തിരൂര്‍: ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാടായ തിരൂരില്‍ സ്ഥാപിക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു. മലയാളം ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും ക്ലാസിക് പദവി ലഭിച്ചിട്ടും എഴുത്തച്ഛനെ മാത്രം എല്ലാവരും സൗകര്യപൂര്‍വ്വം മറക്കുകയാണ്. മലയാളം മറ്റൊരു പുതുവര്‍ഷം ആഘോഷിക്കുന്ന സമയത്ത് ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മലയാളത്തിന്റെ പിതാവ് ജന്മനാട്ടില് പോലും അവഗണന നേരിടുകയാണ്. ഭാഷക്ക് വേണ്ടി ഘോരഘോരം വാദിക്കുന്ന സാംസ്കാരിക നായകന്മാര് പോലും ഈ ആവശ്യം ഉന്നയിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. കേരളം മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ മൗനം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് എബിവിപി പ്രതിഷേധവുമായി രംഗത്തെത്തിയത്.
മലയാളം പിറന്ന മണ്ണില്‍ എഴുത്തച്ഛനൊരു ശില എന്ന സന്ദേശമുയര്‍ത്തി എബിവിപി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ തിരൂരില്‍ പ്രതിഷേതാത്മക ഒപ്പ് ശേഖരണം നടത്തി. സംസ്ഥാന സമിതിയംഗം വി.പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. വഴിതെറ്റി സഞ്ചരിക്കുന്ന മലയാളിയുടെ സാംസ്കാരിക ബോധം തിരിച്ചു കൊണ്ടുവരേണ്ടതുണ്ടെന്നും തുഞ്ചന്‍ പ്രതിമ സ്ഥാപിക്കുന്നതുവരെ സന്ധിയില്ലാത്ത പ്രക്ഷോഭ പരിപാടികളുമായി എബിവിപി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കണ്‍വീനര്‍ ടി.വി.അഭിലാഷ്, ജില്ലാ ജോ.കണ്‍വീനര്‍മാരായ ടി.വിഷ്ണു, ആതിര, ജില്ലാ സമിതിംഗങ്ങളായ രേഷ്മ, ശ്രീജിത്ത്, പ്രജിത്ത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: