ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിര്‍മ്മിച്ചിരിക്കുന്ന വെയിറ്റിംഗ് ഷെഡില്‍ അനധികൃതമായി ആശുപത്രി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെ സംബന്ധിച്ചുള്ള ഫയല്‍ കഴിഞ്ഞ 6 മാസമായി കൗണ്‍സിലിന്റെ അജണ്ടയില്‍ വരാതെ ചെയര്‍പേഴ്സണ്‍ തടഞ്ഞുവച്ചതില്‍ പ്രതിഷേധിച്ച് ബി ജെ പി അംഗങ്ങളായ സന്തോഷ് ബോബന്, രമേഷ്വാര്യര്, അമ്പിളി ജയന് എന്നിവര്‍ നഗരസഭാ കൗണ്‍സിലിന്റെ നടുത്തളത്തില്‍ ഇറങ്ങി.
കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ വെയ്റ്റിംഗ് ഷെഡ് നിര്‍മ്മിക്കാന്‍ സഹകരണ ആശുപത്രി അപേക്ഷ വയ്ക്കുകയും അത് കൗണ്‍സിലിന്റെ അജണ്ടയില്‍ വരികയും ചെയ്തു. നഗരസഭയുടെ സ്ഥലത്ത് ഒരു നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുമ്പോള്‍ അത് പരസ്യപ്പെടുത്തി ആ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ആളുകളെ ക്ഷണിച്ച് നഗരസഭാ വ്യവസ്ഥകള്‍ക്ക് വിധേയമായി നഗരസഭയുടെ മേല്‍നോട്ടത്തില്‍ വേണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭയുടെ അനുവാദം നല്കുവാന്. എന്നാല്‍ ഈ വെയ്റ്റിംഗ് ഷെഡിന്റെ കാര്യത്തില്‍ അങ്ങനെ ഉണ്ടായിട്ടില്ലെന്നും, മാത്രമല്ല ഈ സ്ഥാപനം രഹസ്യമായി അപേക്ഷ വയ്ക്കുകയും അത് അജണ്ടയില്‍ വരികയുമാണ് ഉണ്ടായതെന്ന് ബി ജെ പി കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
15 അടി ഉയരത്തില്‍ പരസ്യം വയ്ക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച ഈ വെയ്റ്റിങ് ഷെഡ് വെയിലില്‍നിന്നോ മഴയില്‍ നിന്നോ യാത്രക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നില്ല എന്ന് നഗരകാര്യ റീജണല്‍ ജോ.ഡയറക്ടര്‍ നേരിട്ട് വന്ന് നടത്തിയ പരിശോധനയില്‍ തെളിഞ്ഞിട്ടുള്ളതാണെന്നും, ഈ വെയ്റ്റിംഗ് ഷെഡില്‍ അനധികൃതമായി ഇവര്‍ പരസ്യം പ്രദര്‍ശിപ്പിച്ചതായും ബി ജെ പി കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.
നഗരസഭാ സ്ഥലത്ത് പരസ്യം പ്രദര്‍ശിപ്പിക്കണമെങ്കില്‍ അത് പരസ്യപ്പെടുത്തി ഒന്നില്‍ കൂടുതല്‍ ആളുകളുണ്ടെങ്കില്‍ അത് ലേലം ചെയ്യണം എന്നത് നിലനില്‍ക്കെ ഇവിടെ അങ്ങനെ ഉണ്ടായിട്ടില്ലെന്നും ഇത് സംബന്ധിച്ച കൗണ്‍സിലര്‍ സന്തോഷ് ബോബന് നഗരകാര്യ ഡയറക്ടര്‍ക്കും റീജണല്‍ നഗരകാര്യ ഡയറക്ടര്‍ക്കും പരാതി സമര്‍പ്പിച്ചതായും, പരാതിയുടെ അടിസ്ഥാനത്തില്‍ ഈ വിഷയത്തില്‍ ഉണ്ടായ ഗുരുതര വീഴ്ചയും നഗരസഭയ്ക്കുണ്ടായിട്ടുള്ള ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവും നഗരസഭയുടെ ശ്രദ്ധയില്‍പെടുത്തുകയും അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളതുമാണ്. അടിയന്തിരമായി ലേലനടപടികള്‍ സ്വീകരിച്ച് അനധികൃതമായി പരസ്യം പ്രദര്ശിച്ചവരില് നിന്ന് പിഴ ഈടാക്കുന്നതിന് പകരം, ഈ ഫയല്‍ ചെയര്‍പേഴ്സണ്‍ രാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ മാസങ്ങളായി തടഞ്ഞു വച്ചിരിക്കുന്നത് നഗരസഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയ അഴിമതിയാണെന്നും ഇവര്‍ പറഞ്ഞു.
വെയ്റ്റിങ് ഷെഡിന് 2015 ഏപ്രിലില്‍ കൗണ്‍സില്‍ നിര്‍മാണാനുമതി നല്‍കുകയും തൊട്ടടുത്ത ദിവസം തന്നെ പരസ്യ പ്രദര്‍ശനം തുടങ്ങിയിട്ടുള്ളതാണ്. അന്നുമുതല്‍ ഇന്ന് വരെയുള്ള പരസ്യത്തുക , ലേലത്തുക എന്നിവ കണക്കാക്കി സഹകരണ ആശുപത്രിയില്‍ നിന്ന് ഈടാക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ വിജിലന്‍സിന് പരാതി നല്‍കുമെന്നും കൗണ്‍സിലര്‍മാര്‍ അറിയിച്ചു.
മുന്‍സിപ്പല്‍ മൈതാനം ചാന്ദ്വി ക്രിയേഷന്റെ ഷൂട്ടിംഗിനായി നല്‍കുന്നത് കൗണ്‍സിലില്‍ എതിര്‍ത്തു. ഷൂട്ടിംഗിനായി താത്കാലിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും രണ്ട് മാസക്കാലയളവിന് ശേഷം മാറ്റുന്നതുമാണ്. എന്നാല്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന ആണി, കമ്പി തുടങ്ങി അപകടവസ്തുക്കള്‍ പിന്നീട് മൈതാനം ഉപയോഗിക്കുന്നവര്‍ക്ക് അപകടമുണ്ടാക്കുമെന്ന് കാണിച്ചാണ് കൗണ്‍സില്‍ അനുമതി നിഷേധിച്ചത്.
കടകളിലും വീടുകളിലും ജൈവവും അജൈവവുമായി വേര്‍തിരിച്ച് വച്ചിട്ടുള്ള മാലിന്യങ്ങള്‍ മുന്‍സിപ്പാലിറ്റി അധികൃതര്‍ ശേഖരിക്കുന്നില്ലെന്നും മാലിന്യങ്ങള്‍ എടുക്കുന്നതിന് ചുങ്കം ചോദിക്കുന്നതായിട്ടും സംശയം രേഖപ്പെടുത്തുകയും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: