കല്‍പ്പറ്റ : വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിനെ പരിസ്ഥിതി ദുര്‍ബലപ്രദേശമായി പ്രഖ്യപിക്കണമെന്ന് വെങ്ങപ്പള്ളിപീപ്പിള്സ് അലയന്‍സ് ആവശ്യ പ്പെട്ടു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് കോടഞ്ചേരിക്കുന്നിലെ വയനാട് ഗ്രാനൈറ്റ് കരിങ്കല്‍ ക്വാറിയും മെറ്റല്‍ ക്രഷറും ഉടന്‍ അടച്ചുപൂട്ടണമെന്ന് ക്വാറി വിരുദ്ധ സമിതി ഭാരവാഹികളും വെങ്ങപ്പള്ളി പീപ്പിള്‍സ് അലയന്‍സും സംയുക്തമായി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിക്ക് അനുകൂലമായ സമീപനമാണ് പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും സ്വീകരിക്കുന്നത്. ക്വാറി പ്രവര്‍ത്തനം നിറുത്തിവെക്കാനാവശ്യമായ നടപടികള്‍ സ്വകരിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഭരണ സമിതി നേതാക്കളെ ചൂലുകൊണ്ടടിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി.
ക്രഷര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ രണ്ട് മാസം മുമ്പാണ് ക്വാറിയുടെ പ്രവര്‍ത്തനം തുടങ്ങിയത്. അന്നു മുതല്‍ ഭീതിയോടെയാണ് കഴിയുന്നത്. പുലര്‍ച്ചെ അഞ്ച് മണി മുതല്‍ അര്‍ദ്ധരാത്രി വരെ തുടരുന്ന പാറപൊട്ടിക്കല്‍ മൂലം പ്രദേശത്തെ നൂറുകണക്കിനാളുകളുടെ വീടുകള്‍ തകര്‍ന്നു. സമീപത്തെ അതിപുരാതനമായ മഹാവിഷ്ണു മഹാദേവ ക്ഷേത്രത്തിന്റെ നിലനില്‍പ്പും ഭീഷണിയിലാണ്. എട്ട്, ഒമ്പത്, 10, വാര്‍ഡുകളിലെ 500ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ക്ഷേത്രക്കുളവും നാശത്തിന്റെ വക്കിലാണ്. കുളത്തിലെ ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നിരിക്കുന്നു. പരിസ്ഥിതി വകുപ്പിന്റെയും മറ്റു ഡിപ്പാര്‍ട്ടുമെന്റുകളുടെയും അനുമതിയില്ലാതെയാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ലെന്ന് മൈനിംഗ് ആന്‍ഡ് ജിയോളജി ഉദ്യോഗസ്ഥരും പറയുന്നു.
നൂറുകണക്കിനാളുകളുടെ ജീവനും, വീടുകള്‍ക്കും ഭീഷണിയായ ക്വാറിയുടെ പ്രവര്‍ത്തനം നിറുത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ജില്ലാ കലക്ടര്‍, പോലീസ് സുപ്രണ്ട്, എ.ഡി.എം, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ പി. അഷ്റഫ്, കെ. മുസ്തഫ, കെ. സരോജിനിയമ്മ, അബ്ദുള്‍ മജീദ്, കൃഷ്ണന്, രാമചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: