ഭഗവാൻ കൃഷ്ണൻ നിത്യേന നാലാം യാമത്തിൽ കോഴികൂവുമ്പോൾ ഉണരും. കൈകാലുകൾ കഴുകിയശേഷം തന്നിൽ അന്തർഗതമായിരിക്കുന്ന ജ്യോതിസ്വരൂപേണ വിളങ്ങുന്ന ബ്രഹ്മതത്ത്വത്തെ ധ്യാനിക്കും. ശുദ്ധജലസ്‌നാനം, വിധിപോലെ സന്ധ്യാവന്ദനം, ഉദിച്ചുയരുന്ന സൂര്യന് അർഘ്യം നൽകും. തന്റെ കലകളായ ദേവന്മാരെ പഞ്ചയജ്ഞങ്ങളായിക്കണ്ട് ആരാധിക്കും. ഹോമം ദേവന്മാർക്കും തർപ്പണം പിതൃക്കകൾക്കും, വേദ പാരായണം ഋഷികൾക്കും, അതിഥിസൽക്കാരം മനുഷ്യർക്കും, മൃഗങ്ങള്‍ക്കും പക്ഷികൾക്കും ആഹാരം നൽകുക തുടങ്ങി ഭൂതങ്ങളേയും ആരാധിക്കലാണ് പഞ്ചയജ്ഞം. കൊമ്പ് സ്വർണ്ണത്താലും, കുളമ്പ് വെള്ളിയാലും, അലങ്കരിച്ചുള്ള ആയിരം പശുക്കളേയും ബ്രാഹ്മണർക്ക് ദാനംചെയ്യും. പശു, ദേവന്മാർ, വൃദ്ധർ, ബ്രാഹ്മണർ, ഗുരുക്കന്മാർ ഇവരെ നമസ്‌കരിച്ച് വന്ദിക്കും. അതിനുശേഷം മംഗളദ്രവ്യങ്ങളെ സ്പർശിക്കും.
പിന്നെ തന്റെ സുന്ദരമായ മേനിയിൽ അതിമനോഹരമായിട്ടുള്ള ഉടയാടകൾ ഭഗവാൻ അണിയും. മംഗളത്തിനായി നെയ്യ്, കണ്ണാടി, പശുക്കൾ, ബ്രാഹ്മണർ, ദേവപ്രതിമകൾ ഇവയെദർശിക്കും. അതുകഴിഞ്ഞാൽ പരിചാരകരുടേയും, സകല പ്രജകളുടേയും ആഗ്രഹത്തെ സാധിപ്പിക്കും. ബ്രാഹ്മണർക്ക് വിശേഷ ദ്രവ്യത്തെ ദാനംചെയ്യും. വിശേഷാൽ വന്നവർക്കെല്ലാം ഭക്ഷണം നൽകിയശേഷം ഭഗവാൻ ഭക്ഷണംകഴിക്കും. ഇവയെല്ലാംകഴിഞ്ഞ് ദാരുകനെവരുത്തി തേരുതയ്യാറാക്കും. സുധർമ്മ എന്ന സഭയിലെത്തി രാജ്യകാര്യം അന്വേഷിക്കും. ഈ സഭയിൽ വിശപ്പ്, ദാഹം, ശോകം, മോഹം, ജര, മൃത്യു എന്നിവ ബാധിക്കില്ല. തുടർന്ന് ആസഭയിൽ നൃത്തം, സംഗീതം, ആദിയായ കലകൾ വിശേഷപ്പെട്ട കലാകാരന്മാർ വന്ന് അവതരിപ്പിക്കും. അങ്ങിനെ ഭഗവാന്റെ ദിനചര്യയെ ഭാഗവതം പറയുന്നു.
















