തൃശൂര്‍: കുരിയച്ചിറ ഗോസായിക്കുന്നിനുസമീപം ബൈക്ക് യാത്രക്കാരനെ കാറിടിച്ചുവീഴ്ത്തി മൂന്നരകിലോഗ്രാം സ്വര്‍ണം കവര്‍ന്ന കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതിയെ ജയ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇന്നു രാവിലെ തടഞ്ഞുവച്ചതായി പോലീസിന് വിവരം ലഭിച്ചു. പ്രതിയെ പിടികൂടാന്‍ പോലീസ് സംഘം തൃശൂരില്‍ നിന്ന് യാത്ര തിരിച്ചു. ഡല്‍ഹിയിലേക്കാണ് പോലീസ് സംഘം പോകുന്നത്. പ്രതിയെ വരുത്തി ചോദ്യം ചെയ്തതിനുശേഷം തൃശൂരിലേക്ക് കൊണ്ടുവരും. ഷെമീര്‍ എന്നു പേരുള്ളയാളെയാണ് തടഞ്ഞുവച്ചിരിക്കുന്നതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഈ കേസിലെ പിടികിട്ടാനുള്ള പ്രതികള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചതിനാല്‍ എല്ലാ എയര്‍പോര്‍ട്ടുകളിലും വിവരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംശയം തോന്നി പ്രതിയെ തടഞ്ഞുവച്ചിരിക്കുന്നത്. സിഐ വി.കെ.രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. ഈ കേസിലെ മുഖ്യപ്രതികളായ രണ്ടു പേരെ പോലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. കരുവന്നൂര്‍ സ്വദേശി പുതിയവീട്ടില്‍ അന്‍സാര്‍(36), ചിയാരത്ത് സ്ഥിരതാമസമാക്കിയ സ്വര്‍ണവ്യാപാരി മഹാരാഷ്ട്ര സ്വദേശി അരവിന്ദ് സേട്ട് (40) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുരിയച്ചിറ ആഭരണശാലയില്‍ നിന്ന് പണി തീര്‍ന്ന സ്വര്‍ണാഭരണങ്ങളുമായി ബൈക്കില്‍ പോയിരുന്ന ആന്റോയെന്ന ജീവനക്കാരനെ കാറിലെത്തി ഇടിച്ചു വീഴ്ത്തിയാണ് സ്വര്‍ണം കവര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: