അന്ന്,
ഒരു ഞായറാഴ്ചയായിരുന്നു. ഉദയംപേരൂര്‍ ഫിഷര്‍മെന്‍ കോളനി. പുഴക്കാറ്റ് വീശിയടിച്ചുകൊണ്ടിരുന്ന പ്രഭാതം. കാറ്റിന് കണ്ണീരിന്റെ ഉപ്പുരസം. നിരനിരയായി നിറഞ്ഞ വീടുകള്‍. അതിനിടയിലൂടെ ചെറുവഴി. വഴിയ്ക്കരികില്‍ ഒരു ഗ്രാമചായക്കട.
കടയിലിരുന്ന് കൊച്ചുപുര രാജു എന്ന അമ്പത്തെട്ടുകാരന് ചായ കുടിക്കുന്നു. അപ്പോഴാണ് അവിടെ ചായ കുടിച്ചുകൊണ്ടിരുന്ന സുതന് (ശരിയായ പേരല്ല) എഴുന്നേറ്റ് രാജുവിന്റെ അടുത്തെത്തിയത്.
”രാജു…ഞാനിപ്പോള്‍ മരിച്ചുപോകും. എന്നെ വീട്ടിലെത്തിക്കണം.”
രാജ ഒന്നമ്പരന്നു.
തലേന്നത്തെ ‘കെട്ടി’റങ്ങാതെ വല്ല പിച്ചും പേയും പറയുന്നതായിരിക്കുമോ..സുതനെ നോക്കി.
”നോക്കാനൊന്നും നിക്കണ്ട. ഞാന്‍ നല്ല ബോധത്തോടെയാണ് പറയണയ്. ഞാന്‍ മരിക്കാന്‍ പോവുകയാണ്. എന്നെ വീട്ടില്‍ കൊണ്ടുപോയി വിട്.”
ബാക്കി ചായ ഒറ്റവിക്ക് കുടിച്ച്, ഗ്ലാസ് തിരിച്ചേല്‍പ്പിച്ച് രാജു ചോദിച്ചു.
”സുതന് വല്ല അസുഖോം ഉണ്ടോ..എങ്കി പറാ. നമുക്ക് ആശുപത്രീലോട്ടു പോകാം.”
”ഒരാശുപത്രീലേക്കും പോകണ്ട. ഞാന്‍ മരിക്കാന്‍ പോവുകയാണ്. എന്റെ കൂടെ വീടുവരെ ഒന്നു കൂട്ടുവന്നാല്‍ മതി.”
എന്തു ചെയ്യണം എന്നറിയാതെ ഒരു നിമിഷം രാജു നിന്നു. പിന്നെ സുതന് പറഞ്ഞതുപോലെ അയാളെ വീട്ടില്‍ കൊണ്ടുവിടാന്‍ തയ്യാറായി.
രാജുവിനോടൊപ്പം സുതന് വീട്ടിലെത്തി. ഭാര്യയെ നീട്ടിവിളിച്ചു. രാജുവിെന കണ്ടപ്പോള്‍ സുതന്റെ ഭാര്യ ചോദിച്ചു.
”ഇത്രേം കാലത്തെ എന്താ രാജുചേട്ടാ കാര്യം?” എന്തു മറുപടി പറയണം എന്നറിയാതെ രാജു ഒരു നിമിഷം ശങ്കിച്ചുനിന്നു.
സുതന് തന്നെ ധൃതിയില്‍ പറഞ്ഞു.
”നീയും രാജുവുംകൂടി എന്നെ ആ കട്ടിലിലേക്ക് പിടിച്ചുകിടത്ത്….ഞാന്‍ മരിക്കാന്‍ പോണ്.”
ഇതെന്തൊരു കൂത്ത് എന്ന മട്ടില്‍ ഭാര്യ അമ്പരപ്പോടെ നോക്കി.
”ചായക്കടേലുവച്ച് ഇതും പറഞ്ഞ എന്നെ കൂട്ടിക്കൊണ്ടുവന്നത്…വല്ല അസുഖോം തോന്നനോണ്ടങ്കി ആശുപത്രിയിലോട്ട് വണ്ടീം വിളിച്ചു പോകാന്ന് ഞാന്‍ പറഞ്ഞതാ.”
”എനിക്കാശുപത്രീ പോകണ്ട. ഇവിടെ നിന്റെ ഈ വീട്ടി കിടന്ന് മരിക്കണം. ഒരസുഖോം എനിക്കില്ല.”- സുതന് തീര്‍ച്ചപ്പെടുത്തിയ നിലപാടില നില്‍ക്കുകയാണ്.
”ചായ കുടിക്കാനിയാളെന്തിനാ കടേലോടു പോണെ. ഞാന്‍ ഒണ്ടാക്കി കൊടുക്കത്തില്ലെ.”
ചായ കുടിക്കാന്‍ ഭര്‍ത്താവ് കടയില്‍ പോയ അഭിമാനക്ഷതത്തിലായി ഭാര്യ.
”നീം അതും ഇതും പറയാതെ എന്നെ പിടിച്ചുകിടത്തണുണ്ടോ…”
സുതന്റെ ഭാര്യയും രാജുവുംകൂടി മുറിയിലെ കട്ടിലില്‍ സുതനെ പിടിച്ചുകിടത്തി.
”ആ പിള്ളാരെ വിളിക്ക്.”
ഭാര്യ കുട്ടിളെ വിളിച്ചു.
അവരെത്തി.
”നിങ്ങള്‍ എന്റെ അടുത്ത് നിക്ക്. അച്ഛന് മരിക്കാന്‍ പോകുവാ….”
കുട്ടികള്‍ അയാളുടെ കട്ടിലിനരികില്‍ നിന്നു. അച്ഛന് എന്തു ഭ്രാന്താണ് പറയുന്നത് എന്ന മട്ടില്‍ അവര്‍ തമ്മില്‍ത്തമ്മില്‍ നോക്കി.
സുതന് നീണ്ടു നിവര്‍ന്ന് കിടന്നു. എല്ലാവരേയും നോക്കി. ദീര്‍ഘമായി ശാസോഛ്വാസം ചെയ്തു. കണ്ണടച്ചു.
സുതന് പറഞ്ഞതുതന്നെ സംഭവിച്ചു!
പിന്നെ, ആ കണ്ണുകള്‍ തുറന്നില്ല. സുതന് മരിച്ചു.
നടന്ന ഈ സംഭവം വായിക്കുമ്പോള്‍ ഒരുപക്ഷെ യാഥാര്‍ത്ഥമോ എന്നു സംശയിച്ചേക്കാം.
മഹായോഗികള്‍ ചിലര്‍ തങ്ങളുടെ ശരീരം വെടിയുന്ന സമയം കൃത്യമായി പ്രവചിച്ച് ആ സമയത്തുതന്നെ സമാധിയായത് നാം കേട്ടറിഞ്ഞിട്ടുണ്ട്.
എന്നാല്‍ ഇത് സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു ഫിഷര്‍മാന്റെ അനുഭവം!
അത്ഭുതങ്ങളെക്കുറിച്ചൊക്കെ നമ്മള് പറയുമ്പോള്‍ ഓരോ ദിവസവും നമ്മള്‍ക്കുണ്ടാവുന്ന അനുഭവങ്ങള്‍ തന്നെ അത്ഭുതങ്ങളല്ലെ. അത് എന്തേ നമ്മള് അറിയാതെ പോകുന്നു?
ശ്രീകുമാറിന്റെ കാര്യം മറ്റൊന്നായിരുന്നു.
അയാള്‍ എന്റെ പഴയകാല സുഹൃത്താണ്. ദീര്‍ഘകാലത്തെ ഇടവേളക്കുശേഷമാണ് അയാള്‍ എന്നെ കാണാന്‍ വീട്ടിലെത്തിയത്.
സംഭാഷണമധ്യേ അയാള്‍ പറഞ്ഞത് സഹോദരിയുടെ മകനെപ്പറ്റിയായിരുന്നു.
സഹോദരിയുടെ ഭര്‍ത്താവ് മരിച്ചുപോയിരുന്നു. മൂന്ന് ആണ്‍കുട്ടികളാണ് സഹോദരിക്കുള്ളത്. മൂത്ത രണ്ടു മക്കള്‍ക്ക് അത്യാവശ്യം വിദ്യാഭ്യാസം ഉണ്ട്. ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയാകുന്നു. രണ്ടാമത്തെയാള്‍ തുണിവ്യാപാരത്തില്‍. മൂന്നാമത്തെ മകന് വിദ്യാഭ്യാസം ഉഴപ്പി. പത്താംക്ലാസുപോലും പാസാകാതെ നടക്കുന്നു.
അച്ഛന് ജോലിക്കിരിക്കെ മരിച്ചതുമൂലം അവന് ആ സ്ഥാപനത്തില്‍ ജോലി കിട്ടുമോ എന്ന് അന്വേഷിച്ചു. അത്തരം ഒരു സാധ്യതയും രീതിയും അവിടെ ഇല്ല. പോരാത്തതിന് വിദ്യാഭ്യാസക്കുറവും.
പക്ഷെ-
എന്റെ സുഹൃത്ത് ശ്രീകുമാര്‍ തീര്‍ത്തു പറഞ്ഞു. ”മോഹന്‍ നോക്കിക്കോ. അവന് അവിടെത്തന്നെ ജോലികിട്ടും. മൂത്തവന് സര്‍ക്കാര്‍ ജോലി കിട്ട്വോം ഇല്ല.
”താനിതെന്തൊരു ഭ്രാന്താ പറയുന്നത്.” ഞാന്‍ പരിഹസിച്ചു.
ഒരു സാധ്യതയും ഇല്ലാത്തത് നടക്കും എന്നു പറയുന്നത് ഭ്രാന്ത് അല്ലാതെന്താ?
”രണ്ടുമാസം കഴിയട്ടെ ഇതെല്ലാം ഉണ്ടാകും മോഹന്‍.” അയാള്‍ തീര്‍ത്തു പറഞ്ഞു.
ശ്രീകുമാറിന് ജ്യോതിഷം അറിയില്ലെന്നു മാത്രമല്ല അതില്‍ വിശ്വാസവും ഇല്ല.
”താന്‍ വെറുതെ വായില്‍ തോന്നീതു പറയരുത്.”- ഞാന്‍ പറഞ്ഞു.
”വായില്‍ തോന്നീതല്ല. ഇത് മനസ്സില്‍ തോന്നീതാ….”
”മനസ്സ് സത്യേ പറയൂ…”
”ഇപ്പൊ പറയണത് മനസ്സ് പിച്ചും പേയുമാണ്.” ഞാനും പറഞ്ഞു.
പി.എസ്.സി സെലക്ഷന് കിട്ടി നില്ക്കുന്ന ആള്‍ക്ക് ജോലി കിട്ടില്ലെന്നും ജോലി കിട്ടാന്‍ ഒരു സാധ്യതയുമില്ലാത്തിടത്ത് ജോലി കിട്ടുമെന്നും പറയുന്നത് പിച്ചും പേയുമല്ലാതെ പിന്നെന്താണ്? അന്നും ഒരു ഞായറാഴ്ചയായിരുന്നു.
പക്ഷെ.
അത്ഭുതം നടന്നു!
അവന് പറഞ്ഞതുപോലെതന്നെ. സര്‍ക്കാര്‍ പി.എസ്.സി റാങ്ക്ലിസ്റ്റ് റദ്ദുചെയ്തു.
സര്‍ക്കാര്‍ ജോലിക്ക് പ്രതീക്ഷിച്ചിരുന്നത് ഇല്ലാതായി. സ്ഥാപനം ആശ്രിതര്‍ക്ക് ജോലി നല്കാന് തീരുമാനം എടുത്തു- മാത്രവുമല്ല അച്ഛന്റെ ഉറ്റസുഹൃത്തായിരുന്ന യൂണിയന് നേതാവിന്റെ ശുപാര്‍ശയോടെ ജൂലൈ 29 ന് അവിടെ ജോലി ലഭിക്കുകയും ചെയ്തു!
എങ്ങനുണ്ട് കാര്യങ്ങള്‍…..?!
വസ്തുത അറിഞ്ഞ ഉടനെ ഞാന്‍ ശ്രീകുമാറിനെ വിളിച്ചു. ”താനിതെങ്ങിനെ പ്രവചിച്ചെടോ?”
”ഞാനത് അന്നുതന്നെ പറഞ്ഞില്ലെ. മനസ്സില്‍ തോന്നിയതാണന്ന്.”
ശരിയാണ്.
പലപ്പോഴും നമ്മുടെ മനസ്സ് പറയുന്നത് സത്യമായി ഭവിക്കാറില്ലേ. ആ ‘ഇന്റ്റിയൂഷന്’ നമ്മെ അത്ഭുതപ്പെടുത്താറുമില്ലെ.
അങ്ങിനെയെങ്കില്‍ നമുക്ക് പരമാവധി കാര്യങ്ങള്‍ പലതും നേരത്തെ അറിയാന്‍ കഴിയുന്നില്ല.
”മനസ്സ് പവിത്രമാക്കിക്കുക. സ്ഫടികംപോലെ അപ്പോള്‍ കാണാനും കഴിയും,” സന്യാസം സ്വീകരിച്ച എന്റെ മറ്റൊരു സുഹൃത്ത് പറയുകയുണ്ടായി.
എല്ലാവരും ജനിക്കുന്നത് സത്യസന്ധരായിത്തന്നെയാണ്. പിന്നീട് പഠിക്കുന്നത് കാപട്യവും.
”നിങ്ങള്‍ സത്യം പറയാന്‍ ചെയ്യാന്‍ ശീലിക്കണം.” ആളുകള്‍ പറയും. യഥാര്‍ത്ഥത്തില്‍ അങ്ങിനെ പറയേണട കാര്യമുണ്ടൊ?
നമ്മള് ജന്മനാതന്നെ സത്യസന്ധരാണ്. പിന്നെ ശീലിക്കുന്നത് കള്ളം പറയാനും കാപട്യം കാണിക്കാനുമാണെന്നുമാത്രം.
”കള്ളം പറയാനും ചെയ്യാനും ശീലിക്കരുത്” എന്നല്ലെ പറയേണ്ടത്.
”ജീവിക്കാനല്പം കള്ളത്തരമൊക്കെ വേണമെടോ?” ചില പ്രായോഗിക വാദികള്‍ സാധൂകരിക്കുന്നു.
ആരു പറഞ്ഞു?!
പ്രകൃതിയില്‍ മനുഷ്യനൊഴികെയുള്ള ജീവജാലങ്ങളൊക്കെ കള്ളമില്ലാതെ ജീവിക്കുന്നത് നാമെന്തേ കാണാതെ പോകുന്നു.
സത്യത്താല്‍ ശ്രദ്ധിച്ചാല്‍ നിരീക്ഷണത്താല്‍ മനസ്സിനെ സ്ഫുടം ചെയ്തെടുത്താല്‍ ഒരു പക്ഷെ മഹര്ഷികളെപ്പോലെ നമുക്കും ത്രികാലജ്ഞാനം കൈവരില്ലേ?!
നോസ്ട്രഡാമസിന്റേയും മറ്റും പ്രവചനങ്ങളില്‍ അത്ഭുതം കൂറുന്നവരാണ് നമ്മള്.
ഭാവി തെറ്റാതെ പ്രവചിക്കുന്ന ചില ജ്യോതിഷികളേയും കണ്ടേക്കാം.
എന്നാല്‍ കല്പിതകഥ യാഥാര്ത്ഥ്യമാകുന്നതായിരുന്നു അമേരിക്കന്‍ ഗ്രന്ഥകാരനായ എഡ്ഗര്‍ അല്ലന്‍പോയുടെ നാന്റുക്റ്റിലെ ആര്‍ഥര്‍ ഗോര്ദന് പിമ്മിന്റെ കഥ എന്ന ചെറുകഥ. 1938 ലാണ് പോ ഈ കഥ പ്രസിദ്ധീകരിച്ചത്.
കപ്പല്‍ തകര്‍ന്ന് കടലില്‍പെട്ടുപോയ മൂന്നുപേര്‍. ദീര്‍ഘകാലത്തെ വിശപും ദാഹവും. ഒടുവില്‍ ഗത്യന്തരമില്ലാതെ പട്ടിണിയില്‍ മരണമടയും എന്നു തോന്നിയപ്പോള്‍ രണ്ടുപേര്‍ ചേര്‍ന്ന് മൂന്നാമനായ റിച്ചാര്‍ഡ് പാര്‍ക്കര്‍ എന്ന സഹയാത്രികനെ കൊന്നുതിന്നുന്നു. കഥയിതാണ്.
എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ 1884.
അപകടത്തില്‍ ഒരു കപ്പല്പെട്ടു. ജീവന് കിട്ടിയത് മൂന്നുപേര്‍ക്ക്. നടുക്കടലില്‍ അനാഥരായി ഒഴുകിനടന്ന അവര്‍ ഒപ്പമുണ്ടായിരുന്ന ക്യാമ്പില്‍ ബോയിലെ കൊന്നുതിന്ന് വിശപ്പടക്കി. കൊല്ലപ്പെട്ട ആളുടെ പേര് എന്തായിരുന്നെന്നോ ‘റിച്ചാര്‍ഡ് പാര്‍ക്കര്‍!!!
1947 ല്‍ ബ്രിട്ടനിലെ ചില ഡോക്ടര്‍മാരും മനഃശാസ്ത്രജ്ഞന്മാരും സാധാരണ മനുഷ്യന് ഭാവി മുന്‍കൂട്ടി അറിയാന്‍ കഴിയുമോ എന്നതില്‍ ഒരു ഗവേഷണം നടത്തുകയുണ്ടായി. അതിന്റെ ഭാഗമായി ഗവേഷണാംഗങ്ങള് കാണുന്ന സ്വപ്നങ്ങള്‍ രേഖപ്പെടുത്തി സൂറിച്ചിലെ യൂങ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കാന്‍ തീരുമാനിച്ചു.
അപരിചിതരായ ആ അംഗങ്ങള്‍ അതു ചെയ്തു.
സംഘത്തിലെ ഒരംഗം ഒരപകടം സ്വപ്നം കണ്ടത് അറിയിച്ചു. മറ്റൊരാള്‍ ഷനോണ്‍ വിമാനത്താവളത്തിനടുത്ത് ഒരു വിമാനം വീഴുന്നതായാണ്. മറ്റൊരാള്‍ ഡച്ച് എയര്‍ലൈന്‍സിന്റെ കെഎല്‍എം വിമാനം തകര്‍ന്നുവീഴുന്നു എന്നും ആയിരുന്നു. സംഘത്തലവന് ഡോ. ആലീസ് ബക്ക് സ്വപ്ന സമയങ്ങള്‍ രേഖപ്പെടുത്തി. ഏകദേശം അര്‍ധരാത്രിക്കുശേഷവും വെളുപ്പിന് 4 മണിക്കു മുന്‍പുമായിരുന്നു എല്ലാവരും കണ്ട സമയം.
ഈ സ്വപ്നങ്ങള്‍ ഉണ്ടായത് 1954 സെപ്തംബര്‍ 2, 3 തീയതികളില്‍ ആയിരുന്നു. സ്വപ്നത്തില്‍ കണ്ടത് സംഭവിക്കകുതന്നെ ചെയ്തു. കൃത്യം പിറ്റേന്ന് ഒരു കെഎല്‍എം വിമാനം തകര്‍ന്നുവീണു!
പ്രവചിക്കാനല്ലെങ്കിലും കാര്യങ്ങള്‍ കണ്ടറിയാന്‍ നമുക്കും ശുദ്ധമനസ്ക്കരാകാം. അല്ലേ-
പ്രതികരിക്കാൻ ഇവിടെ എഴുതുക: