പുതുക്കാട് : പൊന്നൂക്കരയില്‍ വീട്ടമ്മയുടെ മാല കവരാന്‍ ശ്രമം. ഭര്‍ത്താവിനെ അന്വേഷിച്ച്് ബൈക്കിലെത്തിയ രണ്ടു യുവാക്കളാണ് മാല കവരാന്‍ ശ്രമിച്ചത്. ഐക്കത്തറ രാജുവിന്റെ ഭാര്യ ഷഫിയുടെ മാലയാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. മോഷണശ്രമം വീട്ടമ്മ ചെറുത്തതിനെത്തുടര്‍ന്ന് ആറു ഗ്രാം തൂക്കമുള്ള താലി മാത്രമാണ് നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. പരിചിതരെപ്പോലെ വീട്ടിലെത്തിയ യുവാക്കള്‍ സൗമ്യമായ സംസാരത്തിലൂടെ ഭര്‍ത്താവ് രാജുവിനെ അന്വേഷിക്കുകയായിരുന്നു. ഭര്‍ത്താവ് സ്ഥലത്തില്ലെന്നു പറഞ്ഞപ്പോള്‍ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടു. നമ്പര്‍ പറഞ്ഞുകൊടുത്തപ്പോള്‍ വിസിറ്റിംഗ് കാര്‍ഡ് വേണമെന്നായി. വിസിറ്റിംഗ് കാര്‍ഡ് എടുക്കാനായി വീടിന്റെ വരാന്തയില്‍നിന്ന് മുറിയിലേക്കു കടക്കുന്നതിനിടെ ഷഫിയെ പിന്കഴുത്തിലിടിച്ച് മാല കവരാന്‍ ശ്രമിക്കുകയായിരുന്നു. പിടിവലിയില്‍ മാലയുടെ താലിയും ഏലസ്സും മോഷ്ടാക്കളുടെ കയ്യില്‍ അകപ്പെട്ടു. പിന്നീട് ഏലസ്സ് മുറ്റത്തുനിന്നു കളഞ്ഞുകിട്ടി. ഈ സമയം ഇവരുടെ വീടിനു പുറത്ത് കാറിന്റെ ശബ്ദം കേട്ടപ്പോള്‍ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വീട്ടമ്മ ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി. ഇതിനിടയില്‍ വീടിനു പുറത്ത് മോഷ്ടാക്കള്‍ വന്ന ബൈക്കും കാണാതായി. ഇതേത്തുടര്‍ന്ന് മോഷണശ്രമത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് വീട്ടുകാര്‍. പുതുക്കാട് പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടക്കുമ്പോള്‍ ഷഫി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: