പുതുക്കാട്: ഹാരിസണ്‍ കമ്പനിയുടെ അഞ്ച് ഡിവിഷനുകളിലെ റബ്ബര്‍ തോട്ടങ്ങളിലാണ് കളകള്‍ നശിപ്പിക്കാന്‍ മാരക വിഷപ്രയോഗം നടത്തുന്നത്. ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ കളകള്‍ നശിപ്പിക്കാന്‍ ഉപയോഗിക്കുന്നത് ഗ്ലേയ്സില്‍ എന്ന നാശിനിയാണ്. പാലപ്പിളളി മേഖലയിലുള്ള ഹെക്ടര്‍ കണക്കിന് തോട്ടങ്ങളിലാണ് കളനാശിനി പ്രയോഗിക്കുന്നത്.
ടാര്‍ വീപ്പകളില്‍ കൊണ്ടുവരുന്ന ലായിനി സ്പ്രേ ചെയ്താണ് കളകള്‍ നശിപ്പിക്കുന്നത്. സ്പ്രേ ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ കളകള്‍ കരിഞ്ഞു പോവുകയാണ് ചെയ്യുന്നത്.വ്യാപകമായി ഇത് ഉപയോഗിക്കുന്നതു മൂലം കാന്‍സറും വൃക്കരോഗങ്ങളും പിടിപ്പെടാന്‍ സാധ്യതയുണ്ടെന്ന് പീനങ്ങള്‍ നടത്തിയ വിദഗ്ധര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഉള്ള ഗ്ലേയ്സില്‍ കളനാശിനി യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് തോട്ടങ്ങളില്‍ കമ്പനി അധികൃതര്‍ ഉപയോഗിക്കുന്നത്. സുരക്ഷ സംവിധാനങ്ങള്‍ ഇല്ലാതെ സ്ത്രീ തൊഴിലാളികളെ വച്ചാണ് വിഷപ്രയോഗം നടത്തുന്നത്.പരന്ന പ്രദേശങ്ങളില്‍ മാത്രം കളകള്‍ നശിപ്പിക്കാനുള്ള ഗ്ലേയ്സില്‍ മലമുകളിലും ചെരിഞ്ഞ പ്രദേശങ്ങളിലും ഉള്ള തോട്ടങ്ങളിലാണ് കമ്പനി ഉപയോഗിക്കുന്നത്. ഇതു മൂലം വെള്ളത്തില്‍ അലിഞ്ഞിറങ്ങുന്ന വിഷം തോട്ടങ്ങളിലെ നീര്‍ചാലുകളിലൂടെ ഒഴുകിയെത്തി കുറുമാലി പുഴയിലാണ് എത്തിചേരുന്നത്.നിരവധി കുടിവെള്ള പദ്ധതികളുള്ള പുഴയില്‍ വിഷം കലര്‍ന്ന വെള്ളം എത്തുന്നതോടെ കുടിവെള്ളം ഉപയോഗിക്കുന്ന ജനങ്ങള്‍ക്ക് മാരകമായ അസുഖങ്ങള്‍ പിടിപ്പെടാനും സാധ്യതയുണ്ട്. പുഴയിലെ സൂഷ്മജീവികളും ജലസസ്യങ്ങളുമാണ് ആദ്യം നശിക്കുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
2015 ല്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ എന്ന സംഘടന നടത്തിയ പരിശോധനയില്‍ ഗ്ലേയ്സില്‍ കളനാശിനിയെ 2അ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.നിരവധി പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഗ്ലേയ്സില്‍ ശ്രീലങ്കയില്‍ നിരോധിച്ചിരുന്നു.
ഇന്ത്യയില്‍ ഗ്ലേയ്സില്‍ ഉപയോഗിക്കുന്നതിന് മാനദണ്ഡങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങളൊന്നും പാലിക്കാതെയാണ് ഹാരിസണ്‍ കമ്പനി കളനാശിനി പ്രയോഗിക്കുന്നത്. ദിവസങ്ങളായി നടത്തുന്ന കളനാശിനി പ്രയോഗത്തിനെതിരെ സമീപവാസികളും രംഗത്തെത്തിയിട്ടുണ്ട്.
കമ്പനിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കാരിക്കുളം സ്വദേശി മുഹമ്മദ് വരന്തരപ്പിള്ളി പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചിരുന്നു.മുഹമ്മദ്ദിന്റെ വീടിന് രണ്ട് മീറ്റര്‍ അകലത്തിലാണ് തോട്ടത്തില്‍ കളനാശിനി പ്രയോഗം നടത്തിയത്.ഇതുമൂലം മാരകരോഗങ്ങള്‍ പിടിപ്പെടുമെന്ന ഭീതിയിലാണെന്നും കമ്പനി അധികൃതര്‍ കളനാശിനി പ്രയോഗത്തെ നിസ്സാരവല്‍ക്കരിക്കുകയാണെന്നും മുഹമ്മദ് പറഞ്ഞു.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കാരിക്കുളത്തും പരിസര പ്രദേശങ്ങളിലും നടത്തുന്ന അനധികൃത കളനാശിനി പ്രയോഗത്തിനെതിരെ നടപടിയെടുക്കുമെന്ന് പഞ്ചായത്തംഗം മുഹമ്മദാലി കുയിലന്തൊടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: