കല്‍പ്പറ്റ : മാനന്തവാടിയിലെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങളെ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ഭാരതീയ ജനതാപാര്‍ട്ടി ആവശ്യപ്പെട്ടു. മാനന്തവാടി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളിലെ പാര്‍ക്കിംങ് എരിയയിലെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതായാണ് സൂചന. മാനന്തവാടി നഗരത്തിലെ കെട്ടിടങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും പാര്‍ക്കിംങ് എരിയകള്‍ കയ്യേറി പരസ്യബോര്‍ഡുകളും, വില്‍പ്പന വസ്തുക്കളും വ്യാപകമായി വെച്ചിരിക്കുകയാണ്. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ തദേശ സ്വയംഭരണ സ്ഥാപനത്തില്‍ സമര്‍പ്പിക്കുന്ന പ്ലാനില്‍ പാര്‍ക്കിഗ് ഏരിയയായി രേഖപ്പെടുത്തി അനുമതി വാങ്ങുകയും നിര്‍മ്മാണം പൂര്‍ത്തിയാക്കി നമ്പര്‍ കരസ്ഥമാക്കിയശേഷം ഈ ഭാഗങ്ങള്‍ കടകളാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. ഇതുമൂലം മാനന്തവാടിയില്‍ എപ്പോഴും ഗതാഗതതടസ്സം നേരിടുന്നു.
ഇവിടുത്തെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അധികൃതരുടെ ഒത്താശയോടെയാണ് നടക്കുന്നത്. പാര്‍ക്കിംഗ് പ്രശ്നത്തെ സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിരുന്നില്ലെന്നാണ് അറിയുന്നത്.
നടപടി സ്വീകരിക്കാത്തതിനുകാരണം അധികൃതരുടെ ഒത്താശയാണെന്നാണ് ആരോപണം. അതിനാല്‍ മാനന്തവാടിയിലെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങളെ സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തി കൃത്യമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ബിജെപി ശക്തമായ സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: