മലപ്പുറം: ജില്ലാ കലക്ടറായി 2007 ബാച്ച് ഐഎഎസ്. ഉദ്യോഗസ്ഥയായ എ. ഷൈനാമോള്‍ ചുമതലയേറ്റു. എസ്.വെങ്കടേസപതി തിരുവനന്തപുരം ജില്ലാ കലക്ടറായി നിയമിതനായതിനെ തുടര്‍ന്നാണ് കൊല്ലം ജില്ലാ കലക്ടറായിരുന്ന എ.ഷൈനാമോള്‍ മലപ്പുറത്ത് ചുമതലയേറ്റത്. എംപ്ലോയ്മെന്റ് ആന്‍ഡ് ട്രൈനിങ് ഡയറക്ടറായും നിര്‍മ്മിതി കേന്ദ്ര, ഹൗസിങ് ബോര്‍ഡ് എന്നിവയുടെ ചുമതലകളും വഹിച്ചിരുന്നു. ഹിമാചല്‍പ്രദേശ് കേഡര്‍ ഉദ്യോഗസ്ഥയായ ഷൈനാമോള്‍ 2014 ഫെബ്രുവരിയിലാണ് ഡെപ്യൂട്ടേഷനില്‍ കേരളത്തിലെത്തിയത്. ഹിമാചലില്‍ അസി. കമ്മീഷണര്‍, സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ്, അഡീഷനല്‍ ഡവലപ്പ്്മെന്റ് കമ്മീഷണര്‍, വ്യവസായ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു.
എറണാകുളം ജില്ലയിലെ ആലുവ സ്വദേശിനിയാണ്. ആലുവ യുസി കോളെജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. അച്ഛന് എസ്. അബു റിട്ട. ഹൈസ്കൂള്‍ അധ്യാപകനാണ്. പി.കെ. സുലൈഖയാണ് അമ്മ. ഐ.എ.എസ്. ഉദ്യോഗസ്ഥയായ സഹോദരി ഷൈല മുംബൈയില്‍ സെയില്‍സ് ടാക്സ് ജോയിന്റ് കമ്മീഷനറും ഐ.പി.എസ്. ഉദ്യോഗസ്ഥനായ സഹേദരന് അക്ബര്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുമാണ്.
10.15ന് കലക്ടറേറ്റിലെത്തിയ ഷൈനാമോള്‍ക്ക് എ.ഡി.എം. പി. സെയ്യിദ് അലിയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: