എല്ലാ ഭാരതീയ ഭാഷകളിലും രാമായണം എഴുതപ്പെടുകയോ തര്‍ജ്ജമ ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. രാമായണകാവ്യത്തെ ആസ്പദമാക്കി മാത്രം ധാരാളം കലാരൂപങ്ങളും നൃത്തശില്‍പ്പങ്ങളും ഭാരതത്തിലുണ്ട്. ലോകരാഷ്ട്രങ്ങള്‍ ഭാരതത്തെ വിവക്ഷിക്കുന്നതും ഇതിഹാസങ്ങളെ അടിസ്ഥാനമാക്കിയാണ്.
ശ്രീലങ്ക, ബര്‍മ്മ, കംബോഡിയ, മലേഷ്യ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളും രാമായണകാവ്യത്തെ മഹത്വല്‍ക്കരിക്കുന്നു.
കാര്‍ഷികവൃത്തി ഉപജീവന മാര്‍ഗ്ഗമാക്കിയ വയനാടന്‍ ജനത ഉത്സവങ്ങളും കാവുകളും തങ്ങളുടെ ജീവിത താളമാക്കി മാറ്റിയെന്നതില്‍ അതിശയോക്തിയില്ല. പുത്തരിയും കതിര്‍വെയ്പ്പും കമ്പളനാട്ടിയും തുടിനാദവും ഗോത്രജീവിതത്തന്റെ അവിഭാജ്യ ഘടകം തന്നെ. അടിയോരുടെ നാട്ടുഗദ്ദികയും പണിയരുടെ കൂളികെട്ടും കുറിച്ച്യരുടെ വടക്കന്‍പാട്ടും ക്ഷേത്രാങ്കണത്തിലും കടന്നെത്തി. ഗോത്രജനതയിലും നാട്ടുകാരിലും രാമായണത്തിന്റെ സ്വാധീനം ചെറുതല്ല.
പുല്‍പ്പള്ളി സീതാ ലവകുശ ക്ഷേത്രം, പൊന്‍കുഴി ശ്രീരാമക്ഷേത്രം, വള്ളിയൂര്‍ക്കാവ് സീത ലവകുശ ക്ഷേത്രം, ഇരുപ്പ് ശ്രീരാമ ക്ഷേത്രം, തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം രാമായണകാവ്യം മധുരം തുളുമ്പി നില്ക്കുന്നു.
കേരളത്തിലെ ഒരു വലിയ ജനവിഭാഗത്തിന്റെ ആദ്ധ്യാത്മിക തേജസാണ് രാമായണം. ക്ഷേത്രാങ്കണങ്ങളും പ്രഭാഷണവേദികളും ഗൃഹങ്ങളും രാമായണപാരായണത്താല്‍ മുഖരിതമായ രാമായണമാസത്തില്‍, രാമായണത്തിന് ദൃശ്യാവിഷ്ക്കരണം നടത്തി, ആ ദൗത്യം വിജയിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് കോഴിക്കോട് സ്വദേശിനിയായ ദീപ്തി പാറോല്‍. രാമാമൃതം എന്ന പേരില്‍ രാമായണത്തിന്റെ ദൃശ്യാനുഭവവുമായി സഞ്ചരിക്കുകയായിരുന്നു ഈ നര്‍ത്തകസംഘം.
മഹാരാജ സ്വാതിതിരുനാള്‍ രചിച്ച് എം.എസ്.സുബ്ബലക്ഷ്മി പാടി പ്രചുരപ്രചാരം നേടിയിട്ടുള്ള ഭാവയാമി രഘുരാമം, രാമായണത്തിലെ ബാലകാണ്ഡം മുതല്‍ യുദ്ധകാണ്ഡം വരെയുള്ള ആറ് കാണ്ഡങ്ങളിലെ പ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഇവരുടെ സപര്യ. വിശ്വാമിത്ര മഹര്‍ഷിയുടെ യാഗം എന്നിവ സംരക്ഷിക്കാന്‍ പോകുന്നതു മുതല്‍ പട്ടാഭിഷേകം വരെയുള്ള പ്രധാന ശ്രീരാമകഥകളാണ് ഇതിലെ ഇതിവൃത്തം.
ലോകപ്രശസ്ത നര്‍ത്തകരും നാട്യാചാര്യന്മാരുമായ പത്മഭൂഷണ്‍, ധനഞ്ജയന്, ശാന്ത ധനഞ്ജയന് ദമ്പതികള്‍ ഭരതനാട്യത്തില്‍ ചിട്ടപ്പെടുത്തിയ നൃത്തശില്‍പ്പം അവരുടെ മുതിര്‍ന്ന ശിഷ്യരായ ദീപ്തിപാറോല്, പ്രദീഷ് തിരുത്തിയ, അവ്യയപാറോല് എന്നിവര്‍ ചേര്‍ന്നാണ് അവതരിപ്പിച്ചത്. ഭാരതീയം സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്ടിസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി.
കോഴിക്കോട് വളയനാട് ദേവീക്ഷേത്രസന്നിധിയില്‍ കര്‍ക്കടകം ഒന്നിന് തുടങ്ങിയ ആത്മീയ തീര്‍ത്ഥയാത്ര കര്‍ക്കടകം 32 ന് തിരൂര്‍ ആലത്തിയൂര്‍ ഹനുമാന്‍കോവിലില്‍ സമര്പ്പച്ചുകൊണ്ടാണ് പര്യവസാനിപ്പിച്ചത്.
32 ദിവസങ്ങളിലായി 37 വേദികളില്‍ ഈ നൃത്തശില്‍പ്പം അരങ്ങേറുന്നു. ക്ഷേത്രാങ്കണങ്ങളിലും പ്രഭാഷണവേദികളിലും ഗൃഹാങ്കണങ്ങളിലും രാമാമൃതം അവതരിപ്പിക്കുകയുണ്ടായി. രാമായണ മാസത്തില്‍ വയനാട്ടിലെ നിരവധി വേദികളിലാണ് ദീപ്തി പരിപാടികള്‍ അവതരിപ്പിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: