കാഞ്ഞിരപ്പള്ളി: നിധികണ്ടെത്തുന്നതിന് വീടിനുള്ളില്‍ കിടങ്ങുകള്‍ നിര്‍മ്മിക്കുകയും ആഭിചാരക്രിയകള്‍ ചെയ്തുവെന്ന കേസിലും വീട്ടുടമയും മകനും സഹായികളുമുള്‍പ്പെടെ 12 പേരെ പോലീസില്‍ അറസ്റ്റു ചെയ്തു. അറസ്റ്റിലായ ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
കാഞ്ഞിരപ്പള്ളി കപ്പാട് പുന്നച്ചുവടിന് സമീപത്ത് പുരാതന ക്രിസ്ത്യന്‍ തറവാടിനുള്ളിലാണ് സംഭവം. അച്ഛനും മകനും മാത്രം താമസിക്കുന്ന വീടിനുള്ളിലാണ് നിധി കണ്ടെത്തുന്നതിനായാണ് കിടങ്ങുകള്‍ തീര്‍ത്തത്. വീടിനുള്ളില്‍ നിധിയുണ്ടെന്നുള്ള സ്വപ്‌നദര്‍ശനത്തെ തുടര്‍ന്നാണ് കിടങ്ങുകള്‍ തീര്‍ത്തതെന്ന് വീട്ടുടമ പറഞ്ഞതായി പോലീസ് പറഞ്ഞു. വര്‍ഷങ്ങളായി വീട് കേന്ദ്രീകരിച്ച് ദുര്‍മന്ത്രവാദം നടക്കുന്നുവെന്നും അന്യസംസ്ഥാനങ്ങില്‍ നിന്നടക്കം ആഭിചാരക്രിയകള്‍ക്കും മറ്റുമായി സ്ത്രീകള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ ഇവിടെ വന്ന് പോന്നുണ്ടെന്നും ആരോപിച്ച് പോലീസിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് വ്യാഴാഴ്‌ച്ച രാത്രി പരിശോധന നടത്തിയത്.
വീടിനുള്ളിലും, പരിസരത്തും ഹിന്ദു ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള പ്രതിഷ്ഠകള്‍ സ്ഥാപിച്ച് പൂജകള്‍ നടത്തി വരുന്നതായും പരിശോധനയില്‍ കണ്ടെത്തി. വീടിന്റെ അടിത്തട്ടില്‍ നിധിയുണ്ടെന്ന് വിശ്വസിച്ച് 15 അടിയോളം താഴ്‌ച്ചയില്‍ കുഴിയെടുത്തു. നിധി കണ്ടെത്തുന്നതിന് കുഴിയെടുത്തുകൊണ്ടിരുന്ന എറണാകുളം, പാലക്കാട്, കണ്ണൂര്‍, മലപ്പുറം, ചാവക്കാട് സ്വദേശികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വി.യു.കുര്യാക്കോസ്, സിഐ മോഹന്‍ലാല്‍, എസ്‌ഐ ഷിന്റോ .പി. കുര്യന്‍, ഷാഡോ പോലീസ് എസ്‌ഐമാരായ പി. വി. വര്‍ഗീസ്, എ. എം. മാത്യു, ഒ. എം. സുലൈമാന്‍, സിവില്‍ പോലീസ് ഓഫിസര്‍മാരായ കെ. എസ്. അഭിലാഷ്, ജോണ്‍സണ്‍, കെ. കെ. വിജയകുമാര്‍, മനോജ് കുമാര്‍, വനിതാ പോലീസ് ഷൈമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
















