എരിവൂറും മുളക്. അത് കാന്താരി കൂടി ആയാലോ. ഏത് കഠിനഹൃദയനേയും കരയിക്കും. ഇത് കാന്താരിമുളകിന്റെ കഥയാണ്. കാന്താരിയുടെ സ്വയംപര്യാപ്ത ഗ്രാമമാണ് കൊല്ലം ജില്ലയുടെ കിഴക്കൻമേഖലയായ ആര്യങ്കാവ്. ഇവിടെ വിളയുന്ന കാന്താരിയുടെ എരിവും മണവും ആരെയും ആകർഷിക്കും.
സമീപപ്രദേശങ്ങളിലെ കടകളും മാർക്കറ്റുകളും കാന്താരി കീഴടക്കിയിരിക്കുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തി നമ്മുടെ കമ്പോളത്തിൽ കാന്താരി കടന്നുകയറുമെന്ന പേടിയും വേണ്ട. കാരണം സമീപസംസ്ഥാനമായ തമിഴ്‌നാട്ടിൽ വേണ്ടത്ര കാന്താരി ഉത്പാദിപ്പിക്കുന്നില്ല.
മുളക് വർഗത്തിലെ ഏറ്റവും എരിയൻ കാന്താരിക്ക് പ്രത്യേകമായി കൃഷിസ്ഥലം ആവശ്യമില്ല എന്നതും ഉത്പാദന ചെലവ് ഇല്ലെന്നതും കൃഷിയിടങ്ങളിലും പാടത്തും പറമ്പിലും ചെടിച്ചട്ടിയിലും മട്ടുപ്പാവിലുംവരെ കാന്താരി വിളയാൻ കാരണമായി.
റബ്ബറിന്റെയും തെങ്ങിന്റെയും മറ്റ് കാർഷിക ഉത്പനങ്ങളുടെയും ഇടവിളയായി ഇതിനെ നട്ടുവളർത്താമെന്നത് പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഇവിടുത്തുകാർ. സമൃദ്ധമായ തോതിലാണ് ഇവിടെ കാന്താരി വിളയുന്നത്. കുടുംബശ്രീകളുടെയും അയൽക്കൂട്ടങ്ങളുടെയും നേതൃത്വത്തിൽ അച്ചാർ ബിസിനസിലും മറ്റും അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് കാന്താരി.
നാരങ്ങ, പാവയ്‌ക്ക, മാങ്ങ അച്ചാറുകൾക്ക് കാന്താരിയാണ് അഭികാമ്യമെന്നും അയൽക്കൂട്ടം പ്രവർത്തകയായ മിനി അശോക് പറയുന്നു. പുരയിടങ്ങളിലും മറ്റു കാർഷികവിളകൾക്കും പ്രാണിശല്യം ഏൽക്കാതിരിക്കാൻ പണ്ടുള്ളവർ കാന്താരി നട്ടുപിടിപ്പിക്കുമായിരുന്നു. കാന്താരി മുളകിന്റെ എരിവേറിയ വാസനമൂലം വിളകൾ തിന്നുനശിപ്പിക്കാൻ കീടങ്ങളും പ്രാണികളും എത്തില്ലെന്നതാണ് കാരണം. എന്നാൽ റബ്ബറും മറ്റു നാണ്യവിളകളും സമൃദ്ധമായതോടെ കാണാതിരുന്ന കാന്താരി ഇന്ന് കൃഷിയിടങ്ങളിൽ വ്യാപകമായി.
നഗരജീവിതങ്ങളിൽ ഇന്നും കാന്താരിക്ക് അധികം കടന്നുകയറാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ കാന്താരിക്ക് പ്രിയം കൂടിവരികയാണ്. തീൻമേശയിൽ കറികൾ ഇല്ലെങ്കിൽ തേങ്ങയും ഉള്ളിയും കാന്താരിയുമുണ്ടെങ്കിൽ കറിയുണ്ടാക്കാൻ വീട്ടമ്മമാർക്ക് നിഷ്പ്രയാസം സാധിക്കും. ഫാസ്റ്റ്ഫുഡ് സംസ്‌കാരത്തിലും പഴയ കഞ്ഞിയും കപ്പയുമൊക്കെ ഉപയോഗിക്കുന്നവർ കാന്താരിയെ ആരാധനയോടെയാണ് കാണുന്നത്.
വിശപ്പ് വർദ്ധിപ്പിക്കുവാനും കൊഴുപ്പ് കുറയ്‌ക്കുവാനും കൊളസ്‌ട്രോൾ നിയന്ത്രണത്തിനും കാന്താരി ഉപയോഗിക്കുന്നു. വാതം, വായുദോഷം, പൊണ്ണത്തടി, പല്ലുവേദന എന്നിവയ്‌ക്കും കാന്താരി ഉത്തമമാണ്. കിഴക്കൻമേഖലയിൽ വെള്ളകാന്തിരി, പച്ചകാന്തരി, നീലക്കാന്തരി, ഉണ്ടക്കാന്താരി എന്നിവയാണ് ഇനങ്ങൾ. പച്ചക്കാന്താരിയ്‌ക്കാണ് എരിവ് ഏറെ. കാന്താരിക്ക് കിലോയ്‌ക്ക് മുന്നൂറു മുതൽ നാന്നൂറ് വരെയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: