കറുകച്ചാല്‍: കറുകച്ചാല്‍ കവലയില്‍ മല്ലപ്പള്ളി റോഡില്‍ സ്ഥാപിച്ചിരിക്കുന്ന ടെലഫോണ്‍ പില്ലറിന് താങ്ങിനിര്‍ത്തിയിരിക്കുന്നത് മരക്കൊമ്പ്. ഈ പില്ലറില്‍ 200 ഓളം നമ്പരുകളാണുള്ളത്. പില്ലര്‍ സ്ഥാപിച്ച് കോണ്‍ക്രീറ്റ് അടിത്തറയും ബോക്‌സും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന ഭാഗം തുരുമ്പെടുത്തതാണ് അത് തകര്‍ന്ന് വീഴാന്‍ കാരണം. ഇതിനെ നിലനിര്‍ത്താനാണ് മരക്കൊമ്പുകൊണ്ടു താങ്ങിനിര്‍ത്തിയിരിക്കുന്നത്. ആരെങ്കിലും മരക്കൊമ്പ് തട്ടി മാറ്റിയാല്‍ പില്ലര്‍ പിന്നിലേക്ക് മറിയും. മറിയുകയാണെങ്കില്‍ നിരവധി ടെലഫോണ്‍ കണക്ഷനുമായിട്ടുള്ള ബന്ധം വിച്ഛേദിക്കും. പില്ലറില്‍നിന്നും ചെറിയ കേബിളുകള്‍ ഇട്ടാണ് വരിക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്.
നേരത്തെ പില്ലറില്‍ നിന്നും കേബിള്‍ ഇട്ട് പോസ്റ്റില്‍ ഉള്ള ഡിപിയില്‍ കണക്ട് ചെയ്ത് വരിക്കാര്‍ക്ക് ടെലഫോണ്‍ കണക്ഷന്‍ നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ പോസ്റ്റുകള്‍ നീക്കി നേരിട്ട് ഉപഭോക്താക്കള്‍ക്ക് കേബിളിട്ടാണ് കണക്ഷന്‍ നല്‍കിയിരുന്നത്. പല ഭാഗങ്ങളില്‍ നിന്നും വരുന്ന കേബിളുകള്‍ മെയിന്‍ കേബിളില്‍ കണക്ട് ചെയ്യുന്നത് പില്ലറിലാണ്. പില്ലര്‍ പോയാല്‍ കണക്ഷനും പോവും മല്ലപ്പള്ളി റോഡ് ഇരട്ടവരിപ്പാതയായി വികസിച്ചപ്പോള്‍ റോഡിലെ പല കേബിളുകള്‍ക്കും തകരാറുണ്ടായി. മണിമല റോഡിലും വാഴൂര്‍ റോഡിലും കോട്ടയം റോഡിലും വികസനം നടത്തിയപ്പോള്‍ പല കേബിളുകളും തകരാറായി. പലരും ഫോണ്‍ കണക്ഷന്‍ തന്നെ വേണ്ടെന്നുവച്ചു. പല കേബിളുകളും റോഡ് വികസനത്തോടെ ടാറിംഗിനടിയിലായി. കേബിള്‍ നന്നാക്കണമെങ്കില്‍ വീണ്ടും ടാറിംഗ് കുത്തിപൊളിക്കണം.
















