മാനന്തവാടി : എടവക പഞ്ചായത്തിലെ കാവണകുന്നില് സ്ഥിതിചെയ്യുന്ന ശ്മശാനം സാമൂഹ്യദ്രോഹികള്‍ കയ്യടക്കുന്നതായി ബിജെപി പാണ്ടിക്കടവ് ബൂത്ത് കമ്മിറ്റി ആരോപിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാണ്ടിക്കടവ് പ്രദേശത്തെ ജനകീയ ഇടപെടലിനെ തുടര്‍ന്ന് റവന്യൂവകുപ്പ് അനുവദിച്ചു നല്കിയ അഞ്ച് ഏക്കര്‍ എണ്‍പത് സെന്റ് സ്ഥലത്ത് അനുവദിച്ച ശ്മശാനമാണ് അധികൃതരുടെ അനാസ്ഥമൂലം സാമൂഹ്യദ്രോഹികളുടെ താവളമായി മാറിയിരിക്കുന്നത്.ശ്മശാനഭൂമി അളന്ന് തിട്ടപ്പെടുത്തി മതില്‍കെട്ടി സംരക്ഷിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ കാണിക്കുന്ന അലംഭാവം നിമിത്തം കുറേ ഭാഗം അന്യാധീനപ്പെട്ടു പോവുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ മൂന്നേക്കറോളം ഭൂമി സര്‍ക്കാരിന്റെ സീറോ ലാന്‍ഡ് പദ്ധതിയ്ക്കായി വിട്ടുനല്‍കിയിരുന്നു. മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നതിന് മുന്നോടിയായുളള കര്‍മ്മങ്ങള്‍ ചെയ്യുന്നതിനും പണിയായുധങ്ങളടക്കമുളള സാമഗ്രികള്‍ സൂക്ഷിക്കുന്നതിനുമുളള ഒരു കെട്ടിടം നിര്മ്മിക്കണമെന്നുളള പ്രദേശവാസികളുടെ നിരന്തരമായ ആവശ്യവും പഞ്ചായത്ത് അധികൃതര്‍ ഇതുവരെ ചെവിക്കൊണ്ടിട്ടില്ല.ഈസാഹചര്യത്തില്‍ കാവണക്കുന്നിലെ ശ്മശാനഭൂമി അളന്നു തിട്ടപ്പെടുത്തി മതില്‍കെട്ടി സംരക്ഷിക്കണമെന്നും അല്ലാത്തപക്ഷം ബിജെപിയുടെ നേതൃത്വത്തില്‍ ശക്തമായ ജനകീയപ്രക്ഷോഭം നേരിടേണ്ടിവരുമെന്നും ബിജെപി മുന്നറിയിപ്പ് നല്കി.
ബൂത്ത് കമ്മിറ്റി ഭാരവാഹികളായി ഉദയന്‍ (പ്രസിഡന്റ്), രാജീവന് (വൈസ് പ്രസിഡന്റ് ) സുനില്‍, (ജനറല്‍സെക്രട്ടറി), വിഷ്ണു (സെക്രട്ടറി) എന്നിവരേയും തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: