കരുനാഗപ്പള്ളി: കഴിഞ്ഞ മാസം അഴീയ്‌ക്കല്‍ വച്ചുണ്ടായ സംഘര്‍ഷത്തില്‍ പ്രജില്‍ എന്ന യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് ആലപ്പാടു പഞ്ചായത്തില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഇടതുപക്ഷവും ഡിവൈഎഫ്‌ഐയും ശ്രമിക്കുന്നതായി ആക്ഷേപം.
ഒരു പെണ്‍കുട്ടിയുമായി പ്രതി അര്‍ജുനനുണ്ടായ അടുപ്പത്തെ തുടര്‍ന്നുള്ള തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് ഓച്ചിറ പോലീസ് സ്‌റ്റേഷനില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുള്ളതും ഓച്ചിറ പോലീസിന്റെ സാന്നിധ്യത്തില്‍ ഇരുവീട്ടുകാരേയും വിളിച്ച് പ്രശ്‌നം രമ്യമായി പരിഹരി ച്ചിട്ടുള്ളതുമാണ്. തുടര്‍ന്നും ഈ വിഷയവുമായി ബന്ധപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്തായ പ്രിജിലിന്റെ നേതൃത്വത്തില്‍ അര്‍ജുന്റെ വീട്ടില്‍ നിരന്തരം ശല്യം ചെയ്യുകയും വീട്ടില്‍ അക്രമം നടത്തുകയും ചെയ്യുകയും അര്‍ജുനനുമായി സംഘര്‍ഷം നടക്കുകയും പ്രിജില്‍ മരണപ്പെടുകയുമായിരുന്നു. ഈ സമയം അവിടെ ഉണ്ടായിരുന്ന അര്‍ജുനന്റെ സുഹൃത്തുക്കള്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ അവരും പ്രതി ചേര്‍ക്കപ്പെട്ടു.
പ്രിജിലിന്റെ കുടുംബം കോണ്‍ഗ്രസ് അനുഭാവികളായതിനാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അന്നേ ദിവസം ആലപ്പാട് പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തി. എന്നാല്‍ ഈ വിഷയങ്ങളുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമില്ലാത്ത ഇടതുപക്ഷവും ഡിവൈഎഫ്‌ഐയും പോസ്റ്ററുകളും പ്രചരണപരിപാടികളും നടത്തി പ്രിജിലിന്റെ മരണത്തിന്റെ ഉത്തരവാദിത്തം സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്ക് ഉണ്ടായ വന്‍മുന്നേറ്റത്തിന്റെ ഭാഗമായി ആലപ്പാട് പഞ്ചായത്തിലും അതിന്റെ പ്രതിഫലനം ഉണ്ടാകുകയും മൂന്ന് ബിജെപി പ്രതിനിധികളെ വിജയിപ്പിക്കുകയും ചില വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്ത് എത്തിച്ചേരുകയും ഉണ്ടായി.
തുടര്‍ന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ വോട്ട് വര്‍ദ്ധിച്ചു. ഇതുമൂലം ഇടതുപക്ഷമുള്‍പ്പെടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ അണികള്‍ ചോരുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ആണ് പോസ്റ്ററുകള്‍ പതിപ്പിച്ചും പ്രസ്താവനകള്‍ പുറപ്പെടുവിച്ചും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെ കള്ളപ്രചരണങ്ങള്‍ നടത്തുന്നത്. വാസ്തവം ഇതായിരിക്കെ കള്ള പ്രചരണം നടത്തി സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുകയും സംഘര്‍ഷം സൃഷ്ടിച്ച് ആലപ്പാട്ട് ഇപ്പോഴുള്ള സമാധാനാന്തരീക്ഷം തകര്‍ക്കുവാനുമുള്ള നീക്കങ്ങള്‍ക്കെതിരെ കരുതി ഇരിക്കണമെന്ന് ബിജെപി ആലപ്പാട് പഞ്ചായത്തു സമിതി ആവശ്യപ്പെട്ടു.
















