മത്സരപ്പരീക്ഷകള്‍ക്ക് അങ്ങനെയൊരു ഗുണമുണ്ട്. അത് പരീക്ഷയ്ക്കു വേണ്ടിയെങ്കിലും പഠിക്കാന്‍ പ്രചോദിപ്പിക്കും; അതിലൂടെ വായിക്കാനും. കാരണം മത്സരത്തില്‍ തോല്‍ക്കാനാര്‍ക്കും മനസ്സില്ലല്ലോ. അതുകൊണ്ടുകൂടിയാകണം രാമായണവും ഭാരതവുമൊക്കെ വായിക്കാന്‍ കുട്ടികളില്‍ ചിലരെയെങ്കിലും പ്രേരിപ്പിക്കുന്നത്. അപ്പോഴും ഗുളികരൂപത്തില്‍ കിട്ടിയാല്‍ കൂടുതല്‍ പഥ്യമെന്നാണ് ശീലം.
ഇന്നത്തെ കുട്ടികളില്‍ പുരാണത്തെയും ഇതിഹാസത്തെയും കുറിച്ചുള്ള അറിവ് ക്വിസ് പരുവത്തിലാണ്. ചോദ്യവും ഉത്തരവുമാണ് അവര്‍ക്കറിയുന്ന രീതി. വായനയുടെ ഒരുപക്ഷേ അവസാനത്തെ രൂപഘടന.
കുട്ടികളെ വായിപ്പിക്കുക അത്ര എളുപ്പമല്ല. ഒരുപക്ഷേ, ബാലസാഹിത്യമെഴുത്താണ് ഏറെ ക്ലേശകരം. മുതിര്‍ന്നവര്‍ കുട്ടികള്‍ക്കു വേണ്ടി എഴുതുമ്പോള്‍ അത് അസാധാരണമായ ഒരു സര്ഗക്രിയതന്നെയാണ്. നല്ല ബാലസാഹിത്യത്തിന്റെ അഭാവമേറെയുണ്ട്. അതുകൊണ്ടുകൂടിയാണല്ലോ കുട്ടികളിലെ വായനാശീലം കുറയുന്നതും. ബാലസാഹിത്യത്തിന്റെ മിടുക്ക്, അത് ആബാലവൃദ്ധത്തിന്റേതാകും എന്നതുകൂടിയാണ്.
ഭഗവദ്ഗീത പഠിയ്ക്കുക എളുപ്പമല്ല, രാമായണം പോലെയോ ഭാരതം പോലെയോ കേട്ടിരിക്കാനും ഓര്‍ത്തിരിക്കാനും. പക്ഷേ, പറയേണ്ടതുപോലെ പറഞ്ഞാല്‍ ഗീതയറിയാനുള്ള കൗതുകമേറും. ഗീതയുടെ ഗഹനമായ തത്ത്വദര്ശനോപദേശത്തിന്റെ വിശ്വരൂപത്തിലേക്കുള്ള പ്രവേശന വാതില്‍ തുറന്നുകൊടുക്കുന്ന മാര്ഗ്ഗപുസ്തകമാണ് പി.ഐ. ശങ്കരനാരായണന്റെ ഗീത പഠിക്കാം കൂട്ടുകാരെ. മുത്തച്ഛനും കൊച്ചുമിടുക്കരും ചേര്‍ന്നുള്ള സംഭാഷണത്തിലൂടെ ഭഗവദ്ഗീതയുടെ സാരം ഗ്രഹിപ്പിക്കുന്നതാണ് പുസ്തകത്തിന്റെ ഘടന. ഭഗവദ്ഗീത അറിയാനും പഠിക്കാനും മനസ്സിലാക്കാനുമുള്ള പല സമ്പ്രദായങ്ങളില്‍ തികച്ചും വേറിട്ടൊരു രീതിയാണീ പുസ്തകം സ്വീകരിച്ചിരിക്കുന്നത്. 31 അദ്ധ്യായത്തില്‍ അഷ്ടാദശാദ്ധ്യായിയുടെ അന്തസ്സത്ത അനന്യമായി പറഞ്ഞിരിക്കുന്നു, ലാളിത്യത്തോടെ.
ഗീത പഠിക്കാം കുട്ടികളെ…
വില: 140 രൂപ
നവമന ബാലവികാസ കേന്ദ്രം
കൊച്ചി: 9388414034
രാമായണത്തിലെ ഗാന്ധി
രാമായണമാസം കടന്നു പോകാറായി. രാമായണം ആധാരമാക്കി പത്തോളം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള പി.ഐ. ശങ്കരനാരായണന്റെ രാമായണത്തിലൂടെ എന്ന കൃതി. കവി ശങ്കരനാരായണന്റെ എഴുത്തുഭാഷയിലെ വളച്ചുകെട്ടില്ലായ്മതന്നെയാണ് അദ്ദേഹത്തിന് അനുവാചകരെ ഉണ്ടാക്കുന്നതിലെ ഒരു ഘടകം. ഗഹനമായ കാര്യങ്ങള്‍ കുട്ടികള്‍ക്കും ഉള്ക്കൊളാനാകണമെന്ന നിര്‍ബന്ധം.
എന്നാല്‍, രാമായണ കഥാ സന്ദര്‍ഭങ്ങള്‍ വെറുതേ പറഞ്ഞുപോകലല്ല, ഒപ്പം എഴുത്തുകാരന് എന്ന നിലയിലുള്ള സാമൂഹ്യ ധര്‍മ്മം പാലിക്കാന്‍ അദേഹം ശ്രദ്ധിയ്ക്കാറുണ്ട്. അതുകൊണ്ടാണല്ലോ ശ്രീരാമന്റെ യുക്തി നിര്ബന്ധങ്ങളെക്കുറിച്ചു വിവരിക്കുമ്പോള്‍ നാസ്തികനായ ജാബാലിയെന്ന മുനിയെപ്പറ്റി പറയുന്നത്.
ജാബാലിയോട് രാമന് പറയുന്ന, സത്യമാണ് ദൈവം, സത്യത്തെ ആഗ്രഹിക്കുന്നതാണ് ധര്‍മ്മം, എല്ലാറ്റിന്റേയും വേര് ധര്‍മ്മത്തിലാണ് എന്ന വാക്കുകള്‍ വ്യാഖ്യാനിക്കുമ്പോള്‍ അതില്‍ ഗാന്ധിചിന്തയിലും ധര്‍മ്മത്തിലും കൊണ്ടെത്തിക്കുന്നത്. ”രാമരാജ്യം വരണേ” എന്നായിരുന്നു ഗാന്ധിജിയുടെ പ്രാര്‍ത്ഥനകളിലൊന്ന്. അതിന്റെ പൊരുള്‍ മറ്റൊന്നുമല്ല, സത്യരാജ്യം വരേണമേ എന്നുതന്നെയാണ്.
സത്യത്തിന്റെ കൂടെ എപ്പോഴും ധര്മ്മമുണ്ടാകുമെന്നുറപ്പാണ്,” ശങ്കരനാരായണന്റെ ഈ വ്യാഖ്യാന രീതി തികച്ചും ലക്ഷ്യവേധിയാണ്, രാമബാണം പോലെ, ഇതും നിഷ്ഫലമാകാത്തതാണ്. പായസക്കുട്ടികളേ ഈ കഥ കേള്‍ക്കൂ എന്ന് രാമായണം പറഞ്ഞ ലാളിത്യത്തിന്റെ ഈ തുടര്‍ച്ചയ്ക്ക് ആ കുട്ടികളുടെ വളര്ച്ചയ്ക്കൊപ്പമുള്ള ചേരുവകളെല്ലാമുണ്ട്.
രാമായണത്തിലൂടെ
വില: 100 രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക: