പെരിന്തല്‍മണ്ണ: സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്ത വിധം മുസ്ലീം ലീഗ് രാഷ്ട്രീയം കലുഷിതമാകുന്നു. അതിശക്തമായ രണ്ട് ഗ്രൂപ്പുകളുടെ തുറന്ന പോരിന് സാക്ഷിയാവുകയാണ് പെരിന്തല്‍മണ്ണ ഘടകം. മുന്‍ മന്ത്രിയും നിലവിലെ എംഎല്‍എയുമായ മഞ്ഞളാംകുഴി അലിയും നഗരസഭാ മുന്‍ പ്രതിപക്ഷ നേതാവും പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന പച്ചീരി ഫാറൂക്കും തമ്മിലുള്ള രൂക്ഷമായ പോര് മറനീക്കി പുറത്ത് വരികയാണ്. ലീഗ് അണികള്‍ ബഹുഭൂരിപക്ഷവും ഫാറൂക്കിനൊപ്പമാണ്. പക്ഷേ നേതൃത്വം അലിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്.
ചേരിപ്പോരില്‍ അലിയുടെ പക്ഷം പിടിക്കാന്‍ ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയതോടെ പ്രശ്നം യുഡിഎഫിനെയും ബാധിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം പച്ചീരി ഫാറൂക്ക് കഴിഞ്ഞ ദിവസം രാജിവെച്ചു. ഇതോടെ ഏറെ നാളായി തുടര്‍ന്ന രാഷ്ട്രീയ കരുനീക്കങ്ങള്‍ പുതിയ വഴിത്തിരിവിലെത്തി. 11 അംഗ ബാങ്ക് ഭരണ സമിതിയില്‍ ലീഗിന് ആറും കോണ്‍ഗ്രസിന് അഞ്ചും ഡയറക്ടര്‍മാരാണുള്ളത്. ഇതില്‍ കോണ്‍ഗ്രസിലെ നാലുപേരും ലീഗിലെ രണ്ടുപേരും ഫാറൂക്ക് പ്രസിഡന്റായി തുടരുന്നതിനെതിരെ പരസ്യ നിലപാടെടുത്തു. ഇവരുടെ നിസഹകരണം കാരണം ക്വോറം തികയാത്തതിനാല്‍ കഴിഞ്ഞ രണ്ട് തവണയും ഭരണസമിതി യോഗം ചേരാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് രാജി കത്ത് നല്കാന് ഫാറൂക്ക് നിര്‍ബന്ധിതനാകുകയായിരുന്നു. ഈ ഓപ്പറേഷന് വേണ്ടി അണിയറയില്‍ നിന്ന് ചരട് വലിച്ചത് മഞ്ഞളാംകുഴി അലിയാണെന്നാണ് ഫാറൂക്ക് അനുകൂലികള്‍ പറയുന്നത്. ഇത്തരമൊരു നീക്കത്തിന് ഓശാന പാടിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനം ഉയരുന്നുണ്ട് പച്ചീരി ഫാറൂക്കിനെ പുറത്താക്കാന്‍ കൂട്ടു നിന്നതിലൂടെ എന്ത് ലാഭമാണ് തങ്ങള്‍ക്ക് കിട്ടിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്നും ഫാറൂക്ക് അനുകൂലികള്‍ തുറന്നടിക്കുന്നു. അതേസമയം, തന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നടത്തിയ പദ്ധതികളില്‍ അഴിമതിയുണ്ടെന്ന ഇവരുടെ ആരോപണം പുച്ഛിച്ചു തള്ളുന്നതായും ഫാറൂക്ക് ജന്മഭൂമിയോട് പറഞ്ഞു. ആരോപണങ്ങളുണ്ടെങ്കില്‍ രേഖാമൂലം പരാതി നല്‍കുകയാണ് വേണ്ടത്. അല്ലാതെ തെരുവിലല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും ഫാറൂക്ക് തുറന്നടിച്ചു. ബാങ്കിന്റെ മണ്ണാര്‍ക്കാട് റോഡിലുള്ള പഴയ കെട്ടിടം നവീകരിക്കുന്നതിനുള്ള ഫയല്‍ ഒന്നര വര്‍ഷമായി ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലാണ്. കോണ്‍ഗ്രസ് നേതാവ് കൂടിയായ ബാങ്ക് ജീവനക്കാരന്റെ നേതൃത്വത്തിലാണ് തുടര്‍ നടപടികള്‍ക്കെതിരെ നീക്കം നടന്നത്. താന്‍ ചുമതലയേറ്റ ശേഷം ജീവനക്കാര്‍ക്ക് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. തോന്നും പോലെ ജോലിക്കെത്തിയിരുന്ന ഈ ജീവനക്കാരന് ഇതിനെ എതിര്‍ക്കുകയും പനിയുടെ പേര് പറഞ്ഞ് ഒരു വര്‍ഷം അവധിയെടുക്കുകയും ചെയ്തതായി ഫാറൂക്ക് ആരോപിച്ചു. അതേസമയം ലീഗിലെ ഗ്രൂപ്പിസത്തില്‍ മനംമടുത്ത് ഫാറൂക്ക് രാജി വച്ചതോടെ ലീഗ് രാഷ്ട്രീയം പുതിയ വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്.
നാലകത്ത് സൂപ്പിക്ക് ശേഷം പെരിന്തല്‍മണ്ണയിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കേണ്ടതായിരുന്നു പച്ചീരി ഫാറൂക്ക്. എന്നാല്‍ സിപിഎം സഹയാത്രികനായിരുന്ന മഞ്ഞളാംകുഴി അലിയുടെ ലീഗിലേക്കുള്ള രാഷ്ട്രീയ മലക്കം മറിച്ചിലോടെയാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്. പെരിന്തല്‍മണ്ണ മുസ്ലീം ലീഗിലെ തലയെടുപ്പുള്ള നേതാവായ പച്ചീരി ഫാറൂക്കിനെ ഒതുക്കാനുള്ള നീക്കങ്ങളായിരുന്നു പിന്നീട് നടന്നത്. അലിയുടെ എംഎല്‍എ സീറ്റിന് ഫാറൂക്ക് ഭീഷണിയാകുമെന്നും അലി അനുകൂലികള്‍ സംശയിച്ചു. ഇതോടെ എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന പഴഞ്ചൊല്ലാണ് ലീഗില്‍ അരങ്ങേറിയത്.
പെരിന്തല്‍മണ്ണ നഗരസഭയില്‍ നാളിത് വരെയും ഭരണത്തിലേറാന്‍ കഴിയാതിരുന്ന ലീഗിന് വന്‍ മുന്നേറ്റമാണ് 2010 ലെ തെരഞ്ഞെടുപ്പില്‍ പച്ചീരി ഫാറൂക്കിന്റെ നേതൃത്വത്തിലുണ്ടായത്. 17 സീറ്റോടെ എല്‍ഡിഎഫും യുഡിഎഫും തുല്യനില പാലിച്ച ആ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തിലേറിയത് നറുക്കെടുപ്പിന്റെ പിന്‍ബലത്തിലായിരുന്നു. തുടര്‍ന്ന് പച്ചീരി ഫാറൂക്ക് നഗരസഭാ പ്രതിപക്ഷ നേതാവ് ആകുകയും വിമര്‍ശനങ്ങള്‍ക്ക് അപ്പുറമായി പൊതുസമ്മതനാവുകയും ചെയ്തു. അതോടെ ചങ്കിടിപ്പ് കൂടിയ ലീഗിലെ അലി വിഭാഗം 2015ലെ തെരഞ്ഞെടുപ്പില്‍ ഫാറൂക്കിനെയും മുന്നണിയെയും പരാജയപ്പെടുത്താന്‍ ആസൂത്രിതമായി നീങ്ങി. ഇതിന്റെ ഫലമായി നഗരസഭാ പ്രതിപക്ഷ നേതാവായിരുന്ന ഫാറൂക്ക് ഉള്‍പ്പടെയുള്ളവര്‍ പരാജയപ്പെടുകയും ഇടതുപക്ഷം മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും ചെയ്തു. ഇതില്‍ രോഷാകുലരായ ലീഗ് പ്രവര്‍ത്തകര്‍ മുന്‍ മന്ത്രി നാലകത്ത് സൂപ്പിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും സൂപ്പിക്കും അലിക്കും എതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഫാറൂക്കിനെതിരെ ഒരു കാരണം നോക്കിയിരുന്ന എതിരാളികള്‍ക്ക് ഈ പ്രവര്‍ത്തി ധാരാളമായിരുന്നു. ഗുരുതര അച്ചടക്ക ലംഘനമാണെന്ന് ആരോപിച്ച് ഫാറൂക്കിനെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരെയും സംസ്ഥാന ലീഗ് നേതൃത്വം സസ്പെന്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അണികള്‍ തെരിവിലിറങ്ങുകയും മുസ്ലീം ലീഗിന്റെ ചില വാര്‍ഡ് കമ്മറ്റികള്‍ കൂട്ടത്തോടെ രാജിവെയ്ക്കുകയും ഫാറൂക്കിന് അനുകൂലമായി നിലപാട് എടുക്കുകയും ചെയ്തു.
പ്രശ്നം കൈവിട്ട് പോവുകയാണെന്ന് മനസിലാക്കിയ ലീഗ് നേതൃത്വം പച്ചീരി ഫാറൂക്കിനെ എത്രയും വേഗം തിരിച്ചെടുക്കാമെന്ന് ഉറപ്പ് നല്കി. ഇതിന് ശേഷമാണ് അണിള് അടങ്ങിയത്. എന്നാല്‍ പച്ചീരി ഫാറൂക്കിനെ സസ്പെന്റ് ചെയ്തതിലുള്ള പ്രതികാരം നിയമസഭാ തെരഞ്ഞെടുപ്പില്‍ അണികള്‍ വേണ്ടവിധം നടപ്പാക്കി. തോല്‍വിയേക്കാള്‍ നാണംകെട്ട വിജയമാണ് മഞ്ഞളാംകുഴി അലിക്ക് ഇക്കുറി നേടാനായത്. കഴിഞ്ഞ തവണ നേടിയതിന്റെ പത്തിലൊന്ന് ഭൂരിപക്ഷം പോലും കിട്ടിയില്ല. കൂടാതെ ജയിച്ച മന്ത്രിമാരില്‍ തന്നെ നാണംകെട്ട് ജയിച്ച മന്ത്രിയെന്ന ദുഷ്പേരും സ്വന്തമാക്കി. ഇതോടെ രോഷാകുലനായ അലി നടപ്പാക്കിയ പച്ചീരി ഫാറൂക്കിനെതിരെ ആസൂത്രിത നീക്കമാണ് ഇപ്പോള്‍ അദ്ദേഹത്തെ രാജിയില്‍ വരെ എത്തി നില്‍ക്കുന്നത്.
എന്നാല്‍ അടിയുറച്ച മുസ്ലീം ലീഗ് പ്രവര്‍ത്തകനായ താന്‍ അലിക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്ന് ഫാറൂക്ക് പറയുന്നു. പക്ഷേ, ലീഗിലിപ്പോള്‍ നാല് ഗൂപ്പുകള്‍ ഉള്ളതായാണ് പുതിയ സംസാരം. അലി ഫാന്‍സ്, അലി വിരുദ്ധര്‍, ഫാറൂക്ക് അനുകൂലികള്‍ പിന്നെ ഇതിലെങ്ങും ഉള്‍പ്പെടാത്ത നിക്ഷ്പക്ഷരും. ഇനി എന്തെന്ന ചോദ്യത്തിനുത്തരം പ്രവചനാതീതമാണെന്ന് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: