തൃശൂര്‍ : സ്വകാര്യ ബസ് ജീവനക്കാര്‍ക്കു മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ച് തൃശൂര്‍- കുറ്റിപ്പുറം- കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു. വളയംകുളത്തു വച്ച് അപ്പൂസ് എന്ന സ്വകാര്യ ബസിലെ ജീവനക്കാര്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള പ്രതിഷേധമായാണ് പണിമുടക്കുന്നത്.
ആക്രമണത്തില്‍ ഡ്രൈവര്‍ ബിജു (38), കണ്ടക്ടര്‍ ദിലീപ് (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബിജുവിന്റെ ഇടതു കൈ ഒടിഞ്ഞിട്ടുണ്ട്. പരിക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വളയംകുളത്തു വച്ച് മൂന്നംഗ സംഘമാണ് ബസിനു നേരെ ആക്രമണം അഴിച്ചുവിട്ടത്. രണ്ടാഴ്ച മുന്‍പ് ചങ്ങരംകുളത്തു വച്ച് പെട്രോള്‍ പമ്പുടമയുടെ മകന് പമ്പിനു മുന്നില്‍ വച്ച് ബൈക്കില്‍ സ്വകാര്യ ബസ്സിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു.
ഇതെ തുടര്‍ന്നുള്ള പ്രതികാരമായാണ് ആക്രമണം നടന്നതെന്നാണ് സൂചന. നിലവില്‍ ആക്രമിക്കപ്പെട്ട ബസിടിച്ചായിരുന്നു യുവാവ് മരിച്ചത്. അപകടത്തിനു പിന്നാലെ ബെല്വിന് എന്ന പേര് മാറ്റി അപ്പൂസ് എന്ന പേരായിരുന്നു ബസിന് ഇട്ടിരുന്നത്. എന്നാല്‍ പേരുമാറ്റിയിറങ്ങിയിട്ടും ബസിനു നേരെ ആക്രമണം നടത്തുകയായിരുന്നു. ബസ് ജീവനക്കാരെ ആക്രമിച്ച വിവരമറിഞ്ഞ് തൃശൂര്‍ ശക്തന് സ്റ്റാന്‍ഡില്‍ തടിച്ചുകൂടിയ ഈ റൂട്ടിലുള്ള ബസ് ജീവനക്കാര്‍ രണ്ടു ബസുകളിലായി ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.
ഇതു നാലാമത്തെ തവണയാണ് ഈ റൂട്ടില്‍ ബസുകള്‍ക്കു നേരെ ആക്രമണം നടത്തുന്നത്. ആക്രമിച്ച പ്രതികളെ അറസ്റ്റു ചെയ്യാതെ റൂട്ടില്‍ സര്‍വീസ് നടത്തില്ലെന്നാണ് ബസ് ജീവനക്കാരുടെ തീരുമാനം. ജീവനക്കാര്‍ക്കെതിരെ ഒരു വിഭാഗം നടത്തുന്ന ആക്രമണങ്ങളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് പരാതി നല്‍കിയിട്ടുണ്ട്. ഇന്ന് നടക്കുന്ന ചര്‍ച്ചകളില്‍ തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല സമരം ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: