ബത്തേരി : നാല് വര്‍ഷത്തിലധികമായി ശരീരം തളര്‍ന്ന് കിടപ്പിലായ യുവാവിന് ചികിത്സാ സഹായം എത്തിക്കുന്നതിനും ഒരു കൂട്ടം യുവാക്കള്‍ നടത്തുന്ന ശ്രമം ശ്രദ്ധേയമായി. നെന്മേനി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ അമ്മായിപ്പാലം കുനിപ്പുര കോളനിയിലെ സുരേഷ് എന്ന യുവാവ് കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി ശരീരം തളര്‍ന്ന് കിടപ്പിലാണ്. സുരേഷിന്റെ ഭാര്യ മഞ്ജു വികലാംഗയാണ്. നാല് പിഞ്ചുകുട്ടികളുമുണ്ട്. നാട്ടുകാരും പെയിന്‍ & പാലിയേറ്റീവ് പ്രവര്‍ത്തകരും നല്കി വരുന്ന ചെറിയ സഹായം മാത്രമാണ് ആശ്രയം. ചികിത്സ വഴിമുട്ടിയ സാഹചര്യത്തിലാണ് പി.അഷ്മര്‍, പി.കെ.യൂനുസ്, കരിം ചോലയില്‍, നാസര്‍, ലത്തീഫ് പുന്നോളി എന്നിവരടങ്ങിയ യുവാക്കളുടെ സംഘം രാഗസുധ എന്ന പേരില്‍ ഗാനമേള ട്രൂപ്പ് രൂപീകരിച്ച് സുരേഷിനേയും കുടുംബത്തേയും സഹായിക്കാന്‍ മുന്നിട്ടിറങ്ങിയത്. തെരുവോരങ്ങളില്‍ ഗാനമേള നടത്തി ഇവര്‍ സ്വരൂപിച്ച തുകയില്‍ ആദ്യഗഡുവായി ഇരുപത്തി രണ്ടായിരം രൂപ കഴിഞ്ഞ ദിവസം നെന്മേനി ഗ്രാമപഞ്ചായത്ത് അംഗം പി.കെ.സത്താര്‍ സുരേഷിന്റെ കുടുംബത്തിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: