അത്താണി : കാറില്‍ കടത്തിയിരുന്ന പത്തു ചാക്ക് നിരോധിത പുകയില ഉല്പന്നവുമായി രണ്ടു യുവാക്കളെ വിയൂര്‍ പോലീസ് പിടികൂടി. പെരുമ്പാവൂര്‍ സ്വദേശികളായ കരിക്കനാത്തൊടിയില് വീട്ടില്‍ മുനീര്‍(24), കൊല്ലംതൊണ്ടില് വീട്ടില്‍ മുനീര്‍ (23) എന്നിവരാണ് അറസ്റ്റിലായത്. വാഹനപരിശോധനയ്ക്കിടെ അത്താണിയില്‍ വച്ച് പോലീസ് കൈ കാണിച്ചിട്ടും ഇവര്‍ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. വയര്‍ലസ് സന്ദേശം ലഭിച്ചതനുസരിച്ച് കോലഴിയില്വച്ച് വീണ്ടും പോലീസ് തടഞ്ഞെങ്കിലും ഇവര്‍ നിര്‍ത്തിയില്ല. തുടര്‍ന്ന് വിയൂര്‍ എസ്ഐ സി.പി. ജോണിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പാടൂക്കാട് വരെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. 1500 പാക്കറ്റുകള്‍ വീതമുള്ള ചാക്കുകളിലാക്കി കാറിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഹാന്‍സ്. പൊള്ളാച്ചിയില്‍ നിന്ന് ഒരു ലക്ഷം രൂപയ്ക്കാണ് ഇത് വാങ്ങിയതെന്നും നാട്ടില്‍ അഞ്ചു ലക്ഷം രൂപ വരെ വില ലഭിക്കുമെന്നും പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ്, അരുണ്‍ എന്നിവര്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: