പരിസ്ഥിതി വനസംരക്ഷണം മുതലായ ജൈവപ്രകൃതി സംരക്ഷണം സംബന്ധിച്ച് രാജ്യത്തിനൊട്ടാകെ ബാധകവും നിര്‍ണായകവുമായ വിധി സുപ്രീംകോടതിയില്‍നിന്ന് നേടിയെടുത്ത നിലമ്പൂര്‍ കോവിലകത്തെ പരേതനായ ഗോദവര്‍മ്മ തിരുമുല്‍പ്പാടിനെപ്പറ്റി കഴിഞ്ഞ വാരാന്ത്യപ്പതിപ്പില്‍ ഡോ.അനില്‍ കുമാര്‍ വടവാതൂര്‍ എഴുതിയ ചെറുകുറിപ്പ് ഹൃദയസ്പര്‍ശിയായിരുന്നു.
ആ കേസിലേയ്ക്ക് നയിച്ച കാര്യങ്ങളും അതിനുശേഷം നടന്ന ചില സംഭവങ്ങളും കൂടാതെ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാടുമായുണ്ടായ ചില വ്യക്തിപരമായ അനുഭവങ്ങളും കൂടി ഈയവസരത്തില്‍ ഓര്‍ത്തുകുറിച്ചിടുകയാണ്.
പഴയ ഏറനാട് ഗൂഡല്ലൂര്‍ താലൂക്കുകളിലെ ഏറ്റവും വലിയ ഭൂവുടമയും നാടുവാഴിയുമായിരുന്ന നിലമ്പൂര്‍ കോവിലകം.
മുതിര്‍ന്ന പ്രചാരകന് രാ. വേണുവേട്ടന്റെ അച്ഛനും അവിസ്മരണീയനായ ഭരതേട്ടന്റെയും മാര്‍ത്താണ്ഡേട്ടന്റെയും മുകുന്ദേട്ടന്റെയും ഗോദേട്ടന്റെയും അമ്മാവനുമായിരുന്ന ടി.എന്‍.കൊച്ചുണ്ണി തിരുമുല്‍പ്പാട് അവിടത്തെ വലിയ രാജാവായിരുന്നു. അവരൊക്കെ സംഘത്തിന്റെ കേരളത്തിലെ തുടക്കക്കാലത്തുതന്നെ സജീവ പ്രവര്‍ത്തനത്തിലുണ്ടായിരുന്നു.
മാവൂരില്‍ ബിര്‍ളായുടെ ഗ്വാളിയര്‍ റയണ്‍സ് കമ്പനിക്ക് പള്‍പ്പ് നിര്‍മാണത്തിനാവശ്യമായ മരത്തിന്റെ തോട്ടം വെച്ചുപിടിപ്പിക്കാന്‍ കോവിലകം വക ഒരു ലക്ഷം ഏക്കര്‍ സ്ഥലം നല്‍കാനുള്ള നിര്‍ദ്ദേശത്തിന് സര്‍ക്കാര്‍ നിയമപ്രകാരം അനുമതി നല്‍കുകയും അത് ഏതാണ്ട് നടപ്പില്‍ വരികയും ചെയ്തു. അതിന്‍പ്രകാരം ബിര്‍ളായുടെ മാവൂരിലെ മേധാവി ആര്.എന്‍.സാബുവിന്റെ നേതൃത്വത്തില്‍ ആസൂത്രിതമായ വനവല്‍ക്കരണ പരിപാടിയുമാരംഭിച്ചു. അതിന്റെ സാമ്പത്തിക മുതലെടുപ്പ് നടത്താന്‍ മത്സരിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് കേരളത്തിലെ ഭരണമാറ്റത്തിനനുസരിച്ച് അതില്‍ ഉടക്കുകള്‍ സൃഷ്ടിക്കുന്നതിന് ഉത്സാഹമായി.
ബിര്‍ളായുടെ പ്രതിഫലം കിട്ടിയാല്‍ കോവിലകത്തെ ഓരോ അംഗത്തിനും കാര്യമായ സംഖ്യ ലംഭിക്കുകയും കഷ്ടപ്പാടിലായിരുന്ന പലരുടെയും സ്ഥിതി മെച്ചപ്പെടുകയും ചെയ്യുമായിരുന്നു. വനസംരക്ഷണത്തര്‍ക്കത്തിനിടെ ഒരു ഇടതുമുന്നണി സര്‍ക്കാര്‍ ബിര്‍ളായുള്ള ഇടപാട് അസാധുവാക്കി ഭൂമി മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. തുടര്‍ന്ന് ”കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി” എന്ന രീതിയില്‍ കൈയേറ്റങ്ങളും വെട്ടിപ്പിടുത്തങ്ങളും നടന്നു. ബിര്‍ള കമ്പനി പൂട്ടി വണ്ടി കയറി.
ഈ ഘട്ടത്തിലായിരുന്നു ഡോ.അനില്‍ കുമാര്‍ വിവരിച്ച പ്രകാരം കോവിലകത്തെ മറ്റംഗങ്ങളുടെയൊക്കെ സഹകരണത്തോടെ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് മാല്‍ഡമസ് ഹര്‍ജിയുമായി കോടതിയില്‍ പോയത്.
സ്വാതന്ത്ര്യലബ്ധിക്ക് ഏതാണ്ട് ദശകങ്ങള്‍ക്കു മുമ്പുതന്നെ കൃഷി, വാണിജ്യം മുതലായ രംഗങ്ങളില്‍ ശാസ്ത്രീയ പരിശീലനം നേടിയ കോവിലക അംഗങ്ങള്‍, ആസൂത്രിതമായ വിധത്തില്‍ അവരുടെ സ്വത്തില്‍ വനസംരക്ഷണവും കാര്‍ഷിക സംരംഭങ്ങളും നടത്തിവന്നു. സുപ്രസിദ്ധമായ നിലമ്പൂര്‍ തേക്കു തോട്ടവും അതില്‍പ്പെടും. ആസൂത്രിതമായ പൈനാപ്പിള്‍ കൃഷിയില്‍ വേണുവേട്ടന്റെ അച്ഛന് ഏര്‍പ്പെട്ടിരുന്നു.
നിലമ്പൂര്‍ പൈനാപ്പിള്‍ രണ്ടാം ലോകയുദ്ധത്തിനുമുന്‍പ് യൂറോപ്പിലെ പ്രിയപ്പെട്ട വസ്തുവായിരുന്നുവത്രേ, ഇന്നത്തെ വാഴക്കുളം ബ്രാന്‍ഡുപോലെ. ആനകളെ പിടിച്ച് പരിശീലിപ്പിക്കുന്ന താവളങ്ങളും അവിടെയുണ്ടായിരുന്ന അവിടന്നു പിടിച്ച്, മാപ്പിള ലഹളയുടെ പീഡാനുഭവങ്ങളില്‍നിന്നു വിമുക്തരായതിനുശേഷം ഗുരുവായൂരപ്പന് നടയ്ക്കിരുത്തപ്പെട്ടതായിരുന്നു ഗജരാജന്‍ ഇതിഹാസനായകനായിരുന്ന സാക്ഷാത് ഗുരുവായൂര്‍ കേശവന്.
ഗോദവര്‍മ്മയുടെ കേസിന്റെ പരിണാമത്തിനും ഒരു സവിശേഷതയുണ്ടായിരുന്നു. വനഭൂമി മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍, കോവിലകത്തെ അംഗങ്ങള്‍ക്ക് മൊത്തമായി 1600ല്‍പ്പരം ഏക്കര്‍ സ്ഥലം അവര്ക്കിഷ്ടമുള്ളിടത്തു വക തിരിച്ചു കൊടുക്കാനും വിധിച്ചിരുന്നു. ആ ഭൂമി ഏറ്റെടുത്ത് എന്തെങ്കിലും പ്രയോജനകരമാംവിധം ചെയ്യാന്‍ കോവിലകത്ത് ആര്‍ക്കും സാധിക്കുമായിരുന്നില്ല. ശ്രീ ഭരതേട്ടന് അതിനുവേണ്ടി കുറേ പരിശ്രമിച്ചിരുന്നു. എന്നാല്‍ മലപ്പുറം ജില്ലയിലെ വനംവിഴുങ്ങികള്‍ ആ സ്ഥലത്തില്‍ നോട്ടമിട്ടു വട്ടം കറങ്ങിത്തുടങ്ങി.
ഒടുവില്‍ അതു സര്‍ക്കാര്‍ ഏറ്റെടുത്ത് റവന്യൂ അധികൃതരോ, കോടതിയോ നിര്‍ണയിക്കുന്ന വില കോവിലകം അംഗങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന നിര്‍ദ്ദേശം വന്നു. കേരളത്തില്‍ ഇടതുഭരണവും തമിഴ്നാട്ടില്‍ ഡിഎംകെ ഭരണവുമായിരുന്നു. ഭരതേട്ടന് തന്നെ അതു സംബന്ധമായി സംഭാഷണം നടത്താന്‍ പ്രമുഖരും പണ്ടേ പരിചിതരുമായ മാര്‍ക്സിസ്റ്റ് നേതാക്കളെയും ഡിഎംകെ നേതാക്കളെയും കണ്ടിരുന്നു. അവര്‍ അതിന് കോടികളാണ് കോഴയായി ആവശ്യപ്പെട്ടത്. ആ ചര്‍ച്ചകള്‍ സമാപിക്കുന്നതിനു മുന്‍പ് ഭരതേട്ടന് കഥാവശേഷനായി. ഒരിക്കല്‍ നിലമ്പൂര്‍നിന്ന് അങ്ങാടിപ്പുറം വരെ നടത്തിയ തീവണ്ടി യാത്രയ്ക്കിടയില്‍ ഭരതേട്ടന് നേരിട്ടു പറഞ്ഞതാണീക്കാര്യങ്ങള്‍.
ചിരസ്മരണീയമായ ഒരു സുപ്രീംകോടതി വിധിയെന്നതിനപ്പുറം പ്രശസ്തമായ ഒരു കുടുംബത്തിന്റെ തോരാക്കണ്ണീര് കൂടി അതില്‍ അടങ്ങുന്നുവെന്നു സൂചിപ്പിക്കുവാനാണിത്രയും എഴുതിയത്.
ഗോദേട്ടനെക്കുറിച്ചുള്ള ചില വ്യക്തിപരമായ സ്മരണകള്‍ കൂടി കുറിക്കാം. കോഴിക്കോട് ജനസംഘ സമ്മേളനം അരനൂറ്റാണ്ട് പിന്നിടുകയാണ്. അതുസംബന്ധിച്ച് അവിടെ വന്‍ ആഘോഷവും നടക്കാന്‍ പോകുന്നു. സമ്മേളനത്തിന്റെ വിജയത്തിന് പ്രവര്‍ത്തിച്ചവരുടെ കൂട്ടത്തില്‍ അദ്ദേഹവും പെടുന്നു. നിലമ്പൂരിലും കോഴിക്കോട്ടും ഇടയ്ക്കിടെ പല ഒത്താശകള്‍ ചെയ്തു. മങ്കട രവിവര്‍മ്മയെ സമ്മേളനത്തിന്റെ ചെറു ഫിലിം തയ്യാറാക്കാന്‍ സമീപിക്കാന്‍ കേസരി രാഘവേട്ടനും ഗോദേട്ടനുമൊത്തായിരുന്നു ഞാന്‍ പോയത്.
അതിനുശേഷം സമ്മേളനത്തിലെ അധ്യക്ഷ ഘോഷയാത്രയില്‍ അദ്ദേഹത്തെ തുറന്ന വാഹനത്തില്‍ എഴുന്നള്ളിക്കുന്ന പ്രശ്നം വന്നു. ഒരു ജീപ്പ് പൊളിച്ചു തയ്യാറാക്കാമെന്നാണ് ആദ്യം നിര്‍ദ്ദേശം വന്നത്. തനിക്ക് തുറന്ന കാര്‍ ഉണ്ടെന്നും അതുപയോഗിക്കാമെന്നും പറഞ്ഞു ഗോദേട്ടന്‍ മുന്‍പോട്ടു വന്നു. കാര്‍ ഓടിക്കാന്‍ ഡ്രൈവര്‍ ആരാവണമെന്ന പ്രശ്നം വന്നു. ദീനദയാല്‍ജിയെയുംകൊണ്ട് എന്റെ കാറില്‍ ഞാന്‍ തന്നെ ഓടിക്കും എന്നായിരുന്നു ഗോദേട്ടന്റെ നിലപാട്. സമ്മേളനഘോഷയാത്രയുടെ മൂന്നുമണിക്കൂര്‍ സമയവും ദീനദയാല്‍ജിക്കു പിടിച്ചു നില്ക്കാന് സംവിധാനമൊരുക്കി ഗോദേട്ടന്‍ കാവിത്തൊപ്പിയുമണിഞ്ഞു സമയത്തു ഹാജരായി.
പുഷ്പമാലകളണിഞ്ഞു തുറന്ന ചിരിയുമായി തൊഴുതു നില്ക്കുന്ന ദീനദയാല്‍ജിയുടെ അന്നത്തെ ചിത്രത്തില്‍ വണ്ടിയോടിക്കുന്ന ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് ഡോ. അനില്‍ കുമാറിന്റെ ലേഖനത്തില്‍ കൊടുത്തിട്ടുള്ള വൃദ്ധനല്ല, യുവത്വം തുളുമ്പിയ ഊര്‍ജസ്വലനായിരുന്നു.
പിന്നീട് ഞങ്ങള്‍ ഇടയ്ക്കിടെ കണ്ടുമുട്ടി പരിചയം പുതുക്കാറുണ്ടായിരുന്നു.
ഓളവും തീരവും എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മങ്കട രവിവര്‍മ്മ നിലമ്പൂരില്‍ വന്നപ്പോള്‍ അതിനെക്കുറിച്ചും ഭരതേട്ടനും ഞങ്ങളെല്ലാം ഒരുമിച്ച് സംഭാഷണം നടത്തി. വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ മകന് കണ്ണിന്റെ ചികിത്സക്കായി അങ്കമാലിയിലെ ലിറ്റില്‍ ഫ്ളവര്‍ ആസ്പത്രിയില്‍ പോകേണ്ടിവന്നു. ചിരകാല സുഹൃത്ത് ഡോ.ടോണി ഫര്‍ണാണ്ടസ് അവിടെയുള്ളതായിരുന്നു നിമിത്തം. അവരെ കാണാന്‍ ഞാന്‍ ആസ്പത്രിയില്‍ പോയി. കുറേസമയം കുശലപ്രശ്നങ്ങള്‍ കഴിഞ്ഞ് ഡോക്ടറേയും പരിചയപ്പെട്ടു.
അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം എന്റെ കണ്ണും പരിശോധിച്ചു പുതിയ കണ്ണട നിര്‍ദ്ദേശിച്ചു. മാത്രമല്ല, ഏതാനും മണിക്കൂറുകള്‍ക്കകം അവിടെനിന്നു തന്നെ പുതിയ കണ്ണട തയ്യാറാക്കിത്തരികയും ചെയ്തു.
ജന്മഭൂമിയുടെ ഓഹരികള്‍ക്കായി നിലമ്പൂരില്‍ പോയപ്പോള്‍ ആദ്യം വല്യുണ്ണി തിരുമുല്‍പ്പാടിനെ കണ്ടിട്ടുവരൂ എന്നുപറഞ്ഞയയ്ക്കുകയും മടങ്ങിയപ്പോള്‍ തന്റെ ഫോറം പൂരിപ്പിച്ചു തരികയും ചെയ്തു.
അദ്ദേഹത്തിന്റെ നിര്യാണ വൃത്താന്തം അറിഞ്ഞപ്പോള്‍ അനുസ്മരണം എഴുതണമെന്ന് വിചാരിച്ചുവെങ്കിലും അതു നടന്നില്ല. ഡോ. അനില്‍ കുമാറിന്റെ ലേഖനം വായിച്ചപ്പോള്‍ അതിനിയും വൈകിക്കേണ്ട എന്നു തീരുമാനിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: