണമെന്നും കുറ്റപത്രം ഹൈക്കോടതിയില്‍ ഹാജരാക്കിയതിന് ശേഷം മാത്രം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2009 മുതല്‍ 2015വരെയുള്ള കാലവയളവില്‍ ജങ്കാര്‍ അറ്റകുറ്റപ്പണികളില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി കാണിച്ച് തൃശൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അംഗം അഡ്വ. വിദ്യാസംഗീത് നല്കിയ ഹര്‍ജിയിലാണ് അന്വേഷണം. കെ.വി.ദാസന്, ശ്രീകുമാര്‍ എന്നിവരെ കൂടാതെ ആരോപണകാലത്തെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണുമായിരുന്ന ലീലാ സുബ്രഹ്മണ്യന്, ജില്ലാ പഞ്ചായത്ത് മുന്‍ സെക്രട്ടറി ശുഭകുമാര്‍, സെക്രട്ടറി ഇന്‍ചാര്‍ജ് എ.ജെ. വര്‍ഗീസ്, ജങ്കാര്‍ സര്‍വീസിന്റെ മുന്‍ കരാറുകാരന് വേണുഗോപാലന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
വിദ്യാസംഗീത് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണായിരിക്കെ കമ്മിറ്റിയെ മറികടന്ന് മുന്‍ പ്രസിഡന്റ് കെ.വി. ദാസനും, കരാറുകാരന് വേണുഗോപാലനും ചേര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ അറ്റകുറ്റപ്പണികളും ഗിയര്‍ബോക്സ് വാങ്ങലും നടത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ജങ്കാറിനെ പൊതുമരാമത്ത് വകുപ്പിന് കീഴില്‍നിന്ന് ധനകാര്യവകുപ്പിന് കീഴിലേക്ക് മാറ്റി. അറ്റകുറ്റപ്പണികള്‍ക്ക് ശേഷവും ജങ്കാര്‍ തകരാറിലായി, അറ്റകുറ്റപ്പണികള്‍ക്കായി പിന്നീട് കൊച്ചി കപ്പല്‍ശാലയെ ഏല്‍പ്പിച്ചു.
കരാറുകാരെ ഒഴിവാക്കി സര്‍വീസ് ഏറ്റെടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ജില്ലാ പഞ്ചായത്ത് പാലിച്ചില്ലെന്നും സംസ്ഥാന വിജിലന്‍സിന്റെ അന്വേഷണം നിലനില്‍ക്കില്ലെന്ന ഉദ്ദേശ്യത്തിലാണ് കേന്ദ്ര ഏജന്‍സിയായ കൊച്ചി കപ്പല്‍ശാലയെ ഏല്‍പ്പിച്ചതെന്നും വിദ്യാസംഗീതിന്റെ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പ്രതികളെ രക്ഷിക്കുന്ന വിധത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നതായുള്ള ആക്ഷേപത്തില്‍ നേരത്തെ കേസില്‍ ത്വരിതാന്വേഷണം നടത്തിയ തൃശൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി.യുള്‍പ്പെടുന്ന സംഘത്തിനെതിരെയും അന്വേഷണം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: