മധുവിന്റെ പുത്രനായ ലവണാസുരനെക്കൊന്ന് ശത്രുഘ്നൻ മധുവനത്തെ മധുരാപട്ടണമാക്കിത്തീർത്തു. കുശനും ലവനും 12 വയസ്സ് പ്രായമായി. വാൽമീകി മഹർഷി അവരെ സകലവിധ ശാസ്ത്രങ്ങളും ആയുധവിദ്യയും രാമായണ കാവ്യവും പഠിപ്പിച്ചു. ആ രണ്ടുകുട്ടികളേയും വൽമീകി മഹർഷിയെ ഏൽപ്പിച്ച് ശ്രീരാമ പാദസ്മരണയോടെ സീത ഭൂമിപിളർന്ന് അന്തർദ്ധാനംചെയ്തു. സീതയുടെ ഗുണങ്ങളെ വീണ്ടും വീണ്ടും ഓർമ്മിച്ചിരുന്ന രാമന് ദേവിയുടെ അന്തർദ്ധാനവിവരം കേട്ടപ്പോൾ കണ്ണീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
സ്ത്രീ പുരുഷന്മാർതമ്മിലുള്ളസ്നേഹം എപ്പോഴും ദുഃഖകരമാണ്. ഈശ്വരാവതാരമായ രാമന്റെപോലും അവസ്ഥ ഇതാണെങ്കിൽ വെറും സാധാരണക്കാരന്റെ സ്ഥിതി എന്തായിരിക്കും എന്ന ഊഹിക്കാമല്ലോ? പീന്നീട് ബാക്കിയുള്ള ആയുഷ്ക്കാലം മുഴുവൻ 12945 സംവത്സരക്കാലം മുടങ്ങാതെ അഗ്നിഹോത്രംചെയ്തുകൊണ്ടും ബ്രഹ്മചര്യം പാലിച്ചുകൊണ്ടും രാമൻ ജീവിച്ചു.
ദണ്ഡകാരണ്യത്തിലെ കല്ലും മുള്ളും തറച്ച് മുറിയപ്പെട്ട പാദാരവിന്ദങ്ങളെ ധ്യാനിക്കുന്നവരുടെ ഹൃദയകമലങ്ങളിൽ പ്രതിഷ്ഠിച്ചുകൊണ്ട് സ്വന്തം ശരീരം ഉപേക്ഷിച്ച് രാമൻ തന്റെ പരരമാർത്ഥ ജ്യോതി സ്വരൂപത്തെ പ്രാപിക്കുകയുംചെയ്തു.
















